ന്യൂഡൽഹി :ബിഹാര്‍ എസ്ഐആറിലുള്ള വാദത്തിനിടെ ,രാജ്യ വ്യാപകമായി നടക്കുന്ന എസ്ഐആര്‍ എങ്ങനെ തടയാനാകുമെന്ന് സുപ്രീം കോടതി ചോദിച്ചു . സംസ്ഥാനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ കേള്‍ക്കുമെന്നും സുപ്രീംകോടതി പറഞ്ഞു . തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരങ്ങളുണ്ട് .
ബിഹാറില്‍ നടപ്പിലാക്കുന്ന എസ്ഐആര്‍ രാജ്യവ്യാപകമായി നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നീക്കം നടത്തുന്നതായി അഭിഭാഷകര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് കോടതിയുടെ ചോദ്യം. ഏതെങ്കിലും സംസ്ഥാനം ഹര്‍ജിയുമായി എത്തിയാല്‍ പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പുതുക്കിയ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ആധാര്‍ സാധുതയുള്ള ഐഡി ആക്കണമെന്ന ഉത്തരവ് ഭേദഗതി ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി നിരാകരിച്ചു.ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായയാണ് ഈ ആവശ്യം ഉന്നയിച്ചത്. റേഷന്‍ കാര്‍ഡുകള്‍, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ മറ്റ് രേഖകളും ആധാര്‍ പോലെ തന്നെ വ്യാജമായി നിര്‍മ്മിക്കപ്പെടാന്‍ സാധ്യതയുണ്ട്. ആ കാരണത്താല്‍ ആധാറിനെ ഒഴിവാക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ബിഹാറിനു പിറകെ കേരളത്തിലും എസ്.ഐ.ആര് വരുന്നുണ്ട് . ഇതിനുള്ള നടപടികൾ ആരംഭിച്ചു. അടുത്ത വർഷം ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ചു. അതിനുള്ളിൽ നടപടികൾ പൂർത്തിയാക്കും. ഇതിനായി നിർദ്ദേശം സംസ്ഥാന സിഇഒമാർക്ക് നൽകി. സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട് .
സംസ്ഥാനത്ത് എസ് ഐ ആർ നടപ്പാക്കും മുൻപ് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കും. കൂടാതെ മാധ്യമങ്ങൾക്കും പ്രക്രിയയുടെ വിശദാംശങ്ങൾ നൽകും. വോട്ടര്‍ പട്ടിക സംബന്ധിച്ച് പരാതികള്‍ ഫയല്‍ ചെയ്യാന്‍ എല്ലാവർക്കും അവകാശമുണ്ട്.
ആധാര്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കാനുള്ള ഉത്തരവ് ഭേദഗതി ചെയ്തില്ലെങ്കില്‍ മഹാദുരന്തമായി മാറുമെന്നും വിദേശികള്‍ക്കും ആധാര്‍ നല്‍കുന്നുണ്ടെന്നും അശ്വിനി കുമാര്‍ ഉപാധ്യായ അഭിപ്രായപ്പെട്ടു. ദുരന്തമാണോ അല്ലയോ എന്നത് തെരഞ്ഞെടുപ്പ് കമ്മീഷന് പരിശോധിക്കട്ടെ. വിഷയത്തില്‍ നിങ്ങളുടെ വാദം കേള്‍ക്കാന്‍ കോടതി തയ്യാറാണ്. ഇടക്കാല ഉത്തരവാണ് കോടതി അന്ന് പുറപ്പെടുവിച്ചതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വോട്ടര്‍പട്ടിക പരിഷ്കരണത്തില്‍ ഒക്ടോബര്‍ ഏഴിന് അന്തിമ വാദം കേള്‍ക്കുന്നതിനായി സുപ്രീംകോടതി മാറ്റി.