ഹാനോയ്: വിയറ്റ്നാമിൽ ബുവലോയിലുണ്ടായ ചുഴലിക്കാറ്റിൽ വിവിധ അപകടങ്ങളിൽലായി 19പേർ മരിച്ചു. 21 പേരെ കാണാതായി.
തിങ്കളാഴ്ചയാണ് ബുവലോയ് ചുഴലിക്കാറ്റ് കരതൊട്ടത്. എട്ടുമീറ്ററോളം ഉയരത്തിൽ തിരമാലകൾ രൂപപ്പെട്ടുവെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിലും മഴയിലും നിരവധി വീടുകൾ തകർന്നു.
വിവിധയിടങ്ങളിൽ വൈദ്യുതിബന്ധം തകരാറിലാവുകയും കനത്തമഴയിൽ പല റോഡുകളും വെള്ളക്കെട്ടിലാവുകയും ചെയ്തു . 245 വീടുകളാണ് തകർന്നത്. 1,400 ഹെക്ടർ വരുന്ന നെൽക്കൃഷിയും മറ്റ് കാർഷികവിളകളും നശിച്ചുവെന്ന് ദുരന്തനിവാരണ ഏജൻസിയുടെ റിപ്പോർട്ടിലുണ്ട് .
ചുഴലിക്കാറ്റ് കരതൊടുന്നതിന് മുൻപ് വിയറ്റ്നാമീസ് ഗവൺമെന്റ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ഭാഗമായി 28,500 ആളുകളെ വിവിധപ്രദേശങ്ങളിൽനിന്നായി ഒഴിപ്പിച്ചു.
വിമാനസർവീസുകളെയും ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട് . ചുഴലിക്കാറ്റ് കരതൊടുന്നതിന്റെ ഭാഗമായി ശനിയാഴ്ച മുതൽ വിയറ്റ്നാമിൽ കനത്തമഴ പെയ്തിരുന്നു. പ്രളയസാധ്യതയും മണ്ണിടിച്ചിൽ സാധ്യതയും പരിഗണിച്ചാണ് ഗവൺമെൻറ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചത്.