പത്തനംതിട്ട: ശബരിമലയിലേത് മതാതീത ആത്മീയതയെന്ന് മുഖ്യമന്ത്രി. ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കാനായതിൽ അതിയായ സന്തോഷമുണ്ട്.പമ്പയിൽ ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ . തമിഴ്നാടിന്റെ രണ്ട് മന്ത്രിമാർ സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്.
സ്റ്റാലിന് പങ്കെടുക്കണം എന്നുണ്ടായിരുന്നു. മറ്റു കാരണങ്ങൾക്കൊണ്ടാണ് വരാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒൻപതരയോടെയാണ് മുഖ്യമന്ത്രി സംഗമവേദിയിൽ എത്തിയത്. തന്ത്രി സംഗമത്തിന് തിരി തെളിയിച്ച് ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് അധ്യക്ഷത വഹിച്ചു.
വേർതിരിവുകൾക്ക് അതീതമാണ് ശബരിമല. മതാതീതമായ ആരാധനാലയം. ഈ ആരാധനാലയങ്ങളെ നമുക്ക് ശക്തിപ്പെടുത്തേണ്ടതുണ്ട്. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്ന് വലിയ പ്രവാഹമാണ് ശബരിമലയിലേക്ക് ഒഴുകുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ശബരിമലയിലേക്ക് ഇന്ന് ആളുകൾ എത്തുന്നു. ഭക്തജന സാഗരം എന്ന് ഇന്ന് പൂങ്കാവനത്തെ വിശേഷിപ്പിക്കാം – മുഖ്യമന്ത്രി പറഞ്ഞു.
സന്നിധാനത്തെത്തുന്ന തീർഥാടകർ നേരിടുന്ന ഒരുപാട് പ്രശ്നങ്ങളുണ്ട്. അത്തരം പ്രശ്നങ്ങൾ പരിഹരിക്കുക കൂടിയാണ് സംഗമത്തിന്റെ ലക്ഷ്യം. ശബരിമലയുടെ വികസനം യാഥാർഥ്യമാകണം. അതിന് എല്ലാവരെയും ചേർത്തുപിടിച്ച് മുന്നേറാനാണ് സർക്കാർ ശ്രമിക്കുന്നത്.