സ്പോർട്സ് / ബോബന് വരാപ്പുഴ
ജിമ്മിജോര്‍ജ് ലോകവോളിബോളിന്റെ യവനരാജകുമാരനായി വാഴ്ത്തപ്പെടുന്നതിനു മുമ്പേ കേരളത്തിന്റെ കൊടിക്കൂറ ഉയരത്തില്‍ പറത്തിയ പ്രതിഭാധനനായിരുന്നു പപ്പന് എന്ന് അറിയപ്പെട്ടിരുന്ന എറണാകുളത്ത് വരാപ്പുഴക്കാരന്‍ ടി.ഡി. ജോസഫ്. പപ്പന്റെ വോളിബോള്‍ കളത്തിലെ പ്രകടനങ്ങള്‍ പിന്നീട് അതിശയകരമെന്ന് തോന്നിപ്പിക്കുന്ന കഥകളായി നാട്ടുകാര്‍ പാടിനടന്നു. വോളിബോള്‍ പ്രേമികളുടെ ഹൃദയത്തില്‍ ഇന്നും ജീവിക്കുന്ന വീരകഥാപാത്രമായി പപ്പന് മാറി.
വടകര പപ്പന് എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന പത്മനാഭന് വീരശുരപരാക്രമിയായി കേരളത്തിലാകമാനമുള്ള വോളിബോള്‍ കോര്‍ട്ടുകളില്‍ നിറഞ്ഞാടുന്ന കാലത്ത് എറണാകുളം വരാപ്പുഴ/ ചിറയ്ക്കകത്തെ തേങ്ങാപ്പുരക്കലെ ദേവസിച്ചേട്ടന്റെ മകന് ജോസഫ്, മീശ മുളക്കാത്തൊരു ചെറുക്കനായിരുന്നു. ജന്മനാ തന്നെ ഒരെലുമ്പനുമായിരുന്നു. അവനെകാണുന്ന ഏവരുടെയും മുന്നില്‍ തിര്‍ത്തും ആരോഗ്യരഹിതന്‍.
അല്പം മുതിര്‍ന്നപ്പോള്‍ പഠിത്തത്തേക്കാള്‍ താല്പര്യം വോളിബോള്‍ കളിയോടായി. നില്‍ക്കുമ്പോഴും നടക്കുമ്പോഴും ഇരിക്കുമ്പോഴും എന്തിനേറെ ഉറങ്ങാന്‍ കിടക്കുമ്പോഴും ഒരു ജാഗ്രത അവനില്‍ രൂഡമൂലമാകാന്‍ തുടങ്ങി. എതിര് കോര്‍ട്ടില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും അടിച്ചിരുത്തപ്പെട്ടേക്കാവുന്ന ഒരു സ്മാഷ്….. തന്ത്രപരമായ ഒരു പ്ലേസിംഗ്…… അതായിരുന്നു എപ്പോഴും അവന്റെ മനസിലെ പ്രതീക്ഷയും കണക്കുകൂട്ടലും വ്യഗ്രതയും. ബാലകുതൂഹലമെന്ന് തോന്നാമെങ്കിലും അവന് നാട്ടിലെ ഇടവഴികളിലൂടെ നടക്കുമ്പോഴും ഉയര്‍ന്നു തൂങ്ങി നില്ക്കുന്ന മരച്ചില്ലയെ ലക്ഷ്യമാക്കി ഉയര്‍ന്ന് ചാടി അടിക്കുന്നത് ഒരു സ്വഭാവമായിരുന്നു.

പറഞ്ഞിട്ടെന്തു കാര്യം. കൊച്ചു ജോസഫ് ഇപ്പോഴും ആരോഗ്യരഹിതന്‍ തന്നെയായി തോന്നപ്പെട്ടു. അതിനാല്‍ ടൂര്‍ണ്ണമെന്റുകളിലെല്ലാം ജഴ്സി ധാരിയായി സൈഡ് ബെഞ്ചിലിരിക്കാനാണ് യോഗം. ഭക്ഷിക്കുന്നതൊന്നും ദേഹത്തു പിടിക്കുന്നില്ലന്ന് അടക്കം പറച്ചില് നാട്ടില്‍ തീപിടിച്ചു വരവേ ഒരിക്കല്‍ വടകരയില്‍ ഒരു മത്സരത്തിനായി വരാപ്പുഴയില്‍ നിന്നുള്ള ടീം പോയി.
വടകര പത്മനാഭന്, പടുകൂറ്റന്‍ സ്മാഷുകളാല് എതിരാളികളെ നിലം പരിശാക്കി കശക്കിയെറിയുന്ന കാലമാണത്.
എണ്‍പതുകളിലെ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിനോട് കളിക്കുന്നതിന്റെ തലേ ദിവസം രാത്രി, പേടിച്ചു വിറച്ച എതിര് ടീമംഗങ്ങള്‍ (മിക്കവാറും അന്നത്തെ ഇന്ത്യന്‍ ടീം) രോഗങ്ങള്‍ അഭിനയിച്ച് സിക്ക് ലീവെടുത്ത് സ്വന്തം തടി രക്ഷിക്കാന്‍ നോക്കുന്ന സ്ഥിതിവിശേഷമായിരുന്നു അന്ന്. വടകര പത്മനാഭന് ടീമിലുള്ളപ്പോള്‍ എതിര് ടീമംഗങ്ങള്‍ ഓരോ ഒഴിവ് കഴിവ് പറഞ്ഞ് മുങ്ങും. ആ മഹാനായ കളിക്കാരന് ബന്ധുമിത്രാധികളും ആരാധകരും ചാര്‍ത്തിക്കൊടുത്തൊരു ചെല്ല പേരായിരുന്നു, പപ്പന്.
വടകര മത്സരത്തില്‍ പത്മനാഭന് പതിവുപോലെ തന്റെ തേര് വാഴ്ച്ച ആരംഭിച്ച് വരാപ്പുഴക്കാരെ തലങ്ങും വിലങ്ങും നിലംപരിശാക്കിക്കൊണ്ടിരിക്കെ, കോച്ച് ഡേവിഡ് സര് പെട്ടെന്ന് ഒരു ട്വിസ്റ്റ് ഉണ്ടാക്കിയതു പ്രകാരം, അന്ന് പതിനേഴ് വയസ്സുള്ള ജോസഫ് പകരക്കാരനായി ഗ്രൗണ്ടിലിറങ്ങി. ഗോലിയാത്തിന്റെ മുമ്പില്‍ ചെന്ന് നിന്ന ദാവീദിനെപോലെ നിര്‍ഭയനായി നില്ക്കുന്ന ജോസഫിനെ വടകര പപ്പന് അല്പം തമാശകലര്‍ന്ന പുച്ഛത്തോടെ നോക്കിയോ.?
വടകര ടീമിന്റെ സര്‍വ്വീസിംഗ് അറ്റന്‍ഡ് ചെയ്ത വരാപ്പുഴ ടീമിന്റെ നടുവില്‍ നിന്ന് ഉയര്‍ന്നുപൊങ്ങിയ ബോളിന്റെ പിന്നാലെ ഇതാ ഉയര്‍ന്നു ചാടുന്നത് മറ്റാരുമല്ല. നമ്മുടെ എലുമ്പന് ജോസഫ് തന്നെ. തന്റെ കാല്‍മുട്ട് നെറ്റിന്റെ ഏതാണ്ട് അഗ്രഭാഗത്ത് എത്തുന്ന തരത്തിലായിരുന്നു ആ കുതിപ്പ്. അന്നുവരെ വോളിബോള്‍ ആരാധകര്‍ കാണാത്തത്ര ഒരു അത്യുഗ്രന്സ്മാഷ്.
അത്രയും ‘ചാരുതയാര്‍ന്ന ഷോട്ട് അറ്റാക്ക് അന്നുവരെ കണ്ടിട്ടില്ലത്രെ.
നോക്കുമ്പോള്‍ വടകര പപ്പനെന്ന വടവൃക്ഷം കടപുഴകിയ പോല്‍ ഗ്രൗണ്ടില്‍ മലര്‍ന്നടിച്ചു വീണുകിടക്കുന്നു ‘
ഗ്രൗണ്ടും ഗ്യാലറിയും തരിച്ചിരുന്നു പോയി. എങ്ങും നിശബ്ദത. ഇരു ടീമിലേയും കൂട്ടി പതിനൊന്ന് കളിക്കാരും പതിനായിരം കാണികളും, ജോസഫിനെ നോക്കി വായും പൊളിച്ചു നിന്നു. എന്തിനേറെ റഫറി പോലും വിസിലുതാന് മറന്ന് അന്തം വിട്ടു നില്ക്കുന്നു.
മിനിറ്റുകള്‍ കഴിയവേ, താഴെ നിന്നെഴുന്നേറ്റ വടകര പപ്പന് നേരെ എതിര്ക്കോര്ട്ടിലെത്തി ജോസഫിനെ കെട്ടിപ്പിടിച്ചിട്ട് ആ മഹാരഥനായ കളിക്കാരന് പറഞ്ഞു, ‘എന്നെ വീഴ്ത്തിയതിനാല്‍ ഇന്നു മുതല്‍ പപ്പന് എന്ന പേര് നിനക്കിരിക്കട്ടെ.’
അന്നു മുതല്‍ ടി.ഡി. ജോസഫ്, പപ്പന് എന്ന് അറിയപ്പെട്ടു. വോളിബോളിന്റെ സ്വന്തം പപ്പന് ചേട്ടന്.
ഇന്ത്യന്‍ വോളിബോളിന്റെ യശസ്സ് ഭൂഗോളമാകെയെത്തിച്ച ആ ചരിത്രവും ചരിത്രപുരുഷനും അന്നവിടെ ജനിച്ചു.
വരാപ്പുഴക്കാരുടെ സ്വകാര്യ അഹങ്കാരമായി മാറിയ പ്രതിഭാസം’
ആ വസന്തത്തിന്റെ തണലില്‍ പിന്നെയൊരു പൂക്കാലം തന്നെ വിരിഞ്ഞത്, വരാപ്പുഴയില്‍ മാത്രമല്ല,
പ്രാന്തപ്രദേശങ്ങളിലും പേരും പെരുമയും ദേശത്തിന്റെ യശസ്സും വാനോളമുയര്‍ത്തിയ നിരവധി കളിക്കാര്‍ കളങ്ങള്‍ നിറഞ്ഞു കളിച്ചു. കടന്നുപോയൊരു കാലത്തെ പ്രതി ഇന്നും ഇവിടത്തെ ഓരോ മനുഷ്യനേയും ആത്മപുളകിതമണിയിക്കുന്നതാണ്, വരാപ്പുഴയുടെ വോളിബോളിന്റെ ഈ അഭിമാന ചരിത്രം.

പപ്പന് ചേട്ടനെന്ന വോളിബോള്‍ രാജാവിന്റെ ഇതിഹാസത്തെക്കുറിച്ച് കൗമാരത്തില്‍ തന്നെ കേട്ടുതുടങ്ങിയതാണ്. പക്ഷേ, ഒരിക്കല്‍ പോലും ആ കളി വൈഭവമൊന്ന് നേരില്‍ കാണാനുള്ള ഭാഗ്യമുണ്ടായില്ല. അന്നാളില്‍ ചെട്ടിഭാഗത്തെ ക്രൈസ്റ്റ് നഗര്‍ കിസ്തുരാജാ പള്ളിയുടെ വടക്കുവശത്തുള്ള മലനാട് സിക്സസിന്റെ കോര്‍ട്ടില്‍ എന്നും വൈകുന്നേരങ്ങളില്‍ പരിശീലന മത്സരങ്ങളുണ്ടാകും. അതെ, തീ പാറുന്ന മത്സരങ്ങള്‍ തന്നെ. അതെല്ലാം സസൂക്ഷ്മം വീക്ഷിച്ചു കൊണ്ട് നില്ക്കുന്ന പപ്പന് ചേട്ടനെ കാണാം. കളിക്കുന്നവരുടെ മുഖത്ത് ഭയമോ, ചമ്മലോ കാണും. കളിക്കിടെ തന്നെ പപ്പന്ചേട്ടനവര്ക്ക്അഭിനന്ദനങ്ങളും നിര്‍ദേശങ്ങളും നല്കുന്നതു കാണുമ്പോള്‍ മനസ്സിലൊരു സന്തോഷമാണ്. അഭിമാനമാണ്….. അതെങ്കിലും കാണാന്‍ കഴിഞ്ഞല്ലോ.
പപ്പന് ചേട്ടന്റെ കളിജീവിതത്തിലെ വിജയഭേരികള്‍ നിറഞ്ഞ ഇതിഹാസം അദ്ദേഹത്തില്‍ നിന്നും അധികം ലഭിക്കുമായിരുന്നില്ല. കാരണം പപ്പന്‍ചേട്ടന്‍ തന്റെ അവസാന കാലംവരേയും വളരെ മിതമായി മാത്രം തന്നെക്കുറിച്ച് സംസാരിക്കുന്ന ആളായിരുന്നു. അന്ന് വരാപ്പുഴയില്‍, പ്രവര്‍ത്തിച്ചിരുന്ന ചിത്രാ മെഡിക്കല്‍ സെന്ററിലെ ഡോ.ജോസ് സക്കറിയാസും അവിടത്തെ
നൈറ്റ് ഡോക്ടറായ ജയകുമാറും വഴിയാണ് അദ്ദേഹത്തെക്കുറിച്ചുളള കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞത്.
പപ്പന്‍ചേട്ടന്റെ കൈത്തണ്ടില്‍, അന്ന്,85 കിലോ ഭാരമുള്ള ഡോ. ജയകുമാര്‍ തൂങ്ങുന്നത് കണ്ട് കൂറിയ അതിശയം ഇന്നും എന്റെ ഉള്ളിലുണ്ട്. ഡോക്ടര്‍ തന്നെ അതു കണ്ട് സ്തംഭിച്ചിരുന്നു പോയി. പലരോടും ഇതേക്കുറിച്ച് അഭിമാന പുരസരം പറയുന്നതിനും ഞാന്‍ സാക്ഷിയായിട്ടുണ്ട്. മരിക്കുമ്പോള്‍, പൊതുമേഖല സ്ഥാപനമായ ഫാക്ടില്‍ സ്പോര്‍ട്സ് ഓഫീസറായിരുന്നു പപ്പന് ചേട്ടന്. ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.കെ.കെ നായര്‍ മുന്‍കൈയ്യെടുത്താണ് ടീം രൂപികരിച്ചത്.
മികച്ച കളിക്കാരുടെ സംഖ്യ കൂടിയപ്പോള്‍ എ,ബി എന്നിങ്ങനെ രണ്ട് ടീമാക്കി നിലനിറുത്തി. എന്നിട്ടും മിക്ക ടൂര്‍ണ്ണമെന്റുകളിലും ഫാക്ട് ടീമുകള്‍ തമ്മില്‍ ഫൈനലില്‍ വരും. കപ്പ് ഫാക്ടിന് ഉറപ്പാണെങ്കിലും കളി കാണാന്‍ എത്തിയിരിക്കുന്ന കാണികളെ നിരാശപ്പെടുത്തരുതെന്ന എം.കെ.കെ നായരുടെ പ്രത്യേകമായ കര്‍ശന നിര്‍ദേശത്തെ അവര്‍ പ്രാവര്‍ത്തികമാക്കി..
കേട്ടറിഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ അച്ചടിക്കണമെങ്കില്‍ പത്രത്താളുകള്‍ ഒത്തിരി വേണ്ടി വരുമായിരുന്നു.
ചെട്ടിഭാഗത്തെ കോര്‍ട്ടില്‍ പകല്ക്കാലം മുഴുവന്‍ നീണ്ടു നില്ക്കുന്ന പരിശീലനത്തിനു ശേഷം എന്നും ഭൂവനദാസിനെ (പിന്നീട് പ്രശസ്ത വോളിബോള്‍ താരമായ മതിലകത്തുകാരന്‍) സൈക്കിളിന്റെ പിന്നിലിരുത്തി ബസ്റ്റോപ്പില്‍ കൊണ്ടുചെന്നാക്കുന്ന പപ്പന് ചേട്ടനെ ഓര്‍മയുണ്ട്. അന്ന് വിദ്യാര്‍ഥിയായിരുന്ന ഭുവനദാസ്, പരിശീലനത്തിനു വേണ്ടി എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് ബസും ബോട്ടുമെല്ലാം കയറി വരാപ്പുഴയില്‍ വരുമായിരുന്നു.
അതിശയകരമായ കഥകളാണെന്ന് ചിലപ്പോള്‍ കേള്‍ക്കുന്നവര്‍ക്കു തോന്നും. പപ്പന്‍ചേട്ടന്റെ ഒരു സ്മാഷ് നെഞ്ചില്‍ പതിച്ചതിനെ തുടര്‍ന്ന് കഴുത്തിലണിഞ്ഞ സ്വര്‍ണ്ണമാല തന്റെ നെഞ്ചിലേക്ക് പതിഞ്ഞമര്‍ന്നു കാര്യം വെളിപ്പെടുത്തിയത് കുന്നനാട്ട് ആല്‍ഫ്രഡ് ചേട്ടനായിരുന്നു. പുത്തന്‍പള്ളി പള്ളിയുടെ കവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന താഴികക്കുടങ്ങള്‍ പലവട്ടം തകര്‍ക്കപ്പെട്ടു. തേവര എസ്എച്ച് കോളജ് മൈതാനത്തിലെ കളിക്കിടെ പപ്പന് ചേട്ടന്റെ സ്മാഷിനെ തുടര്‍ന്ന് സ്ഥിരമായി മുന്നാം നിലയില്‍ തങ്ങുന്ന പന്തെടുക്കാന്‍ ഒരാളെ സ്ഥിരമായി അവിടെ നിയോഗിക്കേണ്ടി വന്നതിന്റെ കഥയുംകേട്ടിട്ടുണ്ട്.
ഈ ചരിത്ര പ്രയാണം ഭൂഖണ്ഡങ്ങള്ക്കപ്പുറത്തേക്കായപ്പോള് അറുപത് കൊല്ലം മുമ്പ് അന്നത്തെ സോവിയറ്റു യൂണിയനിലും സംഭവിച്ചത് ഇതിന്റെ തനിയാവര്‍ത്തനം തന്നെയായിരുന്നെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. അന്ന് ക്രെംലിനിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ ഇടിച്ചു നിന്ന ആ സ്മാഷുകള്‍ കണ്ട് അവരുടെ കോച്ച് പത്രക്കാരോട പറഞ്ഞു പോയത്രെ. ‘ ഹോ ,ഇവനൊരു സോവിയറ്റായിരുന്നെങ്കിലെന്ന് ..
അന്നവിടെ കളിച്ച ആറ് മാച്ചുകളിലെയും മികച്ച കളിക്കാരന് പപ്പനായിരുന്നു.
ജിമ്മിജോര്ജെന്ന മഹാനായ കളിക്കാരന് ലോക വോളിബോളില്‍ അടിയുറച്ച സ്ഥാനം ഉറപ്പിക്കുന്നതിനും എത്രയോ മുമ്പ് ലോക വോളിയുടെ ഭൂപടത്തില്‍ തന്റെയും ഈ നാടിന്റെയും സാന്നിധ്യം അരക്കിട്ടുറപ്പിച്ചു കഴിഞ്ഞിരുന്നു, പപ്പന്‍ചേട്ടന്‍. അതൊന്നും ചിത്രികരിച്ചു വെക്കാനുള്ള ചരിത്രബോധത്തിലേക്ക് നമ്മുടെ ശാസ്ത്ര ബോധം അന്നു വളര്‍ന്നിരുന്നില്ല.
1958 59ല്‍ സ്കൂള്വിദ്യാര്ഥിയായിരിക്കെ സംസ്ഥാന സീനിയര്‍ ടീമില്‍ സ്ഥാനം നേടിയ ജോസഫ് കിടയറ്റ അറ്റാക്കറെന്ന മികവോടെ രണ്ടുവര്‍ഷത്തിനകം ഇന്ത്യന്‍ടീമില്‍ സ്ഥാനമുറപ്പിച്ചു. 1962ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലാണ് പപ്പനിലെ വോളി കളിക്കാരന്റെ വൈഭവത്തിന് ദേശാന്തരീയ മാനം കിട്ടുന്നത്. കൊറിയക്കാരുടെ സംയുക്തടീമിനെ സെമിയില്‍ തോല്‍പ്പിച്ച് ഫൈനലില്‍ കടന്ന ഇന്ത്യക്ക് ജപ്പാനെതിരെ വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നെങ്കിലും പപ്പന് ചേട്ടന് ഇത് ഒരു ചാമ്പ്യന്‍ പരിവേഷം നല്കപ്പെട്ടു.
ഒരുകാലത്ത് കേരളത്തിന്റെ അഭിമാനതാരമായ പപ്പന് നയിച്ച എഫ്എസിടി ടീം ജനങ്ങളുടെ ആവേശവും ലഹരിയുമായിരുന്നു. ഇടതന് ജോയി (ഇടതുകൈകൊണ്ട് പന്തടിച്ചിരുന്നതിനാല് അങ്ങനെ അറിയപ്പെട്ടു). റാഫി, പാവറട്ടി ആന്റണി, കുര്യാക്കോസ് എന്നിവര്‍ക്കു പുറമെ, പപ്പന് ചേട്ടനൊടൊപ്പം വരാപ്പുഴയില്‍ പരിശീലനം നേടിയിരുന്ന ഭുവനദാസും ഫാക്ട് ടീമില്‍ ഉണ്ടായിരുന്നു.
1963ല്‍ ഡല്‍ഹിയില്‍ നടന്ന പ്രീ ഒളിമ്പിക് മത്സരത്തില്‍ പങ്കെടുത്ത ജോസഫിന്റെ കായികജീവിതത്തിലെ തിളക്കമാര്‍ന്ന ഏടുകളായിരുന്നു അടുത്ത മൂന്നുവര്‍ഷങ്ങള്‍.
1964ല്‍ സോവിയറ്റ് യൂണിയനില്‍ ക്രെംലിനില്‍ നടന്ന മത്സരങ്ങളില്‍ പപ്പന്റെ ഉജ്വല പ്രകടനം കണ്ട് മാധ്യമങ്ങള്‍ ഭാരതത്തിന്റെ ഈ വീരപുത്രനെ പ്രശംസകള്കൊണ്ട് പൊതിഞ്ഞു.
1966ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് സെമിയിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും പപ്പന് വന്‍കരയിലെ ഏറ്റവും മികച്ച സ്മാഷറായി തെരഞ്ഞെടുക്കപ്പെട്ടു. മോസ്കോ ലോകചാമ്പ്യന്‍ഷിപ്പില്‍ ലോകത്തിലെ 10 മികച്ച കളിക്കാരിലൊരാളായും.. ഏഷ്യയിലെ ഏറ്റവും മികച്ച താരമായും തെരഞ്ഞെടുക്കപ്പെട്ട ഈ മലയാളി അറുപതുകളില്‍ ഇന്ത്യന്‍ വോളിബോളിന്റെ മറുവാക്കായിരുന്നു.
കായികരംഗത്തെ മേലാളന്മാര് ഒരിക്കലും അദ്ദേഹത്തിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയിട്ടില്ല എന്നതും ഓര്‍ക്കേണ്ടതാണ്. ഏറെക്കാലം സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി വോളി കോര്‍ട്ടുകളില്‍ രക്തം വിയര്‍പ്പാക്കി പൊരുതിയ തന്നോട് ഇന്ത്യന്‍ വോളിബോള്‍ ഫെഡറേഷന്റെയും സംസ്ഥാന അസോസിയേഷന്റെയും തലപ്പത്തിരിക്കുന്നവര്‍ അനുവര്‍ത്തിച്ച നയം വേദനാജനകമായിരുന്നെന്ന് പപ്പന് തന്നെ പറഞ്ഞിട്ടുണ്ട്. ഈ രംഗത്തെ അവഗണനയുടെയും അസൂയയുടെയും ബലിയാടാവുകയായിരുന്നു പപ്പന്. രണ്ടുതവണ തട്ടിത്തെറിപ്പിക്കപ്പെട്ട അര്‍ജുന അവാര്‍ഡ് മരണാനന്തര ബഹുമതിയായെങ്കിലും നല്കാന് ആരും മുന്‍കൈയെടുത്തില്ല. എങ്കിലും വോളിബോളിലെ ഇടിമുഴക്കമായി പപ്പന് എക്കാലവും കായികപ്രേമികളുടെ മനസ്സിലുണ്ടാവും.
പപ്പന്റെ പേരില്‍ സ്റ്റേഡിയം
പപ്പന് ചേട്ടന്റെ മരണാനന്തരം 1998ലാണ് പി.എം എസ് (പപ്പന് മെമ്മോറിയില്‍ സ്പോര്‍ട്ട്സ് അക്കാദമി) സ്ഥാപിതമായത്. രാജ്യത്തിന്റെ നെഞ്ചിടിപ്പും അഭിമാനവുമായിരുന്ന ആ മഹാകളിക്കാരനോടുള്ള നാടിന്റെ സ്നേഹാജ്ഞലി തന്നെയായിരുന്നു പപ്പന് മെമ്മോറിയല്‍ സ്പോര്‍ട്ട് അക്കാദമിയെന്ന സംഘടനയുടെ രൂപികരണം. വരാപ്പുഴയിലെ അറിയപ്പെടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകനും നേതാവുമായിരുന്ന അന്തരിച്ച ടി.എന്‍ സോമന് ചേട്ടനായിരുന്നു ജനറല്‍ സെക്രട്ടറി.
സ്വന്തമായൊരു -കളിസ്ഥലം വേണമെന്ന നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് മണ്ണംതുരുത്തിലെ സ്ഥലം പഞ്ചായത്ത് വിലക്കു വാങ്ങുകയായിരുന്നു. അവിടെ ഒരുക്കിയ താത്ക്കാലിക സ്റ്റേഡിയത്തിലാണ് ആദ്യകാല മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നത്.
ജോര്‍ജ് ഈഡന് എറണാകുളം എം.പി ആയിരിക്കെ അനുവദിച്ച 20 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് രണ്ട് സ്ഥിരം ഗ്യാലറികള്‍ ഇവിടെ ആദ്യമായി നിര്‍മ്മിച്ചത്. സി.പി പാപ്പന് മാസ്റ്ററാണ് ഗ്രൗണ്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
2000-2009 കാലയളവില്‍ രണ്ട് അഖിലേന്ത്യ ടൂര്‍ണ്ണമെന്റുകളും മൂന്ന് ഓള് കേരളാ ടൂര്‍ണ്ണമെന്റുകളും രണ്ട് ജില്ലാ ചാമ്പ്യന്‍ഷിപ്പുകളും നിരവധി ലോക്കല്‍ മത്സരങ്ങളും ലീഗ് മത്സരങ്ങളും ഇവിടെ സംഘടിപ്പിച്ചു.
സമ്മര്‍കോച്ചിംഗ് ക്യാമ്പുകളും മുടക്കം കൂടാതെ നടത്തിവരുന്നു. അതിലൂടെ നിരവധി പ്രതിഭകളെ കണ്ടെത്താനും ദേശീയ സംസ്ഥാന തലങ്ങളിലേക്ക് അവരെ അയക്കാനും അക്കാദമിക്ക് കഴിഞ്ഞു.
2011-ലാണ് ഇന്നു കാണുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം ഉയര്‍ന്നത്. ടി.സി ഡേവിഡ് സാറിന്റെ നേതൃത്വത്തിലുള്ള പി.എം എസ് എ
ഭാരവാഹികളുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായിട്ടാണ് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനുള്ള തറക്കല്ലിടുന്നതും ഇന്നിപ്പോള്‍ , വരാപ്പുഴയുടെ സാമൂഹീകഭൂപടത്തില് ഏറ്റവും നിര്‍ണ്ണായകമായ തലയെടുപ്പോടെ ഈ ഇന്‍ഡോര്‍ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതും.
നാഷണല്‍ ഗെയിംസിന്റെ എന്‍ജിനിയറിംഗ് വിഭാഗം നിര്‍മ്മാണ ചുമതല നിര്‍വഹിച്ച സ്റ്റേഡിയത്തിലെ കോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്, അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത മേപ്പിള്‍ മരം ഉപയോഗിച്ചാണ്. അഴിച്ചുമാറ്റാവുന്ന 500 ഇരിപ്പിടങ്ങള്‍.
ഓഫീസ്. സ്ത്രികള്‍ക്കും പുരുഷന്മാര്ക്കുമുള്ള പ്രത്യേകം ശുചിമുറികള്‍, ഡ്രെസിംഗ് റൂമുകള്‍ എല്ലാം ഇവിടെ ഉണ്ട്.
വി. ഡി. സതീശന് എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും വകയിരുത്തിയ മൂന്നേമുക്കാല്‍ കോടി രൂപ ചിലവാക്കിയാണ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിച്ചത്.