കോട്ടയം : ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സമവായ നീക്കവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ചങ്ങനാശേരി ആർച്ച് ബിഷപ്പുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കൂടിക്കാഴ്ച നടത്തി. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് തറയിലുമായി ചർച്ച നടത്തി. ഭിന്നശേഷി നിയമനത്തിൽ ക്രെെസ്തവ മാനേജ്മെന്റിന്റെ ആശങ്ക പരിഹരിക്കുമെന്ന് ചർച്ചയ്ക്ക് ശേഷം മന്ത്രി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മന്ത്രി ശിവൻകുട്ടിയും കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണിയും ബിഷപ്പിനെ കാണാനെത്തിയത്. കൂടിക്കാഴ്ച അര മണിക്കൂർ നീണ്ടു. സഭയുടെ ആശങ്ക പരിഹരിക്കുന്നതിനുള്ള ഇടപെടൽ സർക്കാരിന്റ ഭാഗത്ത് നിന്നുമുണ്ടാകുമെന്ന് കൂടിക്കാഴ്ചയിൽ മന്ത്രി ഉറപ്പ് നൽകി. വിഷയം പരിഹരിക്കാൻ സർക്കാർ ഇടപെടൽ ആരംഭിച്ചിട്ടുണ്ടെന്നും അറിയിച്ചു.
സൗഹൃദപരമായിരുന്നു കൂടിക്കാഴ്ചയെന്നും, ഈ മാസം 13-ന് നടക്കുന്ന ചർച്ചയിലൂടെ ഈ വിഷയത്തിന് പരിഹാരമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പ്രശ്നപരിഹാരമുണ്ടാകുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായി ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലും പ്രതികരിച്ചു. എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് ക്രൈസ്തവ മാനേജ്മെന്റുകൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വിഷയത്തിൽ സഭയും വിദ്യാഭ്യാസ മന്ത്രിയും തമ്മിൽ വലിയ വാദപ്രതിവാദങ്ങളും നടന്നിരുന്നു.