പുനെ :ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ ചാരിതാര്‍ത്ഥ്യവുമായി ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് അധ്യക്ഷതപദവി ഒഴിഞ്ഞു.
2016 മുതല്‍ 2019 വരെ വൈസ് പ്രസിഡന്റും, തുടര്‍ന്ന് 2019 മുതല്‍ 2025 വരെ തുടര്‍ച്ചയായി രണ്ടുതവണ പ്രസിഡന്റുമായിരുന്നു അദ്ദേഹം. എതിരില്ലാതെയായിരുന്നു ആ മൂന്നു തിരഞ്ഞെടുപ്പുകളും. അത്തരത്തില്‍ അംഗീകാരം ലഭിച്ച ഏക അല്മായന് എന്ന ഖ്യാതിയോടെയാണ് പടിയിറക്കം. മാറ്റു തെളിയിച്ച സീനിയര്‍ മാധ്യമപ്രവര്‍ത്തകനും രാജ്യാന്തര പ്രശസ്തനായ മാധ്യമ പരിശീലകനുമായ പ്രൊഫ. ഇഗ്നേഷ്യസ് ഗൊണ്സല്വസിനെപ്പോലൊരു അല്മായന് തലപ്പത്ത് വന്നത് സംഘടനയുടെ അന്തസ്സും ആധികാരികതയും സ്വീകാര്യതയും വര്‍ധിപ്പിച്ചുവെന്ന് മാധ്യമങ്ങള്‍ക്കായുള്ള സിബിസിഐ കാര്യാലയത്തിന്റെ അധ്യക്ഷനും ബെല്ലാരി രൂപതയുടെ ആര്‍ച്ച്ബിഷപ്പുമായ ഡോ. ഹെന്റി ഡിസൂസ പറഞ്ഞു. ഭാരതത്തിലെ സഭയുടെ
പേരില്‍ അദ്ദേഹം ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസിനു നന്ദി പറഞ്ഞു.
ഇന്ത്യന്‍ കറന്റ്സ് മുന്‍ എഡിറ്ററും കപ്പൂച്ചിന്‍ സഭാംഗവുമായ ഡോ. സുരേഷ് മാത്യുവാണ് പുതിയ പ്രസിഡന്റ്. മറ്റ് ഭാരവാഹികള്‍ ഫാ. ജോ എറുപ്പക്കാട്ട് (വൈസ് പ്രസിഡന്റ്) സിസ്റ്റര്‍ ടെസ്സി ജേക്കബ് (സെക്രട്ടറി) രഞ്ജിത്ത് ലീന്‍(ജോ. സെക്രട്ടറി) ഡോ. സജിത്ത് സിറിയക്ക് എസ്എസ്പി (ട്രഷറര്‍). നിര്‍വാഹക സമിതി അംഗങ്ങള്‍: രാജേഷ് ക്രിസ്റ്റ്യന്‍ (അഹമ്മദാബാദ്), ഫാ. ആന്റണി പങ്ക്റാസ് (ചെന്നൈ), ഫാ. ഗൗരവ് നായര്‍ (ഡല്‍ഹി), ഡോ. എസ്. രാജശേഖരന് (ചെന്നൈ).
പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിലും അതോടൊപ്പം ‘അച്ചടി മാധ്യമങ്ങളുടെ പ്രസക്തിയും അതിജീവനവും’ എന്ന വിഷയത്തില്‍ നടത്തിയ നാഷണല്‍ കണ്‍വന്‍ഷനിലും അമരാവതി രൂപതാധ്യക്ഷന്‍ ബിഷവ് ഡോ. മാല്‍ക്കം സെക്വീര മുഖ്യാതിഥിയായിരുന്നു.
റഷേല്‍ ബ്രട്നി ഫെര്‍ണാണ്ടസ്, സിസ്റ്റര്‍ ലിസമി സിഎംസി, ഫാ. കെറൂബിം ടിര്‍ക്കെ, ഫാ. ആന്റണി ചാരങ്ങാട്ട് എന്നിവര്‍ വിവിധ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. അംഗങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷം ഗ്രന്ഥരചന നടത്തിവരെയും ആദരിച്ചു. മാര്‍ഷല്‍ ഫ്രാങ്ക് (കൊല്ലം) ബേബിച്ചന് എര്‍ത്തയില്‍ (കാഞ്ഞിരപ്പള്ളി) ഡോ. സജിത്ത് സിറിയക്ക് (മുംബൈ) ഫാ. ജോ. എറുപ്പക്കാട്ട് (പൂനെ) ഇരുദയ ജ്യോതി എസ്ജെ എന്നിവരാണ് ആദരിക്കപ്പെട്ടത്. കണ്‍വെന്‍ഷനോടനുബന്ധിച്ച് വിഷയ ഗ്രന്ഥത്തിന്റെപ്രകാശനവും നടന്നു.
രാജ്യത്തെ നാലോ അഞ്ചോ മേഖലകളായി തിരിച്ച് പരിശീലന പരിപാടികള്‍ നടത്താനും തീരുമാനിച്ചു.