ഇറ്റലി : യുദ്ധങ്ങളും, പീഡനങ്ങളും കാരണവും, മാനവികാവകാശങ്ങൾ ഇല്ലാതാക്കപ്പെടുന്നതിനാലും, അതികഠിന ദാരിദ്ര്യത്താലും പട്ടിണിയാലും, മാനവികപ്രതിസന്ധികളാലുമാണ് നിരവധിയാളുകൾ സ്വരാജ്യങ്ങൾ ഉപേക്ഷിച്ച് കുടിയേറാൻ നിർബന്ധിതരാകുന്നത് .
കുടിയേറ്റശ്രമങ്ങളുടെ ഭാഗമായുള്ള യാത്രയിൽ മുപ്പത്തിരണ്ടായിരത്തിയെഴുന്നൂറിലധികം പേർ കഴിഞ്ഞ പത്തുവർഷങ്ങളിൽ മെഡിറ്ററേനിയൻ കടലിൽ മരണമടയുകയോ കാണാതാകപ്പെടുകയോ ചെയ്തതെന്ന് സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന. 2025-ൽ മാത്രം ആയിരത്തിയിരുന്നൂറോളം പേരാണ് ഈ കണക്കിൽപ്പെട്ടിരിക്കുന്നതെന്നും ഒക്ടോബർ ഒന്നാം തീയതി പുറത്തുവിട്ട ഒരു പത്രക്കുറിപ്പിൽ സംഘടന എഴുതി. ഇങ്ങനെ മരണമടയുകയും കാണാതാവുകയും ചെയ്തവരിൽ നിരവധി കുട്ടികളുമുണ്ടായിരുന്നുവെന്ന് സംഘടന വ്യക്തമാക്കി .
2025-ൽ മാത്രം അൻപതിനായിരത്തിൽപ്പരം ആളുകൾ അഭയാർത്ഥികളും കുടിയേറ്റക്കാരുമായി ഇറ്റലിയിലേക്കെത്തിയിട്ടുണ്ടെന്ന് എഴുതിയ സേവ് ദി ചിൽഡ്രൻ, ഇവരിൽ 9,156 പേർ മാതാപിതാക്കളുടെയോ മുതിർന്നവരുടെയോ ഒപ്പമല്ലാതെയെത്തിയ പ്രായപൂർത്തിയാകാത്ത കുട്ടികളായിരുന്നു.
2025-ൽ മുതിർന്നവർ കൂടെയില്ലാത്ത ഒൻപതിനായിരത്തിലധികം പ്രായപൂർത്തിയാകാത്ത കുട്ടികൾ കടൽ കടന്നെത്തിയെന്നും, മൊത്തം കുടിയേറ്റക്കാരുടെ പതിനെട്ട് ശതമാനവും കുട്ടികളാണെന്നും, കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന അന്താരാഷ്ട്രസംഘടന വിശദീകരിച്ചു.
നമ്മുടെ മനഃസാക്ഷിയുണർത്തേണ്ട ഈ കണക്കുകളുടെ മുന്നിൽ, കടലിൽപ്പെടുന്ന ആളുകളെ തിരയുന്നതിനും രക്ഷിക്കുന്നതിനും വേണ്ട സൗകര്യങ്ങൾ ഒരുക്കണമെന്നും, യൂറോപ്പിലേക്ക് സുരക്ഷിതമായി പ്രവേശിക്കുന്നതിനുവേണ്ട മാർഗ്ഗങ്ങൾ ലഭ്യമാക്കണമെന്നും സേവ് ദി ചിൽഡ്രൻ ഓർമ്മിപ്പിച്ചു.