സഭയില്‍ പ്രതിപക്ഷ പ്രതിഷേധം
കൊച്ചി: സ്വര്‍ണപ്പാളി ചെമ്പുപാളിയായി മാറിയ വിവാദത്തില്‍ എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. എഡിജിപി എച്ച് വെങ്കിടേഷിനാണ് അന്വേഷണ ചുമതല. എഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് ഗുരുതര കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി .വാകത്താനം സിഐ അനീഷ് ജോയ്, കൈപ്പമംഗലം സിഐ ബിജു രാധാകൃഷ്ണന്, കൊച്ചി സൈബര്‍ പൊലീസ് സി ഐ സുനില്‍ കുമാര്‍, പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ എസ് ശശിധരന് എന്നിവരാണ് സംഘത്തില്‍. യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
അതേസമയം സ്വര്‍ണപ്പാളി വിഷയത്തില്‍ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായി. പ്രതിപക്ഷ നേതാവ് വി ഡി സതീശന് വിഷയം അവതരിപ്പിച്ചെങ്കിലും അതവഗണിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ചോദ്യോത്തര വേളയിലേക്ക് കടന്നു. എന്നാല്‍ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചു. ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ പ്രസംഗം തടസപ്പെട്ടതോടെ ഭരണപക്ഷ എംഎല്‍എമാര്‍ എഴുന്നേറ്റു. ഇതോടെ ഭരണ പ്രതിപക്ഷ ബഹളമായി.