പക്ഷം / ഫാ.സേവ്യര്‍ കുടിയാംശ്ശേരി
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നാണു മാര്‍ക്സ് പറഞ്ഞത്. അതപ്പാടെ വിഴുങ്ങിയിരുന്നു ഇവിടുത്തെ കമ്യൂണിസ്റ്റുകാര്‍. ഇപ്പോള്‍ അതേ കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തില്‍ ശബരിമലയില്‍ അയ്യപ്പസംഗമം നടത്തപ്പെട്ടു. വെള്ളാപ്പള്ളി നടേശന് പറഞ്ഞു പിണറായി വിജയന് ഭക്തനാണെന്ന്. ഗുരു സ്ഥാനത്തു പ്രതിഷ്ഠിതനാകാന് ഇനി ഒരുപാടു സമയം വേണ്ടിവരില്ല.
ഉദ്ഘാടന വേദിയില്‍ മുഷ്ടി ചുരുട്ടി സ്വാമി അയ്യപ്പാ എന്നു വിളിക്കാനും മറന്നില്ല കമ്യൂണിസ്റ്റു ഭക്തര്‍. ശരണ മന്ത്രം രാഷ്ട്രീയ മന്ത്രമായി ഉരുവിട്ടു ശീലിക്കുന്നു. മനുഷ്യനെ മയക്കിയെടുക്കാന്‍ ഇപ്പോള്‍ മതമന്ത്രം തന്നെ ഫലപ്രദമെന്നു തിരിച്ചറിഞ്ഞിരിക്കുന്നു.
അടുത്ത ദിവസംതന്നെ ബിജെപി ക്കാരുടെ നേതൃത്വത്തില്‍ പമ്പയില്‍ ബദല്‍ അയ്യപ്പ സംഗമം നടന്നു. ബിജെപി അങ്ങനെയൊന്നും ചെയ്യേണ്ട കാര്യമില്ല. അല്ലെങ്കില്‍ത്തന്നെ അവര്‍ ഹിന്ദു പ്രീണനം വഴി വളരെ സ്വാഭാവികമായി വോട്ടു നേടുന്നവരാണ്.
ഇനി കോണ്ഗ്രസ്സുകാര് എന്നാണ് അയ്യപ്പസംഗമം നടത്തുന്നതെന്നറിയില്ല. അല്ല കോണ്ഗ്രസ്സുകാര്ക്കു ഹിന്ദുക്കളെ വേണ്ടെന്നാണോ. എന്തെങ്കിലും പേരില്‍ ഒരു സംഗമം കോണ്‍ഗ്രസ്സുകാരും സംഘടിപ്പിക്കാനാണു സാധ്യത.
മതേതരത്വം മറന്ന പാര്‍ട്ടികള്‍
നമ്മുടെ രാജ്യം ഒരു സെക്കുലര്‍ ജനാധിപത്യ രാഷ്ട്രമാണ്. മതേതരത്വം നമ്മുടെ ഭരണഘടനയുടെ സുപ്രധാനമായ ആത്മാംശമാണ്. അതു കാത്തുസൂക്ഷിക്കാന്‍ എല്ലാ രാഷ്ട്രിയക്കാരും പ്രതിജ്ഞാബദ്ധമാണ്. രാഷ്ട്രീയ സംഘടനകള്തന്നെയും സെക്കുലര്‍ ആയിരിക്കണമെന്നാണ്. ബി.ജെ..പി. പക്ഷേ ഹിന്ദുത്വ രാഷ്ട്രീയ അജണ്ട സൂക്ഷിക്കുന്നു എന്നത് എല്ലാവര്ക്കും
അറിയാവുന്ന യാഥാര്‍ത്ഥ്യമാണ്. കമ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമം കൂടാതെ മുസ്ലീം പ്രീണനത്തിലും കുറെക്കാലമായി മുന്നിലാണ്. കോണ്ഗ്രസ്സുകാര് അക്കാര്യത്തില്‍ കമ്യൂണിസ്റ്റുകാരെ കടത്തിവെട്ടും. ബിജെപിക്കാര്‍ ക്രൈസ്തവരെ സ്വാധീനിക്കാന്‍ നടത്തുന്ന കേക്കു രാഷ്ട്രീയം വിജയം കണ്ടില്ലെങ്കിലും അരമനകതള്തോറും കയറി ഇറ
ങ്ങുന്നുണ്ട്. ബിജെപിക്കാര്‍ കേരളത്തില്‍ ക്രൈസ്തവരെ പ്രീണിപ്പിച്ചു കൂടെ നിര്‍ത്താന്‍ ശ്രമിക്കുകയും ഉത്തരേന്ത്യയില്‍ ക്രിസ്ത്യാനികളെ പീഡിപ്പിച്ച് ഹിന്ദു കണ്സോളിഡേഷന് ഉറപ്പാക്കുകയും ചെയ്യുന്നു. മറ്റു രണ്ടു പാര്‍ട്ടികളും ക്രിസ്ത്യനികള്‍ തങ്ങളുടെ കൈയിലുണ്ട് എന്ന വിചാരത്തിലാണ്.
രാഷ്ട്രീയപാര്‍ട്ടികള്‍ ജാതി മത സംവിധാനങ്ങളിലേക്കു ചായുന്ന കാഴ്ചയാണുനാം കാണുക. രാജ്യത്തിന്റെ സെക്കുലര്‍ ഫാബ്രിക് കാത്തു സൂക്ഷിക്കാന്‍ ഇനി ആരുണ്ട്. താത്കാലികമായ നേട്ടങ്ങള്‍ക്കായി രാഷ്ട്രീയ നേതൃത്വം ഇങ്ങനെ വളയാന്‍ തുടങ്ങിയാല്‍ അതു രാഷ്ട്രത്തിന്റെ തന്നെ നട്ടെല്ലൊടിക്കുന്ന പണിയാണ്. വളരെ കൃത്യമായും രാഷ്ട്രിയ നേതൃത്വം ഇപ്പോള്‍ കാട്ടിക്കൂട്ടുന്നത് ആത്മഹത്യാപരമായ നടപടികളാണ്.
പൗരജീവിതത്തിന്റെ നിരവധിയായ പ്രശ്നങ്ങളെ അവഗണിച്ചുകൊണ്ടാണ് ഇപ്പോള്‍ മതപ്രീണനത്തിനിറങ്ങിയിരിക്കുന്നത്. പട്ടിണിപ്പാവങ്ങളേയും നിരാലംബരേയും സംരക്ഷിക്കാനാരുമില്ലാത്ത സാഹചര്യമാണ്.
തകരുന്ന മീന്‍പിടുത്ത മേഖല
മീന്‍പിടുത്തക്കാരുടെ അവസ്ഥ വളരെ ദയനീയമാണ്. ഈ അടുത്ത നാളുകളില്‍ രണ്ടു കപ്പലുകളാണ് കടലില്‍ തകര്‍ന്നടിഞ്ഞത്. മത്സ്യത്തൊഴിലാളികള്‍ക്ക് മീന്‍പിടിക്കാന്‍ സാധിക്കാത്ത കണക്ക് അവയുടെ അവശിഷ്ടങ്ങള്‍ ആപത്തു വിതയ്ക്കുന്നു. എത്രയോ വലകളാണ് അവയില്‍ ഉടക്കി ഉപയോഗശൂന്യമായത്. എന്തു വലിയ നഷ്ടമാണുണ്ടാകുന്നത്. എന്നിട്ടും ഈ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികളൊന്നുമില്ല. എല്‍സാ -3 എന്ന കപ്പല്‍ തകര്‍ന്നപ്പോള്‍ അതു സംബന്ധിച്ച ആഘാത പഠനങ്ങളൊന്നും നടത്തിയില്ല. കപ്പല്‍ കമ്പനികള്‍ക്കെതിരെ കേസുപോലും കൊടുക്കണ്ട എന്നല്ലേ ആദ്യം തീരുമാനിച്ചത്.
ഒരു കപ്പല്‍ വെള്ളത്തിലിറക്കുന്നതിനുമുമ്പ് എത്രയോ ഇന്‍ഷ്വറന്‍സുകളാണ് എടുക്കേണ്ടതെന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. ഇത്തരം അപകടങ്ങളുണ്ടായാല്‍ ഇന്‍ഷ്വറന്‍സു കമ്പനികളുടെ കണ്സോര്സ്യവും നഷ്ടപരിഹാരം നല്‍കും. അതൊന്നും പഠിക്കാതെ മത്സ്യത്തൊഴിലാളികള്ക്കര്ഹമായ നഷ്ടപരിഹാരം നല്കുന്നതില് യാതൊരു ജാഗ്രതയും കാട്ടിയിട്ടില്ല. അദാനിയെ പിണക്കാതിരിക്കാന്‍ മീന്പിടുത്തക്കാരനെ പട്ടിണിയിലേക്കു തള്ളിയിട്ടിട്ടാണ് ക്ഷേത്ര പൂജയ്ക്കിറങ്ങുന്നത്. തീരത്ത് എന്തെല്ലാം പ്രശ്നങ്ങളാണുള്ളത്. മത്സ്യലഭ്യത കുറഞ്ഞിരിക്കുന്നു. അതി രൂക്ഷമായ തീരശോഷണം.തീരദേശത്തു വരുന്ന മാറ്റങ്ങള്‍ കേന്ദ്രം കൊണ്ടു വരുന്ന ബ്ലൂ ഇക്കോണമിയുടെ അനന്തര ഫലങ്ങള്‍. ഇവയെക്കുറിച്ചുള്ള സത്യാവസ്തകള്‍ ഒന്നും തീരവാസികള്‍ക്കു ലഭ്യമല്ല. തീരദേശ ജനതയെ പരിഗണിക്കേണ്ട ഒരു സമൂഹമായിപ്പോലും കണക്കാക്കാത്തതാരാണ് എന്ന് വിലയിരുത്തണം.
തിരഞ്ഞെടുപ്പിങ്ങെത്തി
തിരഞ്ഞെടുപ്പിങ്ങെത്തി. രാഷ്ട്രീയ നിരീക്ഷണങ്ങള്‍ തകൃതിയായി നടക്കുന്നു. പല ഏജന്‍സികളും സര്‍വ്വേ നടത്തി അവരുടെ പ്രവചനങ്ങള്‍ ഉള്‍പ്പടെ രാഷ്ട്രീയ പാര്‍ട്ടികളെ ധരിപ്പിച്ചുകൊണ്ടിരിക്കുന്നു. മത്സരാര്‍ത്ഥികളെക്കുറിച്ചുള്ള ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. വന്നുവന്ന് ജാതി മത സമവാക്യങ്ങളാണ് മത്സരാര്‍ത്ഥികളെ കണ്ടെത്തുന്നതില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ഇപ്പോള്‍ അനുവര്‍ത്തിക്കുന്നത്. ജാതിയും മതവും ഇവിടെ മത്സരത്തിനിറങ്ങുകയാണ്. എല്ലാം മതമയം. സര്‍വ്വത്ര ജാതി. എങ്ങനെ നാം ജനാധിപത്യം കാത്തുസൂക്ഷിക്കും? ഇന്ത്യയെ രക്ഷിക്കാന്‍ ഏതു ജ്ഞാനിയാണ്, എവിടെ നിന്നാണു വരിക?