തിരുവനന്തപുരം: സംസ്ഥാനം കടമെടുത്ത് കടമടച്ച് കടം കയറി തകരുന്ന നിലയിലേക്കാണു പോകുന്നതെന്ന സിഎജി റിപ്പോർട്ടിലെ മുന്നറിയിപ്പ് ആശങ്കാജനകമാണെന്ന് സാമ്പത്തിക വിദഗ്ധർ. 2023-24 വർഷത്തെ റിപ്പോർട്ടിലാണ് ബജറ്റിനു പുറത്തുള്ള കടമെടുപ്പിനെക്കുറിച്ചും കടമെടുത്ത ഫണ്ടുകളുടെ വിനിയോഗം സംബന്ധിച്ചും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നത്.
കടമെടുക്കുന്ന ഫണ്ട് മൂലധന സൃഷ്ടിക്കും വികസന പ്രവർത്തനങ്ങൾക്കും ധനസഹായം നൽകുന്നതിനും വേണ്ടി മാതൃകാപരമായി ഉപയോഗിക്കണമെന്നിരിക്കെ സംസ്ഥാന സർക്കാർ കടമെടുത്ത ഫണ്ടുകൾ സാധാരണ ചെലവുകൾക്കും ബാക്കി നിൽക്കുന്ന
വായ്പകളുടെ പലിശ അടയ്ക്കുന്നതിനും ഉപയോഗിക്കുന്ന പ്രവണത ആരോഗ്യകരമായ രീതി അല്ലെന്നാണ് സിഎജി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
2023-24ൽ സംസ്ഥാനം ആകെ കടമെടുത്ത 2,61,358.70 കോടിയിൽ 2,31,187.92 കോടി രൂപയും (88.45 ശതമാനം) ഉപയോഗിച്ചിരിക്കുന്നത് മുൻകാല വായ്പകളുടെ തിരിച്ചടവിനു വേണ്ടിയാണ്. മൂലധനച്ചെലവിനായി ഉപയോഗിച്ചിരിക്കുന്നത് വെറും 5.18 ശതമാനമാണ് (13,536.94 കോടി രൂപ). റവന്യൂ ചെലവുകൾക്കായി 14,072.92 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.
2019-20 മുതൽ 2023-24 വരെ സർക്കാർ കടമെടുക്കുന്ന തുകയുടെ 83 മുതൽ 88 ശതമാനം വരെ മുൻ വായ്പകളുടെ തിരിച്ചടവിനായി
വിനിയോഗിക്കുകയാണെന്നും സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ കാലയളവിൽ മൂലധനച്ചെലവ് 5-6 ശതമാനം മാത്രമാണ്. ഒന്നരലക്ഷം കോടിയോളം രൂപയുടെ പൊതുകടമാണ് സംസ്ഥാനം അടുത്ത 10 വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കേണ്ടത്. അതിൽ തന്നെ 99,082.42 കോടി അഞ്ചു വർഷത്തിനുള്ളിൽ അടയ്ക്കേണ്ടതാണെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനവും (ജിഎസ്ഡിപി) കടവും തമ്മിലുള്ള താരതമ്യവും ആശങ്കപ്പെടുത്തുന്നതാണ്. 2023- 24ൽ ഇത് 37.84 ശതമാനമാണ്. അനുപാതം സാമ്പത്തിക ലക്ഷ്യമായ 33.70 ശതമാനത്തേക്കാൾ അധികമാണെന്നും അത് സംസ്ഥാനം കടുത്ത കടക്കെണിയിലാണെന്നതിന്റെ സൂചനയാണെന്നുമാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. റവന്യൂ ചെലവ് 2023-24ൽ കടുത്ത കടക്കെണിയിലാണെന്നതിന്റെ സൂചനയാണെന്നുമാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.
റവന്യൂ ചെലവ് 2023-2400ൽ 1,42,826.34 കോടി രൂപയായി വർധിച്ചുവെന്നും അഞ്ചു വർഷത്തിനുള്ളിൽ 35.20 ശതമാനം വർധനവാണ് ഉണ്ടായതെന്നും സിഎജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കടമെടുക്കുന്ന പണത്തിന്റെ വിനിയോഗത്തിലെ പ്രശ്നങ്ങൾക്കൊപ്പം ഓഫ് ബജറ്റ് കടമെടുപ്പുകളുടെ കാര്യത്തിലും സിഎജി മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 2023-24 വർഷാന്ത്യ നീക്കയിരിപ്പ് അനുസരിച്ച് 32,942.14 കോടി രൂപയാണ് കിഫ്ബി, കെഎസ്എസ്പിഎല്ലും വഴി ബജറ്റിനു പുറത്തു എടുത്തിരിക്കുന്ന കടം. കിഫ്ബി വഴി എടുത്ത വായ്പയിൽ തിരിച്ചടയ്ക്കാനുള്ളത് 20,041.52 കോടി രൂപയും കെഎസ്എസ്പിഎല്ലിന്റെ വായ്പ 12,900.62 കോടിയുമാണ്.
കിഫ്ബി നടത്തുന്ന കടമെടുപ്പുകൾ കിഫ്ബിയുടെ ബാധ്യതകളാണെന്നും ഓഫ് ബജറ്റ് കടമെടുപ്പ് അല്ലെന്നുമുള്ള സർക്കാർ വാദം അംഗീകരിക്കാൻ കഴിയില്ലെന്ന് സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ലാത്തതിനാലും സർക്കാർ എല്ലാ വർഷവും സ്വന്തം വരുമാനം ബജറ്റിലൂടെ കൈമാറി കിഫ്ബിയുടെ കടബാധ്യതകൾ തീർത്തുന്നതിനാലും സർക്കാർ വാദം സ്വീകാര്യമല്ലെന്നാണ് സിഎജി വ്യക്തമാക്കുന്നത്.
കെഎസ്എസ്പിഎല്ലിന്റെ വായ്പകളിലും സിഎജി നിലപാട് സമാനമാണ്. കടം മേടിച്ചാണ് ദൈനംദിന ചെലവുകൾ ഉൾപ്പെടെ നടത്തുന്നതെന്നും ഇത് ആശങ്കപ്പെടുത്തുന്നതാണെന്നും സാമ്പത്തിക വിദഗ്ധനായ ബി.എ. പ്രകാശ പറഞ്ഞു. 2023-24ൽ റവന്യൂകമ്മി 11,000 കോടി രൂപയും ധനകമ്മി 34,000 കോടി രൂപയുമാണ്. ഓഫ് ബജറ്റ് കടമെടുപ്പ് 32,942 കോടി രൂപ കൂടി ആകുമ്പോൾ സാധാരണ ഗതിയിൽ എടുക്കാവുന്ന കടത്തേക്കാൾ ഏറെ കൂടുതലാണ്.
ശമ്പളവും പെൻഷനും കൊടുക്കാനല്ലാതെ ഒന്നിനും പണമില്ലാത്ത നിലയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തികനില ഏറ്റവും മോശമായ നിലയിലാണുള്ളത്. അതു മറികടക്കണമെങ്കിൽ ശക്തമായ നടപടികൾ വേണ്ടിവരും. എന്നാൽ ഒരു സർക്കാരും അതിനുള്ള നിലപാട് സ്വീകരിക്കാൻ ധൈര്യപ്പെടാത്ത സാഹചര്യത്തിൽ ഒരു തരത്തിലും രക്ഷപ്പെടാൻ കഴിയാത്ത കടക്കെണിയിലേക്കു സംസ്ഥാനം വീഴുമെന്നും ബി.എ.പ്രകാശ് പറഞ്ഞു.