കൊച്ചി : ഹോളിസ്റ്റിക് ഡവലപ്മെന്റ്റ് ഓഫ് കൊച്ചി – എന്ന വിഷയത്തിൽ കൊച്ചി സർവകലാശാലയിൽ എൽ. എം. പൈലി ചെയർ – സർക്കാർ ഉത്തരവ് നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കുവാൻ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ഡോ. എം. ജുനൈദ് ബുഷിരിക്ക് നിവേദനം നൽകി
സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട നിയമസഭ സ്പീക്കറും 1938-ൽ രൂപീകരിക്കപ്പെട്ട കൊച്ചി നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു എൽ. എം. പൈലി.
സ്വതന്ത്രാനന്തരം ആദ്യം ചേർന്ന നിയമസഭാ സമ്മേളനം അദ്ദേഹത്തെ ഐക്യകണ്ഠേന സ്പീക്കറായി തെരഞ്ഞെടുക്കയായിരുന്നു. തുടർന്ന് 1948-ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ അദ്ദേഹം ചേരാനല്ലൂരിൽ നിന്നും മത്സരിച്ച് വിജയിക്കുകയും വീണ്ടും സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1951-ൽ സി.കേശവൻ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നു.
1946-ൽ എറണാകുളത്ത് ആരംഭിച്ച സെന്റ് ആൽബർട്ട്സ് കോളേജിന്റെ പ്രഥമ പ്രിൻസിപ്പലും അദ്ദേഹമായിരുന്നു. എറണാകുളം കേന്ദ്രമാക്കി ഒരു സർവ്വകലാശാല എന്നത് അദ്ദേഹത്തിന്റെ വലിയ സ്വപ്നമായിരുന്നു. കൊച്ചി സർവ്വകലാശാലയുടെ സംസ്ഥാപനത്തിനായി അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ തങ്കലിപികളിൽ രേഖപ്പെടുത്തേണ്ടവയാണ്. ഇക്കാര്യം പരിഗണിച്ച് അദ്ദേഹത്തെ കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ ആജീവനാന്ത സെനറ്റ് അംഗമായി നാമനിർദ്ദേശം ചെയ്തിരുന്നു.
എൽ. എം. പൈലിയുടെ പേരിൽ ഒരു ചെയർ രൂപീകരിക്കുന്നതിന് സർക്കാർ ഉത്തരവ് ഇറങ്ങിയെങ്കിലും തുടർ നടപടികൾ ഇന്നും അനന്തമായി നീളുകയാണ്. കേരളത്തിനും ഇന്ത്യക്കും പ്രത്യേകിച്ച് കൊച്ചിൻ സർവ്വകലാശാലയ്ക്കും അദ്ദേഹം നൽകിയ സംഭാവന വിസ്മരിക്കാനാവാത്തതാണ്.
കൊച്ചി സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. എം. ജുനൈദ് ബുഷിരിക്ക് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് രാജീവ് പാട്രിക്കും പ്രൊമോട്ടർ ഫാ. എബിൻ ജോസ് വാര്യത്തുതും ചേർന്ന് കൈമാറി. സെക്രട്ടറി ഫെർഡിൻ ഫ്രാൻസിസ്, എഡ്യൂക്കേഷൻ ഫോറം കൺവീനർ ജോമോൻ ആന്റണി എന്നിവർ സന്നിഹിതരായിരുന്നു.