ലാഹോർ: പാക്കിസ്ഥാനിൽ മരിയൻ തീർത്ഥാടനത്തിനായി ക്രൈസ്തവർ സഞ്ചരിച്ച മിനി ബസിനു നേരേയുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. പഞ്ചാബ് പ്രവിശ്യാ തലസ്ഥാനമായ ലാഹോറിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള മരിയാമാബാദിലെ ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രത്തിലെ തിരുനാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പോയ തീർത്ഥാടകർക്കു നേരേയാണ് വെടിവയ്പ്പുണ്ടായത്.
അഫ്സൽ മസിഹ് (42) എന്ന ക്രൈസ്തവ വിശ്വാസിയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ മകന് പരിക്കേറ്റു. റിക്ഷാ ഡ്രൈവറായിരുന്ന അഫ്സൽ മാസിഹ് വിവാഹിതനും നാല് കുട്ടികളുടെ പിതാവുമാണ്.
ലാഹോർ അതിരൂപതയിലെ സമാനാബാദ് പരിസരത്തുള്ള സെന്റ് അൽഫോൻസ് ഇടവകാംഗമാണ്. ലാഹോറിൽ നിന്നുള്ള മറ്റ് തീർത്ഥാടകർക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ, മോട്ടോർ സൈക്കിളുകളിൽ എത്തിയ ഏതാനും യുവാക്കൾ സംഘത്തെ പ്രകോപിപ്പിക്കുകയായിരിന്നു. ഇതേ തുടര്‍ന്നു തർക്കമുണ്ടായി.
യുവാക്കളുടെ പക്കലുണ്ടായിരിന്ന കുരിശുകൾ കണ്ട് ക്രിസ്ത്യൻ തീർത്ഥാടകരാണെന്ന് തിരിച്ചറിഞ്ഞപ്പോൾ മുതല്‍ ഇവര്‍ പ്രകോപിതരാകുകയായിരിന്നു. അഫ്സൽ മാസിഹിനെയും മറ്റ് വിശ്വാസികളെയും അപമാനിക്കാൻ ശ്രമം നടത്തി.വാഹനം പെട്രോൾ പമ്പിൽ നിർത്തിയപ്പോഴാണ് മുഹമ്മദ് വഖാസ് എന്ന പ്രതിയും കൂട്ടരും വെടിയുതിർത്തത്.
വെടിയേറ്റ അഫ്സലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. പള്ളിയിൽനിന്ന് 30 കിലോമീറ്റർ അകലെയായിരിന്നു സംഭവം. 1893ൽ കപ്പൂച്ചിൻ മിഷ്ണറിമാർ സ്ഥാപിച്ച മരിയമാബാദിലെ ലൂർദ് ഗ്രോട്ടോ 1949ൽ ലാഹോർ അതിരൂപതയുടെ കീഴിലുള്ള ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചിരിന്നു.
എല്ലാവർഷവും സെപ്റ്റംബര്‍ മാസത്തില്‍ മാത്രം അഞ്ചു ലക്ഷത്തിലേറെ തീര്‍ത്ഥാടകരാണ് ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. സഞ്ചാര സ്വാതന്ത്ര്യത്തിന് പോലും പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ നേരിടുന്ന ഭീഷണി വെളിപ്പെടുത്തുന്നതാണ് സംഭവം.