ശ്രീനഗർ: കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലഡാക്കിലെ പ്രശ്നപരിഹാരത്തിനായി നടത്തിയ ചർച്ച വഴിമുട്ടി. മേഖലയിൽ സമാധാനം തിരിച്ചുവരാതെ ചർച്ചയ്ക്കില്ലെന്നാണ് അപക്സ് ബോഡിയുടെ നിലപാട്. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകിയിട്ടുണ്ട് . പ്രതിഷേധക്കാർ ദേശവിരുദ്ധരാണെന്ന പരാമർശം പിൻവലിക്കണമെന്നാണ് അപക്സ് ബോഡിയുടെ പ്രധാന ആവശ്യം.
ചർച്ച ഒക്ടോബർ ആറിലേക്ക് മാറ്റി. കാർഗിൽ ഡെമോക്രാറ്റിക് അലയൻസിന്റെയും ലേ അപക്സ് ബോഡിയുടെയും പ്രതിനിധികളെയാണ് കേന്ദ്രസർക്കാർ ചർച്ചയ്ക്ക് വിളിച്ചിരുന്നത്. പിന്നാക്ക സംവരണ പരിധി ഉയർത്തൽ, സർക്കാർ ജോലികളിൽ തസ്തിക വർധിപ്പിക്കൽ തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി ലഡാക്ക് ജനതയെ കൂടെ നിർത്താനാണ് ഇപ്പോൾ കേന്ദ്രസർക്കാരിന്റെ നീക്കം.
സെപ്റ്റംബർ ഇരുപത്തിനാലിനാണ് ലഡാക്കിന് സ്വതന്ത്ര പദവി നൽകണമെന്ന് ആവശ്യപ്പെട്ട് നടന്ന സമാധാനപരമായ പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിൽ നാലുപേർ കൊല്ലപ്പെടുകയും അമ്പതിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു . സംഘർഷവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് ഉൾപ്പെടെ അമ്പതിലേറേ പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
സോനം വാങ്ചുക്കിന്റെ എൻജിഒ ആയ സ്റ്റുഡന്റ് എഡ്യുക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്മെന്റ് ഓഫ് ലഡാക്കിന്റെ (സെക്മോൾ) വിദേശ സംഭാവന സ്വീകരിക്കാനുളള എഫ്സിആർഎ ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. അതിനുപിന്നാലെ സെപ്റ്റംബർ 26-നാണ് സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തത്. വാങ്ചുക്കിന്റെ പ്രകോപനപരമായ പ്രസംഗമാണ് കലാപത്തിന് വഴിവെച്ചതെന്നാണ് ആഭ്യന്തര മന്ത്രാലയം സ്ഥാപിച്ചത് .
സംഭവത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ലഡാക്ക് ജനത ബിജെപിയുടെയും ആർഎസ്എസിന്റെയും ആക്രമണത്തിനിരയായി എന്നാണ് രാഹുൽ ആരോപിച്ചത്.
‘ലഡാക്കിന്റെ വിസ്മയിപ്പിക്കുന്ന ജനതയും സംസ്കാരവും പാരമ്പര്യവും ബിജെപിയുടെയും ആർഎസ്എസിന്റെയും ആക്രമണത്തിന് ഇരയാവുകയാണ്. ലഡാക്കിലെ ജനങ്ങൾ സംസ്ഥാന പദവി ആവശ്യപ്പെട്ടു. നാല് യുവാക്കളെ വധിക്കുകയും സോനം വാങ്ചുക്കിനെ ജയിലിലടയ്ക്കുകയും ചെയ്തുകൊണ്ടാണ് ബിജെപി പ്രതികരിച്ചത്’- രാഹുൽ ഗാന്ധി പറഞ്ഞു. കൊല ചെയ്യുന്നത് നിർത്തണമെന്നും അക്രമങ്ങളും ഭീഷണികളും അവസാനിപ്പിക്കണമെന്നും ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു.
സോനം വാങ്ചുക്കിനെ ജോധ്പൂർ സെൻട്രൽ ജയിലിലാണ് നിലവിൽ പാർപ്പിച്ചിട്ടുള്ളത് . ദേശസുരക്ഷാ നിയമപ്രകാരമുളള കുറ്റങ്ങളാണ് ചാങ്ചുക്കിനെതിരെ ചുമത്തിയിരിക്കുന്നത്.