വത്തിക്കാൻ: ഗാസായിൽ സഹനങ്ങളിലും ദുരിതങ്ങളിലൂടെയും കടന്നുപോകുന്ന സാധാരണ ജനത്തിനും, അവിടെയുള്ള പ്രാദേശികസഭയ്ക്കും തങ്ങളുടെ സാമീപ്യവും സഹായവുമറിയിച്ച് ഇറ്റലിയിലെ കത്തോലിക്കാസഭ. തങ്ങളുടെ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും അതോടൊപ്പം വിശുദ്ധനാട്ടിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളോടുള്ള സഹാനുഭൂതിയുടെയും അടയാളമായി ജറുസലേമിലെ ലത്തീൻ പാത്രിയർക്കേറ്റിന്റെ കൂടി സഹകരണത്തോടെ ഗാസായിൽ പുതിയൊരു ആശുപത്രി തുറക്കാൻ തങ്ങൾ പദ്ധതിയിടുകയാണെന്ന്, ഇറ്റലിയിലെ മെത്രാൻസമിതിയുടെ സെക്രെട്ടറി ജനറലും കാല്യരി മെത്രാപ്പോലീത്തയുമായ ആർച്ച്ബിഷപ് ജ്യുസേപ്പേ ബത്തൂരി (H.G. Msgr. Giuseppe Baturi).
സെപ്റ്റംബർ 27 മുതൽ 30 വരെ തീയതികളിൽ വിശുദ്ധ നാട്ടിലേക്ക് നടത്തിയ ഒരു സന്ദർശനത്തിന്റെ അവസരത്തിലാണ് ആർച്ച്ബിഷപ് ബത്തൂരി ഇക്കാര്യം അറിയിച്ചത്.ജറുസലേമിലെ ലത്തീൻ പാത്രിയർക്കീസ് കർദ്ദിനാൾ പിയർ ബാത്തിസ്ത്ത പിസ്സബാല്ല നയിക്കുന്ന വിശുദ്ധ നാട്ടിലെ സഭയോടുള്ള ഇറ്റലിയിലെ സഭയുടെ സാഹോദര്യവും ഐക്യദാർഢ്യവും അറിയിക്കുന്നതിതിനുവേണ്ടിക്കൂടിയാണ് താൻ ഈ യാത്ര നടത്തിയതെന്ന് ആർച്ച്ബിഷപ് ബത്തൂരി വ്യക്തമാക്കി.
എന്നാൽ അതിനൊപ്പം മെച്ചപ്പെട്ട ഒരു ലോകത്തെക്കുറിച്ചുള്ള പ്രത്യാശയും, മനുഷ്യാന്തസ്സിനെ ചവിട്ടിമെതിക്കുന്ന അന്യായമായ അതിക്രമങ്ങളിലുള്ള തങ്ങളുടെ പ്രതിഷേധവും അറിയിക്കുന്നതിനുവേണ്ടിക്കൂടിയാണ് ഈ യാത്രയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെ ഗോറീസിയയിൽ നടന്ന വിവിധ രാജ്യങ്ങളിൽനിന്നുള്ള കത്തോലിക്കപ്രതിനിധിസംഘത്തിന്റെ പ്രാർത്ഥനാസമ്മേളനത്തെ പരാമർശിച്ചുകൊണ്ട്, അന്യായമായ ആക്രമണങ്ങൾ ഇല്ലാതാകട്ടെയെന്നും, ബന്ദികൾ വിട്ടയക്കപ്പെടട്ടെയെന്നും, നമുക്ക് അംഗീകരിക്കാനോ മനസ്സിലാക്കാനോ സാധിക്കാത്ത വിധത്തിൽ ശിക്ഷിക്കപ്പെടുന്ന ഒരു ജനതയ്ക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിക്കട്ടെയെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വിശ്വാസവും, ഇത്തരം അക്രമങ്ങളെക്കുറിച്ചുള്ള അപലപനവും, പ്രത്യാശയും വ്യക്തവും സമൂർത്തവുമായ സഹായസഹകരണം ആവശ്യപ്പെടുന്നതിനാലാണ് ഗാസായിൽ ഒരു ആശുപത്രി തുറക്കാൻ തങ്ങൾ പദ്ധതിയിടുന്നതെന്ന് ഇറ്റലിയിലെ കത്തോലിക്കാസഭയെ പ്രതിനിധീകരിച്ച് ആർച്ച്ബിഷപ് ബത്തൂരി പ്രസ്താവിച്ചു.
കുടുംബങ്ങൾക്ക് പിന്തുണയും സഹായങ്ങളും നൽകാനും, ഭക്ഷണസാധനങ്ങൾ ആവശ്യപ്പെട്ട ഇടവകകകളിൽ അതും എത്തിക്കാനും, യുവജനങ്ങൾക്കായി വിദ്യാഭ്യാസ, താമസസൗകര്യമൊരുക്കാനും, അതുവഴി ഭാവിയിലേക്കും മനഃസാക്ഷിയുടെ രൂപീകരണത്തിലേക്കും സഹായകരമാകുന്ന വിധത്തിലുള്ള സമാധാനത്തിന്റെ ശക്തി ഉയർത്തിക്കൊണ്ടുവരുവാനുമാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
തങ്ങൾ അനുഭവിക്കുന്ന ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും ഈ സമയത്ത് ഇറ്റലിയിലെ സഭയുടെ പ്രതിനിധി എന്ന നിലയിൽക്കൂടി ആർച്ച്ബിഷപ് ബത്തൂരി തങ്ങളെ സന്ദർശിച്ചതിൽ ജറുസലേമിലെ ലത്തീൻ പാത്രിയർക്കീസ് കർദ്ദിനാൾ പിയർ ബാത്തിസ്ത്ത പിസ്സബാല്ല (Card. Pierbattista Pizzaballa) പ്രത്യേകം നന്ദി രേഖപ്പെടുത്തി.
ഇറ്റലിയിലെ മെത്രാൻസമിതിയുടെ പ്രതിനിധികൾക്ക് വിശുദ്ധനാട്ടിലേക്ക് തീർത്ഥാടനം നടത്താനുള്ള സാധ്യതകളെക്കുറിച്ച് പഠിക്കാൻ കൂടിയായിരുന്നു ആർച്ച്ബിഷപ് ബത്തൂരി എത്തിയത്. ഇത്തരം തീർത്ഥാടനങ്ങൾ, സ്ഥലസന്ദർശനങ്ങൾക്കുള്ള അവസരം മാത്രമല്ല, പ്രദേശത്തുള്ള ജനതകളോടുള്ള ബന്ധം ആഴപ്പെടുത്തുന്നതിന്റെ കൂടി ഭാഗമാണെന്ന് കർദ്ദിനാൾ പിസ്സബാല്ല വിശദീകരിച്ചു.