കൊച്ചി:ഉത്തരാഖണ്ഡിൽ നടന്നഅൻപതാമത് ദേശീയ സബ് ജൂനിയർ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ കേരള പെൺകുട്ടികളുടെ ടീമിൽ വരാപ്പുഴ അതിരൂപത പിഴല സെൻ്റ് ഫ്രാൻസിസ് സേവ്യർ ഇടവകാംഗമായ ബ്രിസ്ന ബിജുവും പങ്കാളിയായി. എറണാകുളം സെൻ്റ് തെരേസാസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് ബ്രിസ്ന.
ഒൿടോബർ നാലു മുതൽ 11 വരെയായിരുന്നു ദേശീയ ബാസ്ക്കറ്റ് ബോൾ ടൂർണ്ണമെൻ്റ്. ബ്രിസ്നയെ കൂടാതെ ദിയ രാധാകൃഷ്ണനും എറണാകുളം സെൻ്റ് തെരേസാസ് ഗേൾസ് സ്കൂളിനെ പ്രതിനിധീകരിച്ച് ടീമിൽ ഉണ്ട്.മൂന്നാം സ്ഥാന പോരാട്ടത്തിൽ കേരളം 44 – 31ന് കർണാടകയെ യാണ് പരാജയപ്പെടുത്തിയത്.
സെമിയിൽ തമിഴ്നാടിനോട് പരാജയപ്പെട്ടതോടെയാണ് കേരളം വെങ്കല മെഡൽ പോരാട്ടത്തിലേക്ക് നീങ്ങിയത്. മുൻപ് എറണാകുളം ജില്ലാ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച സബ് ജൂനിയർ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ വളരെ മികച്ച പ്രകടനമാണ് ബ്രിസ്ന ബിജു നടത്തിയത്.
വെങ്കല മെഡൽ നേട്ടത്തിൽ പിഴലയിലെ ഇടവകജനങ്ങളും എറണാകുളം സെൻ്റ് തെരേസാസ് കോൺവെൻ്റ് ഗേൾസ് എച്ച് എസ് എസ് ഹെഡ്മിസ്ട്രസും മറ്റ് അധ്യാപകരും കൂട്ടുകാരും ബ്രിസ്നയെ അഭിനന്ദനങ്ങള്‍ അറിയിച്ചു.കെസിവൈഎം വരാപ്പുഴ അതിരൂപത മുൻ പ്രസിഡൻ്റ് ബിജു പുതുശ്ശേരിയുടെയും രശ്മിയുടെയും മകളാണ് ബ്രിസ്ന.