കെയ്റോ: ഗാസയിലെ യുദ്ധം പൂർണമായും അവസാനിപ്പിക്കാനായി ഈജിപ്തിൽ നടന്ന അന്താരാഷ്ട്ര ഉച്ചകോടിയിൽ ഗാസാ സമാധാന കരാർ ഒപ്പുവെച്ചു. ഇതോടെ രണ്ടു വർഷ നീണ്ട ഗാസയിലെ യുദ്ധത്തിന് വിരാമമായി. യുഎസ്, ഈജിപ്ത്, തുർക്കി, ഖത്തർ എന്നീ രാജ്യങ്ങളാണ് കരാറിൽ ഒപ്പുവെച്ചത്. ഇസ്രായേലും ഹമാസും കരാറിൽ ഒപ്പുവെച്ചിട്ടില്ല.
ഈജിപ്തിലെ ഷർമ് അൽ ഷേഖിൽ നടന്ന ഉച്ചകോടിയിൽ ഇരുപതിലധികം രാഷ്ട്ര തലവൻമാരാണ് പങ്കെടുക്കുന്നത്. ഗാസ സമാധാന കരാറിൻറെ രണ്ടാം ഘട്ടം സംബന്ധിച്ച ചർച്ചകളും ഉച്ചകോടിയിൽനടക്കും. ഹമാസിൻറെ നിരായുധീകരണം, ഇസ്രായേൽസൈന്യത്തിൻറെ പൂർണ പിന്മാറ്റം തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ച നടക്കുക.
ഉച്ചകോടിയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പങ്കെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും നേരത്തെ ഈജിപ്തിലെത്തുമെന്നറിയിച്ച നെതന്യാഹു പിന്നീട് പിന്മാറുകയായിരുന്നു.
ഗാസയിലെ സമാധാനത്തിനായി 20 ഇന സമാധാന പദ്ധതിയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ചത്. ഇത് ഇസ്രയേലും ഹമാസും അംഗീകരിക്കുകയായിരുന്നു. ബന്ദിമോചനം, വെടിനിർത്തൽ, പ്രാദേശിക സുരക്ഷയുടെ സ്ഥിരത തുടങ്ങിയ കാര്യങ്ങൾ പ്രതിപാദിക്കുന്നതാണ് കരാർ.
കരാർ അംഗീകരിച്ചതിന് പിന്നാലെ ഹമാസ് തടവിൽ ജീവനോടെ ഉണ്ടായിരുന്ന മുഴുവൻ ബന്ദികളും ഇസ്രയേലിൽ തിരിച്ചെത്തി. 20 പേരെയാണ് ഇന്ന് ഹമാസ് കൈമാറിയത്. ഇസ്രയേൽ തടവറയിൽ കഴിഞ്ഞിരുന്ന പലസ്തീൻ ബന്ദികളുടെ കൈമാറ്റവും തുടരുകയാണ്. ഇസ്രയേൽ ആക്രമണങ്ങളെ തുടർന്ന് ഗാസയിൽ നിന്നും പലായനം ചെയ്ത ആയിരങ്ങൾ സ്വന്തം മണ്ണിലേക്ക് മടങ്ങിയെത്തി.