ചെന്നൈ: വിജയ്യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സുഗുണ എന്ന 65 വയസ്സുകാരി മരിച്ചതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 28-ന് വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്.
പരിപാടിയിൽ പങ്കെടുക്കാൻ ആറ് മണിക്കൂർ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. അവിടെ കാത്തുനിന്നവർക്ക് വിജയ് വെള്ളക്കുപ്പികൾ എറിഞ്ഞുകൊടുക്കാൻ ശ്രമിച്ചിരുന്നു. ഇത് പിടിക്കാൻ ആളുകൾ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്.
തുടർന്ന് ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു. ഇവരെ ഉടൻ തന്നെ കരൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും സമീപത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെ നാൽപത് പേരുടെ മരണം സ്ഥിരീകരിച്ചു. ഇതിൽ പത്ത് കുട്ടികളും പതിനാറ് സ്ത്രീകളും 12 പുരുഷന്മാരും പൊലീസുകാരും ഉണ്ട് . മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപയും വിജയ് ധനസഹായം പ്രഖ്യാപിച്ചിരുന്നു.
അതേസമയം, കരൂർ ദുരന്തത്തിൽ ടിവികെ ഹൈക്കോടതിയെ സമീപിച്ചു. മദ്രാസ് ഹൈക്കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ടിവികെ അപ്പീൽ നൽകി. സിസിടിവിയും രേഖകളും സംരക്ഷിക്കണമെന്നും ടിവികെ ആവശ്യപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതി ഹർജി പരിണിക്കും. ടിവികെ നേതാക്കൾക്ക് സുരക്ഷയൊരുക്കാൻ സർക്കാർ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.