വത്തിക്കാൻ: സെപ്റ്റംബർ 10 ബുധനാഴ്ച നൈജീരിയയിൽനിന്നുള്ള ജിഹാദി സംഘം ആക്രമണം അഴിച്ചുവിട്ട വടക്കുകിഴക്കൻ ആഫ്രിക്കയിലെ ബെനിനിൽ ന്ദലീ (N’Dali) രൂപതയുടെ കീഴിലുള്ള കലലേ (Kalalé) ഗ്രാമത്തിലെത്തി വിശുദ്ധ ബലിയർപ്പിച്ച് രൂപതാദ്ധ്യക്ഷൻ ബിഷപ് മർത്തേൻ അദ്ജു മൂമൂനി (Martin Adjou Moumouni).
നൈജീരിയയുമായി കിഴക്കൻ അതിർത്തി പങ്കിടുന്ന ബെനിനിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഈ ഗ്രാമത്തിൽനിന്ന് അക്രമികൾ തട്ടിക്കൊണ്ടുപോയ ആറുപേർ ഇപ്പോഴും നൈജീരിയൻ ജിഹാദി അക്രമിസംഘത്തിന്റെ പിടിയിലാണെന്ന് ബിഷപ് മൂമൂനി പറഞ്ഞു.
തങ്ങളുടെ ഗ്രാമത്തിലുണ്ടായ ഈ അപലപനീയമായ ആക്രമണത്തിൽ ജനങ്ങൾ ഭീതിതരാണെന്നും, പലരും ഗ്രാമത്തിൽനിന്ന് രക്ഷപെട്ടോടിയെന്നും, അതുകൊണ്ടുതന്നെ സെപ്റ്റംബർ 21 ഞായറാഴ്ച കലലേ ഗ്രാമത്തിൽ താൻ അർപ്പിച്ച വിശുദ്ധ ബലിയിൽ വളരെക്കുറച്ച് വിശ്വാസികൾ മാത്രമാണ് പങ്കെടുത്തതെന്നും, എന്നാൽ തന്റെ അജഗണത്തെ ഒരിക്കലും ഉപേക്ഷിക്കാത്തവനാണ് ക്രിസ്തുവെന്ന സന്ദേശം താൻ അവർക്ക് പകർന്നുവെന്നും രൂപതാധ്യക്ഷൻ വിശദീകരിച്ചു.
ആക്രമണശേഷം ബെനിൻ ഗവൺമെന്റ് പ്രദേശത്ത് ശക്തമായ മിലിട്ടറി സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും, അതുകൊണ്ടുതന്നെ നിലവിൽ ജനങ്ങൾ സുരക്ഷിതരാണെന്നും, സർക്കാരിന് നന്ദിയർപ്പിച്ചുകൊണ്ട് ബിഷപ് മൂമൂനി പ്രസ്താവിച്ചു.
കലലേ ഗ്രാമത്തിൽ സ്പൈനിൽനിന്നുള്ള “രക്ഷകനായ യേശുവിന്റെ സമൂഹം” എന്ന സമർപ്പിതസമൂഹം നടത്തുന്ന ഒരു സ്കൂളുണ്ടെന്നും, നഴ്സറി മുതൽ ഉന്നത ഉയർന്ന ക്ലാസ്സുകൾ വരെയുള്ള വിദ്യാഭ്യാസം തേടി ഇവിടെയെത്തുന്ന കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള തന്റെ സംശയവും ന്ദലീ രൂപതാദ്ധ്യക്ഷൻ പങ്കുവച്ചു. ഈ സ്കൂളിലെ ഭൂരിഭാഗം കുട്ടികളും ഇസ്ലാം മതവിശ്വാസികളാണെന്നും, ഏവരോടുമുള്ള ക്രിസ്തുവിന്റെ സ്നേഹമാണ് ഇവിടെയുള്ള സമർപ്പിതസമൂഹം സാക്ഷ്യപ്പെടുത്തുന്നതെന്നും ബിഷപ് മൂമൂനി പറഞ്ഞു.
ജിഹാദി അക്രമികൾ സ്കൂൾ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയേക്കാമെന്ന ഭമുള്ളതിനാൽ, നിലവിൽ സ്കൂൾ പുനഃരാരംഭിക്കാൻ ഇവിടുത്തെ സന്ന്യസ്തസഹോദരിമാർക്ക് ഭയമുണ്ടെന്നും, എന്നാൽ പ്രദേശത്തെ അധികാരിവിഭാഗത്തിന്റെയും മിലിട്ടറിയുടെയും സഹകരണത്തോടെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സുരക്ഷിതമായ ഒരു വ്യവസ്ഥിതി തിരികെ കൊണ്ടുവരാൻ സാധിക്കുമെന്നും സാവധാനം സ്കൂൾ തുറന്നു പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്നുമുള്ള പ്രതീക്ഷയാണ് തങ്ങൾക്കുള്ളതെന്നും ന്ദലീ രൂപതാദ്ധ്യക്ഷൻ പ്രസ്താവിച്ചു.