എഡിറ്റോറിയൽ / ജെക്കോബി
ഗാസയിലെ ഹമാസ് തീവ്രവാദികള്‍ 2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇസ്രയേലിന് ലോകരാഷ്ട്രങ്ങളില്‍ നിന്നു ലഭിച്ച സഹാനുഭൂതിയും പിന്തുണയും അളവറ്റതായിരുന്നു. ആധുനിക ഇസ്രയേലിന്റെ 77 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമെന്നു വിശേഷിപ്പിക്കപ്പെടുന്ന ആ സുരക്ഷാവീഴ്ചയ്ക്ക് ഉത്തരം പറയേണ്ട പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസയില്‍ നിന്ന് ഹമാസ് ഭീകരരെ തുടച്ചുനീക്കാനുള്ള ദൃഢനിശ്ചയത്തോടെ ആരംഭിച്ച സൈനികനടപടികള്‍ ലെബനോന്, സിറിയ, ഇറാന്, യെമന്‍ അതിര്‍ത്തികളിലേക്കു കൂടി വ്യാപിച്ച്, ഒടുവില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചുവന്ന ഖത്തറിന്റെ തലസ്ഥാന നഗരത്തിലും ബോംബിടുന്നതില്‍ വരെ ചെന്നെത്തി.
ഒഴിഞ്ഞുപോകാനൊരിടവുമില്ലാതെ ഗാസ മുനമ്പില്‍ കുടുങ്ങിക്കിടക്കുന്ന 21 ലക്ഷം ജനങ്ങളെ കൊടുംയാതനകളിലാഴ്ത്തി രണ്ടു വര്‍ഷമായി തുടരുന്ന യുദ്ധത്തിന് അറുതിവരുത്താനുള്ള സാധ്യതകളെല്ലാം നിരാകരിച്ചുകൊണ്ട്, ‘ഗിദെയോന്റെ തേരുകള്‍’ എന്ന പേരില്‍ മൂന്നു സൈനിക ഡിവിഷനുകളെ വിന്യസിച്ച് ഗാസ നഗരമേഖല തകര്‍ത്തുതരിപ്പണമാക്കി പിടിച്ചടക്കാനുള്ള നെതന്യാഹുവിന്റെ അതിരുവിട്ട യുദ്ധവെറിക്ക് ഇനിയും കൂട്ടുനില്‍ക്കാനാവില്ലെന്നാണ് ജനാധിപത്യലോകത്തെ പഴയ മിത്രങ്ങള്‍ പോലും തുറന്നുപറയുന്നത്. ധാര്‍മികമായും നിയമപരമായും രാഷ്ട്രീയമായും നീതീകരിക്കാനാവാത്ത തോതിലുള്ള ജീവഹാനിയുടെയും നശീകരണത്തിന്റെയും യുദ്ധമാണത്.
ഇസ്രയേലുമായി സൈനിക, വ്യാപാര, സാമ്പത്തികനിക്ഷേപ, സാംസ്കാരിക ബന്ധങ്ങളുള്ള പാശ്ചാത്യരാജ്യങ്ങള്‍ ഗാസയിലെ മാനവപ്രതിസന്ധിയുടെ പേരില്‍ ആ യഹൂദരാജ്യത്തിനെതിരെ ഉപരോധവും ബഹിഷ്കരണവും വിലക്കും നിരോധനവും പ്രഖ്യാപിക്കുന്നത് നയതന്ത്രലോകത്തും ആഗോള ശാക്തികചേരികളിലും വലിയ കോളിളക്കം സൃഷ്ടിക്കുന്നുണ്ട്. ഫ്രാന്‍സ്, ബ്രിട്ടന്, കാനഡ, ഓസ്ട്രേലിയ, പോര്‍ച്ചുഗല്‍, ബെല്‍ജിയം, മാള്‍ട്ട എന്നീ രാജ്യങ്ങള്‍ പലസ്തീന് രാഷ്ട്രത്തെ അംഗീകരിച്ചത് ഇസ്രയേലിന് കനത്ത ആഘാതമാണ്. ഇസ്രയേലും പലസ്തീനും സമാധാനത്തോടെ സഹവസിക്കുന്ന ‘ദ്വിരാഷ്ട്ര’ പ്രശ്നപരിഹാരം സാക്ഷാത്കരിക്കുന്നതു സംബന്ധിച്ച് ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര പൊതുസഭയുടെ എണ്‍പതാം സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സും സൗദി അറേബ്യയും ചേര്‍ന്നു വിളിച്ചുചേര്‍ത്ത ഉച്ചകോടി അമേരിക്കയും ഇസ്രയേലും ബഹിഷ്കരിച്ചതു സ്വാഭാവികം.
പലസ്തീന് അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ യുഎന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാതെ യുഎസ് വിസ നിഷേധിക്കുകയും ചെയ്തു.
ഇസ്രയേലില്‍ നിന്ന് 2023 ഒക് ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 251 ബന്ദികളില്‍ 47 പേരെ ഗാസയില്‍ നിന്നു മോചിപ്പിക്കേണ്ടതുണ്ട്. 2014-ല്‍ തട്ടിക്കൊണ്ടുപോയി വധിച്ച ഒരു ഇസ്രയേലി പൗരന്റെ മൃതദേഹവും വീണ്ടെടുക്കാനുണ്ട്. ബന്ദികളില്‍ 20 പേരെങ്കിലും ജീവനോടെയുണ്ടെന്നാണ് കരുതപ്പെടുന്നത്. ഗാസയിലെ തടങ്കലില്‍ നിന്നു ബന്ദികളെ മോചിപ്പിക്കുകയും, ഹമാസ് തീവ്രവാദികള്‍ ആയുധങ്ങള്‍ പലസ്തീന് അതോറിറ്റിക്കു മുമ്പാകെ വച്ച് കീഴടങ്ങുകയും, അവര്‍ ഗാസയിലെ രാഷ് ട്രീയ അധികാരം വിട്ടൊഴിയുകയും ചെയ്യണമെന്ന് ഫ്രാന്‍സും ബ്രിട്ടനും മറ്റും നിര്‍ദേശിക്കുന്നുണ്ട്. ഹമാസിന്റെ ഭീകരപ്രവര്‍ത്തനത്തിനുള്ള സമ്മാനമാണ് പലസ്തീന് രാഷ്ട്രത്തിനുള്ള അംഗീകാരമെന്ന് ഇസ്രയേല്‍ കുറ്റപ്പെടുത്തുന്നു. പലസ്തീന് ലിബറേഷന്‍ ഓര്ഗനൈസേഷന് നേതാവ് യാസര്‍ അറഫാത്ത് 1988 നവംബറില്‍ ഏകപക്ഷീയമായി പലസ്തീന് രാഷ്ട്ര പ്രഖ്യാപനം നടത്തിയതിനു ശേഷം ഇത്രയും കാലം പലസ്തീന് അതോറിറ്റിക്ക് കൈവരിക്കാന്‍ പറ്റാത്ത ആഗോള അംഗീകാര നേട്ടം തങ്ങള്‍ക്ക് ലഭിക്കുന്നത് 2023 ഒക് ടോബര്‍ ഏഴിലെ മുന്നേറ്റം കൊണ്ടാണെന്ന് ഹമാസ് വക്താവ് അവകാശപ്പെടുന്നുണ്ട്.
തങ്ങളുടെ രാജ്യത്തെ ഇസ്ലാമിക കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട ആഭ്യന്തര രാഷ്ട്രീയ സമ്മര്‍ദങ്ങളെ നേരിടാനുള്ള തന്ത്രമാണ് പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുന്ന ചില യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രകടനമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വിമര്‍ശിച്ചു. യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ ജര്‍മനിയും ഇറ്റലിയും പലസ്തീനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. ഹമാസ് ബന്ദികളെ വിട്ടയക്കുകയും ഭീകരവാഴ്ച അവസാനിപ്പിച്ച് ഗാസയില്‍ അധികാരമൊഴിയുകയും ചെയ്താലേ അക്കാര്യം പരിഗണിക്കാനാകൂ എന്നാണ് ഇറ്റലിയിലെ പ്രധാനമന്ത്രി ജോര്‍ജാ മെലോണി വ്യക്തമാക്കിയത്. മുസ്ലിം കുടിയേറ്റക്കാര്‍ ഉള്‍പ്പെടെയുള്ള പലസ്തീന് പക്ഷക്കാര്‍ മിലാനില്‍ കലാപം നടത്തുകയും വെനീസിലും റോമിലും മറ്റും വന്‍ പ്രക്ഷോഭം നയിക്കുകയും ചെയ്യുന്നുണ്ട്.
യുഎന്നില്‍ അംഗങ്ങളായ 193 രാഷ്ട്രങ്ങളില്‍ 157 എണ്ണം പലസ്തീന് രാഷ്ട്രത്തെ അംഗീകരിമ്പോഴും, യഥാര്‍ഥത്തില്‍ ഭൂമിശാസ്ത്രപരമായി അതിരുകള്‍ നിര്‍ണയിച്ചിട്ടില്ലാത്ത, നിശ്ചിത ഭരണകൂടമോ രാഷ് ട്രീയ നേതൃത്വമോ ഇല്ലാത്ത, സ്വന്തമായ സൈന്യമില്ലാത്ത ക്വാസി സ്റ്റേറ്റ് സങ്കല്പമാണ് ഇപ്പോഴും അറബ് പലസ്തീന്. 1967 ജൂണിലെ ആറു ദിവസത്തെ യുദ്ധത്തില്‍ ഇസ്രയേല്‍ പിടിച്ചെടുത്ത വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറൂസലേമും, ഇപ്പോള്‍ ഇസ്രയേല്‍ നിരപ്പെ തകര്‍ത്തുകൊണ്ടിരിക്കുന്ന ഗാസയും ചേരുന്നതാകണം യഹൂദരാഷ്ട്രത്തിനു സമാന്തരമായി രൂപംകൊള്ളേണ്ട ആ രാജ്യം. ഇസ്രയേലിന്റെ നാശം ഉറപ്പിച്ച് ‘ജോര്‍ദാന്‍ നദി മുതല്‍ മെഡിറ്ററേനിയന്‍ കടല്‍ വരെ’ തങ്ങള്‍ വാഴും എന്നാണ് ഹമാസ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍, തങ്ങളുടെ പൈതൃകഭൂമിയില്‍ നിന്ന് 1948-ല്‍ ഇസ്രയേലിനു വേണ്ടി കുടിയിറക്കപ്പെട്ട പലസ്തീന്‍കാരുടെ ‘നക്ബ’ (മഹാദുരന്തം) ഇന്നും തുടരുന്നു. ജോര്‍ദാന്‍ നദിക്കു പടിഞ്ഞാറായി ഇനി പലസ്തീന് രാജ്യം ഒരിക്കലും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കുന്നുണ്ട്.
യൂദയ, സമാരിയ എന്ന് ഹെബ്രായ പാരമ്പര്യപ്രകാരം വിളിക്കുന്ന വെസ്റ്റ് ബാങ്കിനുമേല്‍ ഇസ്രയേലിന്റെ ‘പരമാധികാരം’ ഉറപ്പിക്കണമെന്ന് നെതന്യാഹുവിന്റെ കൂട്ടുകക്ഷി മന്ത്രിസഭയിലെ തീവ്രവലതുപക്ഷക്കാരായ ദേശസുരക്ഷാമന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിര്‍, ധനമന്ത്രി ബസെലെല് സ്മോട്രിച്ച് എന്നിവര്‍ വാദിക്കുന്നുണ്ട്. വെസ്റ്റ് ബാങ്ക് ഭാഗികമായെങ്കിലും പിടിച്ചെടുത്താകും നെതന്യാഹു പ്രതികാരം തീര്ക്കുകയെന്ന് കരുതുന്നവരുണ്ട്.
വെസ്റ്റ് ബാങ്കില്‍ പലസ്തീന് അറബ് പട്ടണങ്ങളും ഗ്രാമങ്ങളും കൈയേറി ജൂത കുടിയേറ്റക്കാര്‍ വിപുലമായ രീതിയില്‍ അനധികൃത സെറ്റില്‍മെന്റുകള്‍ നിര്മിച്ചുകൊണ്ടിരിക്കയാണ്. 400 കുടിയേറ്റകേന്ദ്രങ്ങളിലായി ഇപ്പോള്‍ ഏഴുലക്ഷത്തിലേറെ തീവ്രവാദി യഹൂദര്‍ യൂദയ, സമാരിയ പ്രദേശത്തെ പലസ്തീന്‍കാരുടെ കൃഷിഭൂമിയിലും മറ്റും കടന്നാക്രമണം നടത്തുന്നുണ്ട്. തങ്ങളുടെ തലസ്ഥാനമാകുമെന്ന് പലസ്തീന്‍കാര്‍ പ്രതീക്ഷിച്ചിരുന്ന കിഴക്കന്‍ ജറൂസലേമില്‍ നിന്നു തുടങ്ങി മാലി അദുമിം സെറ്റില്‍മെന്റ് വരെ ‘ഇ-വണ്‍’ ഇടനാഴി പദ്ധതിയില്‍ 12 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം വികസിപ്പിച്ച് 3,400 വീടുകള്‍ നിര്‍മിച്ച് വെസ്റ്റ് ബാങ്കിനെ വെട്ടിമുറിക്കാനുള്ള പദ്ധതിയുമായി ഇസ്രയേല്‍ മുന്നോട്ടുപോവുകയാണ്. കിഴക്കന്‍ ജറൂസലേമിലും 3,000 ജൂതഭവനങ്ങള്‍ പണിയുന്നുണ്ട്.
ഗാസയില്‍ ഇസ്രയേല്‍ വംശഹത്യ നടത്തിയതായി ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ കമ്മിഷണറായും ലോക ക്രിമിനല്‍ കോടതി ജഡ്ജിയായും സേവനം ചെയ്തിട്ടുള്ള ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള തമിഴ് വംശജ നവി പിള്ള അധ്യക്ഷയായ സ്വതന്ത്ര അന്വേഷണ കമ്മിഷന് യുഎന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തുവന്ന ദിവസംതന്നെയാണ് ഗാസ സിറ്റി വളഞ്ഞുകൊണ്ടുള്ള കരസേനാ വിന്യാസത്തിന് ഇസ്രയേല്‍ തുടക്കം കുറിച്ചത്. യുദ്ധക്കുറ്റങ്ങളുമായി ബന്ധപ്പെട്ട ജനീവ കരാറില്‍ നിര്‍ണയിച്ചിട്ടുള്ള അഞ്ച് വംശഹത്യാ രീതികളില്‍ നാലും – ഒരു സമൂഹത്തിലെ അംഗങ്ങളെ കൊല്ലുക, ഗുരുതരമായ രീതിയില്‍ ശാരീരികമായും മാനസികമായും ദ്രോഹിക്കുക, ഒരു വിഭാഗത്തെ നശിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ നടപടിയെടുക്കുക, ജനനം തടയുക – നടപ്പാക്കിയെന്നാണ് കണ്ടെത്തല്‍. ”കഴിഞ്ഞ 23 മാസത്തിനിടെ ഗാസയില്‍ 63,000 പേരെ കൊന്നിട്ടുണ്ട്. അവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. ഇതിനുള്ള ഉത്തരവാദിത്തം ഇസ്രയേലി അധികാരികളില്‍ ഏറ്റവും ഉന്നതതലത്തിലുള്ളവര്ക്കാണ്” എന്നാണ് നവനീതം പിള്ള പറഞ്ഞത്.
കഴിഞ്ഞ ജൂലൈ 31 വരെയുള്ള മരണസംഖ്യയില്‍, 18,430 കുട്ടികളും, 9,735 സ്ത്രീകളും, 4,429 വയോധികരും ഉള്‍പ്പെടുന്നു. പരിക്കേറ്റവര്‍ 163,503 പേരാണ്.
ഗാസയിലേക്കുള്ള ചരക്കുനീക്കം നിയന്ത്രിച്ചുകൊണ്ട് ഇസ്രയേല്‍ ഭക്ഷ്യക്ഷാമം സൃഷ്ടിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഗാസയിലെ ജനങ്ങളെ കവചങ്ങളാക്കി ഹമാസ് തീവ്രവാദികള്‍ തുരങ്കങ്ങളില്‍ സുരക്ഷിതരായി കഴിയുകയും, ഗാസയിലെത്തിയിരുന്ന മാനവസഹായവും ഭക്ഷ്യവസ്തുക്കളും കൊള്ളയടിക്കുകയും ചെയ്തതായും തെളിവുകളുണ്ട്. യുഎന്‍ ഏജന്‍സികളെ ഒഴിവാക്കി കഴിഞ്ഞ മേയില്‍ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന് എന്ന പുതിയ സംഘടന മുഖേന ഇസ്രയേല്‍ ഭക്ഷ്യവിതരണ സംവിധാനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ചരക്കുവാഹനവ്യൂഹത്തിന്റെ സപ്ലൈ റൂട്ടിലും വിതരണകേന്ദ്രത്തിലുമായി ഭക്ഷണം കാത്തുനിന്നവരില്‍ 2,256 പേര് കൊല്ലപ്പെട്ടു. ഗാസ, ദെയിര്‍ ബാല, ഖാന് യൂനിസ് ഗവര്‍ണറേറ്റുകളിലായി 146 കുട്ടികള്‍ ഉള്‍പ്പെടെ 428 പേര് പട്ടിണി മൂലം മരിച്ചതായി യുഎന്‍ കണക്കുകളില്‍ പറയുന്നു. ഗാസയില്‍ 250 മാധ്യമപ്രവര്‍ത്തകരും, 326 യുഎന്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 500 ദുരിതാശ്വാസപ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. വംശഹത്യയുടെയും പട്ടിണിപ്പാടിന്റെയും ആരോപണങ്ങള്‍ നിഷേധിക്കുന്ന ഇസ്രയേല്‍ പറയുന്നത്, ഇറാനും ഖത്തറും സ്പോണ്സര് ചെയ്യുന്ന ഇസ് ലാമിക ജിഹാദികളുടെ യഹൂദവിരുദ്ധ പ്രചാരണം അനഭിജ്ഞരും സത്യാവസ്ഥ ഗ്രഹിക്കാതെ വികാരത്തിന് വശംവദരാകുന്നവരുമായ മഹാഭൂരിപക്ഷം ജനങ്ങളുടെയും ഭാവനയെ കീഴടക്കികഴിഞ്ഞുവെന്നാണ്.
ലോകം ഒന്നടങ്കം ശത്രുപക്ഷത്തായാലും ഇസ്രയേല്‍ ഒറ്റയ്ക്കു പോരാടും എന്ന് പ്രധാനമന്ത്രി നെതന്യാഹു വിളിച്ചുപറയുന്നു. ലോക ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റുള്ള ഇസ്രയേലി പ്രധാനമന്ത്രിയെ പാശ്ചാത്യ രാജ്യങ്ങളിലേതെങ്കിലും അറസ്റ്റു ചെയ്യാന്‍ ശ്രമിക്കുമോ എന്നു വ്യക്തമല്ല. ഇസ്രയേലി മന്ത്രിമാരായ ഇറ്റാമര്‍ ബെന്ഗ്വിറിനെയും ബസലെല് സ്മോട്രിച്ചിനെയും ചില യൂറോപ്യന്‍ രാജ്യങ്ങള്‍ നയതന്ത്രപരമായി അനഭിമതരായ ‘പെര്‍സോണ നോണ്‍ ഗ്രാത്ത’ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ലോകത്തിന്റെ ഏതു കോണില്‍ ഒളിച്ചാലും തങ്ങള്‍ കണ്ടെത്തി നീതി നടപ്പാക്കും എന്ന് ഇസ്രയേല്‍ മുന്നറിയിപ്പുനല്കിയിട്ടുള്ള ഹമാസ് നേതാക്കള്‍ക്ക് ഇനി ഖത്തറിലും തുര്‍ക്കിയിലും മാത്രമല്ല, യൂറോപ്യന്‍ രാജ്യതലസ്ഥാനങ്ങളില്‍ തുറക്കുന്ന പലസ്തീന് എംബസികളില്‍ എവിടെവേണമെങ്കിലും അഭയം തേടാന്‍ കഴിയും.
പലസ്തീന് രാഷ് ട്രത്തിന് രാജ്യാന്തരതലത്തില്‍ അംഗീകാരം എത്രകണ്ടു വര്‍ധിച്ചാലും ഗാസയിലോ വെസ്റ്റ് ബാങ്കിലോ സാധാരണക്കാരായ പലസ്തീന്‍കാരുടെ ദുരിതജീവിതത്തില്‍ അടുത്തകാലത്തൊന്നും മാറ്റമുണ്ടാകാന്‍ പോകുന്നില്ല. 2023 ഒക്ടോബര്‍ ഏഴിനു ശേഷം യുഎന്‍ രക്ഷാ കൗണ്‍സിലിന്റെ 80 യോഗങ്ങളില്‍ ഗാസയ്ക്കു വേണ്ടി അവതരിപ്പിക്കപ്പെട്ട വെടിനിര്‍ത്തല്‍ പ്രമേയങ്ങളെ യുഎസ് എതിര്‍ക്കുകയുണ്ടായി. പലസ്തീന് രാഷ് ട്രത്തെ അംഗീകരിക്കാനുള്ള പ്രമേയം വന്നാലും അമേരിക്ക എതിര്‍ക്കും.
വര്‍ണവിവേചനത്തിന്റെ പേരില്‍ ദക്ഷിണാഫ്രിക്ക ലോകരാഷ് ട്രങ്ങള്‍ക്കിടയില്‍ നേരിട്ട ഭ്രഷ്ടും ഒറ്റപ്പെടലും ഗാസയിലെ അതിക്രമങ്ങളുടെ പേരില്‍ തങ്ങള്‍ക്കു നേരിടേണ്ടി വന്നാല്‍ ‘സൂപ്പര്‍ സ്പാര്ട്ടയെ പോലെ’ സ്വയംപര്യാപ്തതയുടെ ‘ഓട്ടര്കിക്’ സമ്പദ് വ്യവസ്ഥ വികസിപ്പിക്കുമെന്ന് നെതന്യാഹു പറയുന്നുണ്ട്. 80 ശതമാനം ധാന്യങ്ങളും 50 ശതമാനം ഭക്ഷ്യവസ്തുക്കളും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇസ്രയേല്‍.
ഉപരോധവും ബഹിഷ്കരണവും പ്രാബല്യത്തില്‍ വന്നാല്‍, ഇന്ധനത്തിനു പുറമെ സസ്യ എണ്ണ, പഞ്ചസാര, കൊക്കോ, കാപ്പി ഇതൊക്കെ കിട്ടാതാകും. ട്രംപ് ബ്രസീലിനും മെക്സിക്കോയ്ക്കുമെതിരെ പ്രഖ്യാപിച്ച താരിഫ് വര്‍ധനയുടെ ഫലമായി ഈ വേനല്‍ക്കാലത്ത് ആ രാജ്യങ്ങളില്‍ നിന്നുള്ള മാങ്ങ ഇസ്രയേല്‍ വിപണിയില്‍ ചുരുങ്ങിയ നിരക്കില്‍ സുലഭമായിരുന്നു. എന്നാല്‍ ഇസ്രയേലി ഹൈടെക്, സൈനിക-വ്യവസായ സമുച്ചയങ്ങളെ യൂറോപ്യന്‍ ഉപരോധം ഗുരുതരമായി ബാധിക്കും. അമേരിക്കയെ അപേക്ഷിച്ച് യൂറോപ്പാണ് ഇസ്രയേലിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികള്‍, ഇസ്രയേലി നിക്ഷേപങ്ങളുടെ പ്രധാന സ്രോതസും യൂറോപ്പാണ്. അമേരിക്ക കഴിഞ്ഞാല്‍ ഇസ്രയേലിന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ നല്കുന്ന ജര്‍മനി പുതിയ ആയുധങ്ങളുടെ സപ്ലൈ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. മെര്‍കാവാ ടാങ്ക് എന്ജിന് പാര്‍ട്ട് ദൗര്‍ലഭ്യം ഗാസയിലെ സൈനിക നടപടിയെ ബാധിക്കും. കെട്ടിടാവശിഷ്ടങ്ങള്ക്കിടയിലൂടെയുള്ള പാതകള്‍ തെളിക്കുന്നതിന് ഉപയോഗിക്കുന്ന ഡി9 ബുള്‍ഡോസറുകളില്‍ പലതും സ്പെയര്‍പാര്‍ട്ട് കിട്ടാതെ നിശ്ചലമാകുന്നതായി റിപ്പോര്‍ട്ടുണ്ട്.
അക്രമവും നിര്‍ബന്ധിത കുടിയിറക്കവും പ്രതികാരവും കൊണ്ട് ഒരിക്കലും ഭാവി കെട്ടിപ്പടുക്കാനാവില്ലെന്ന് ലെയോ പാപ്പാ സംഘര്‍ഷമേഖലകളിലെ രാഷ് ട്രീയ നേതാക്കളെ ഓര്‍മിപ്പിക്കുന്നുണ്ട്. ”പലസ്തീനെ അംഗീകരിക്കുന്നതുകൊണ്ട് ഗുണമുണ്ടായേക്കാം, എന്നാല്‍ സംഭാഷണം മുറിഞ്ഞുപോയിരിക്കുന്നു” എന്നാണ് പാശ്ചാത്യരാജ്യങ്ങളുടെ പലസ്തീന് നയംമാറ്റത്തെ സംബന്ധിച്ച് പാപ്പാ പ്രതികരിച്ചത്.
ജൂത പുതുവത്സരമായ കാഹളപെരുന്നാള് റോഷ് ഹഷാന, ഉപവാസത്തിന്റെയും പ്രാര്‍ഥനയുടെയും അനുതാപത്തിന്റെയും ദിനമായ യോം കിപ്പൂര്‍, കൂടാരത്തിരുനാളായ സുക്കോട്ട് എന്നിവ ആഘോഷിക്കുന്ന ഈ നാളുകളില്‍, ഷാലോം അലെഹെം (നിങ്ങള്‍ക്കു സമാധാനം) എന്ന ആശംസ പാപ്പാ ഇസ്രയേലി ജനതയ്ക്കു നേരുന്നുണ്ട്.