വത്തിക്കാൻ : ഗാസ മുനമ്പിലെ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനും, ഇസ്രായേലി ബന്ദികളെ ഉടൻ മോചിപ്പിക്കുന്നതിനും പലസ്തീൻ തടവുകാരെ ഉടൻ വിട്ടുകൊടുക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന കരാറിന്റെ പ്രഖ്യാപനത്തെ ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റ് സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നുവെന്നു അറിയിച്ചുകൊണ്ട്, പാത്രിയാർക്കീസ് കർദിനാൾ പിയേർബത്തിസ്ത്ത പിറ്റ്സബല്ല പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചു. ഈ ഭീകരമായ യുദ്ധത്തിന്റെ അവസാനത്തിന്റെ തുടക്കം കുറിക്കുന്നതിന് ഈ കരാർ സഹായിക്കുമെന്ന് കരുതുന്നതായും, ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു.
ഗാസയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് അടിയന്തര മാനുഷിക സഹായവും നിരുപാധികമായ സഹായവും നൽകേണ്ടതിന്റെ പരമമായ അടിയന്തിരത പത്രക്കുറിപ്പിലൂടെ ഒരിക്കൽകൂടി എടുത്തു പറഞ്ഞു. ഈ നടപടി പലസ്തീനികൾക്കും ഇസ്രായേലികൾക്കും ഇടയിൽ അനുരഞ്ജനത്തിന്റെ പാത തുറക്കട്ടെയെന്നു പ്രാർത്ഥിക്കുന്നതായും പത്രക്കുറിപ്പിൽ അറിയിച്ചു.
“ഇതൊരു സന്തോഷവാർത്തയാണ്, ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്. ഇതൊരു ആദ്യപടിയാണ്, ആദ്യ ഘട്ടമാണ്. സ്വാഭാവികമായും, മറ്റ് തടസ്സങ്ങളും തീർച്ചയായും ഉയർന്നുവരും. എന്നാൽ ഇപ്പോൾ നമ്മൾ ഈ പ്രധാനപ്പെട്ട ഘട്ടത്തിൽ സന്തോഷിക്കണം, ഇത് ഭാവിയിൽ കുറച്ചുകൂടി ആത്മവിശ്വാസവും പുതിയ പ്രതീക്ഷയും നൽകും”, കർദിനാൾ പറഞ്ഞു.
ഗാസയ്ക്കുള്ളിലെ ജീവിതം വളരെക്കാലം ഭയാനകമായി തുടരുകയാണെങ്കിൽപ്പോലും, ചർച്ചകൾ തുടരുന്നതിന് ഒരു പുതിയ അന്തരീക്ഷവും തീർച്ചയായും ഉണ്ടാകുമെന്നും കർദിനാൾ കൂട്ടിച്ചേർത്തു. യുദ്ധത്തിനുശേഷം ഗാസ നഗരത്തെ എങ്ങനെ പുനർനിർമ്മിക്കാം എന്നതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങാമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഈ ദുർഘടമായ സമയത്ത്, ഒക്ടോബർ 11-ന് ലിയോ പതിനാലാമൻ പാപ്പാ പ്രഖ്യാപിച്ച സമാധാനത്തിനായുള്ള പ്രാർത്ഥനാ ദിനത്തിൽ പങ്കുചേരാൻ പാത്രിയാർക്കേറ്റ് എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.