കരൂർ (തമിഴ്നാട്): ഒരു രാഷ്ട്രീയ പാർട്ടി സംഘടിപ്പിച്ച പരിപാടിയിൽ ഇത്രയധികം ആളുകൾ കൊല്ലപ്പെട്ട സംഭവം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു . തമിഴ്നാട്ടിലെ കരൂരിൽ തമിഴഗ വെട്രി കഴകം പ്രസിഡൻ്റും നടനുമായ വിജയുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ച സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
”ഞാൻ ഇവിടെ അഗാധമായ ദുഖത്തോടെയാണ് നിൽക്കുന്നത്.വിവരം ലഭിച്ചയുടനെ, മുൻ മന്ത്രി സെന്തിൽ ബാലാജിയെ വിളിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. ആശുപത്രിയിൽ പോകാൻ നിർദേശിച്ചു. മരണസംഖ്യയെക്കുറിച്ചുള്ള വാർത്ത കേട്ടപ്പോൾ, സമീപത്തുള്ള മന്ത്രിമാരോട് കരൂരിലേക്ക് പോകാൻ നിർദേശം നൽകി.
ഇതുവരെ 39 പേർ മരിച്ചു. സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ഇതുവരെ ഒരു രാഷ്ട്രീയ പാർട്ടി സംഘടിപ്പിച്ച പരിപാടിയിൽ ഇത്രയധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടില്ല, ഭാവിയിൽ ഒരിക്കലും ഇത്തരമൊരു ദുരന്തം സംഭവിക്കരുത്. നിലവിൽ 51 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ജീവൻ നഷ്ടപ്പെട്ടവർക്ക് ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു അന്വേഷണ കമ്മിഷൻ രൂപീകരിക്കാൻ ഉത്തരവിട്ടിട്ടുണ്ട്” – സ്റ്റാലിൻ വ്യക്തമാക്കി.
അതേസമയം സംഭവത്തിന് പിന്നിലെ സത്യം വെളിപ്പെട്ടുകഴിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്നും അന്വേഷണ കമ്മിഷനിലൂടെ സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.