കൊച്ചി: പാലിയേക്കര ടോള്‍ പിരിവില്‍ ദേശീയ പാത അതോറിറ്റിക്ക് തുടർച്ചയായ തിരിച്ചടി. ടോള്‍ പിരിവ് നിരോധനം ഹൈക്കോടതി വീണ്ടും നീട്ടി. കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച വരെയാണ് നിലവില്‍ നീട്ടിയിരിക്കുന്നത്.
ദേശീയപാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഭാഗങ്ങളില്‍ രൂക്ഷമായ ഗതാഗതക്കുരുക്കും സുരക്ഷാ പ്രശ്നങ്ങളുമുണ്ടെന്ന ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത് . ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോന് എന്നിവരുടെ ബെഞ്ചാണ് ടോള്‍ പിരിവ് നിരോധനം നീട്ടിയത്. ഇക്കാര്യത്തിലും ഒപ്പം ടോള്‍ നിരക്ക് കൂട്ടിയ നടപടിയിലും എന്തു നടപടി സ്വീകരിക്കുമെന്ന് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ദേശീയ പാതയില്‍ അടുത്തിടെയുണ്ടായ അപകടം അശ്രദ്ധ മൂലമോ ഉറങ്ങിപ്പോയതു കൊണ്ടോ ആവാം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. ആദ്യ ഘട്ടം ജനുവരിയിലും അടുത്തത് മാര്‍ച്ചിലും മൂന്നാം ഘട്ടം ജൂണിലും പൂര്‍ത്തിയാകും. ഈ സാഹചര്യത്തില്‍ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കുന്നതിന് കാരണമില്ല. അതിനാല്‍ മുന്‍ ഉത്തരവ് മാറ്റണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. എന്നാല്‍ കരാറുകാരുടെ കാര്യത്തില്‍ മാത്രമേ ദേശീയപാത അതോറിറ്റിക്ക് ഉത്കണ്ഠയുള്ളോ എന്നായിരുന്നു കോടതിയുടെ ചോദ്യം.