വത്തിക്കാൻ: ആർക്കും അംഗീകരിക്കാനാകാത്തത്ര വിധത്തിൽ, ഭീതിജനകമായ അവസ്ഥയിൽ ജീവിക്കാനും, തങ്ങളുടെ നാട്ടിൽനിന്ന് നിർബന്ധിതമായി ഒഴിഞ്ഞുമാറാനും വിധിക്കപ്പെട്ട ഗാസായിലെ പാലസ്തീൻ ജനതയ്ക്ക് തന്റെ ശക്തമായ സാമീപ്യമറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ.
സെപ്റ്റംബർ 17 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചയുടെ അവസാനം വിവിധ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ്, തികച്ചും ദുരിതകരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന പാലസ്തീൻ ജനതയെ പാപ്പാ അനുസ്മരിച്ചത്.
സർവ്വശക്തനും, കൊല്ലരുതെന്ന് ആജ്ഞാപിച്ചവനുമായ ദൈവത്തിന്റെയും, മുഴുവൻ മാനവികചരിത്രത്തിന്റെയും മുന്നിൽ, എല്ലാ മനുഷ്യർക്കും തകർക്കപ്പെടരുതാത്ത ഒരു അന്തസ്സുണ്ടെന്നും, അത് ബഹുമാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണ്ടതാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
അന്താരാഷ്ട്രമനുഷ്യാവകാശനിയമങ്ങൾ പൂർണ്ണമായി പാലിക്കപ്പെടാൻവേണ്ടി, വെടിനിറുത്തൽ പ്രഖ്യാപിക്കാനും, ബന്ദികളെ വിട്ടയക്കാനും, നയതന്ത്രചർച്ചകളിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കാണാനും താൻ മുന്നോട്ടുവച്ച അഭ്യർത്ഥന ആവർത്തിക്കുന്നതായും പാപ്പാ പ്രസ്താവിച്ചു. സമാധാനത്തിന്റെയും നീതിയുടെയും ഒരു പുലരി വേഗം പിറക്കാനായി തന്നോടൊപ്പം ശക്തമായി പ്രാർത്ഥിക്കാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.
സെപ്റ്റംബർ 16 ചൊവ്വാഴ്ച വൈകുന്നേരം കസ്തേൽ ഗാന്തോൾഫോയിലുള്ള വില്ല ബാർബരീനി എന്ന തന്റെ വേനൽക്കാലവസതിയിൽനിന്ന് തിരികെ വത്തിക്കാനിലേക്ക് മടങ്ങുന്നതിന് മുൻപായി പത്രപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെ, ഗാസായിലെ ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളിൽ പാപ്പാ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
അവിടെയുള്ള തിരുക്കുടുംബദേവാലയം വികാരി ഫാ. റൊമനെല്ലിയുമായി സംസാരിച്ചതിനെപ്പറ്റിയും, അവിടുത്തെ വിശേഷങ്ങൾ അറിഞ്ഞതിനെപ്പറ്റിയും സംസാരിച്ച പാപ്പാ, അവർ നിലവിൽ തങ്ങളുടെ ഇടവകയിൽ തുടരുകയാണെന്നും, അവിടുത്തെ സ്ഥിതിഗതികൾ മോശമായിക്കൊണ്ടിരിക്കുകയാണെന്നും, ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേൽ ഗാസാ സിറ്റിയിലുൾപ്പെടെയുള്ള ആക്രമണങ്ങൾ ശക്തമാക്കിയിരുന്നു. നിരവധി ആളുകൾ ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു