എഡിറ്റോറിയൽ / ജെക്കോബി
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ജീവപര്യന്തം തടവും ഒരു കോടി രൂപ വരെ പിഴയും മാത്രമല്ല, സംഭവവുമായി ബന്ധപ്പെട്ട മതസ്ഥാപനത്തിന്റെയോ സംഘടനയുടെയോ രജിസ്ട്രേഷനും ലൈസന്‍സും എന്നന്നേയ്ക്കുമായി റദ്ദാക്കാനും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനും അതിന്റെ വസ്തുവകകള്‍ കണ്ടുകെട്ടാനും മതപരിവര്‍ത്തനം നടന്ന കെട്ടിടം മറ്റാരുടെയെങ്കിലും ഉടമസ്ഥതയിലാണെങ്കില്‍ പോലും അത് പിടിച്ചെടുത്ത് ഇടിച്ചുനിരത്താനും വ്യവസ്ഥ ചെയ്യുന്ന ബില്ല് രാജസ്ഥാന് നിയമസഭ പാസാക്കിയിരിക്കുന്നു.
ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും മാതൃകയെ അതിശയിക്കുന്ന, രാജ്യത്തെ ഏറ്റവും നിശിതമായ മതപരിവര്‍ത്തന നിരോധന നിയമം തന്നെ വേണമെന്ന ശാഠ്യത്തോടെയാവണം, ഏഴു മാസം മുന്‍പ് പാസാക്കിയ ബില്ല് പിന്‍വലിച്ചുകൊണ്ട് രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മ കൂടുതല്‍ വിപുലീകരിച്ച് പരിഷ്കരിച്ച പുതിയ പതിപ്പ് കൊണ്ടുവന്നിരിക്കുന്നത്.
ഗോത്രവര്‍ഗക്കാരും ദലിതരും ഉള്‍പ്പെടെയുള്ള ദുര്‍ബല വിഭാഗങ്ങളെ നിര്‍ബന്ധിച്ച് മതംമാറ്റുന്നതും ലൗ ജിഹാദും നിരോധിക്കാനായാണ് ബില്ല് കൊണ്ടുവരുന്നതെന്നാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ആദ്യ ബില്ല് അവതരിപ്പിച്ചപ്പോള്‍ രാജസ്ഥാന് നിയമമന്ത്രി ജോഗാറാം പട്ടേല്‍ പറഞ്ഞത്.
പ്രണയിച്ചും വിവാഹവാഗ്ദാനം നല്‍കിയും അന്യമതസ്ഥരായ യുവതികളെ വശത്താക്കി മുസ്ലിം പുരുഷന്മാര് അവരെ ചതിയിലൂടെ ഇസ് ലാം മതത്തില്‍ ചേര്‍ക്കുന്നു എന്ന സംഘപരിവാര്‍ ആഖ്യാനത്തിന്റെ വിദ്വേഷ സംജ്ഞയാണ് ‘ലൗ ജിഹാദ്’. വാസ്തവത്തില്‍ രാജസ്ഥാനില്‍ ലൗ ജിഹാദ് കേസ് ഒന്നും തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് കഴിഞ്ഞ അസംബ്ലി സമ്മേളനത്തില്‍ ഒരു ഭരണകക്ഷി എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി സര്‍ക്കാര്‍ തന്നെ പറഞ്ഞത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മതപരിവര്‍ത്തനം സംബന്ധിച്ച് 13 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തതെന്നും അവയെല്ലാം അവസാനിപ്പിച്ചുവെന്നും സര്‍ക്കാര്‍ രേഖാമൂലം അറിയിക്കുകയുമുണ്ടായി.
എന്നാല്‍, ‘എളുപ്പത്തില്‍ കബളിപ്പിക്കപ്പെടാവുന്ന ഒട്ടേറെയാളുകള്‍’ അടുത്തകാലത്തായി തെറ്റിദ്ധാരണകളിലൂടെയും തെറ്റായ വിവരങ്ങളിലൂടെയും ബലപ്രയോഗത്തിലൂടെയും അനാവശ്യ സ്വാധീനത്തിലൂടെയും പ്രചാരണത്തിലൂടെയും നിര്‍ബന്ധത്തിലൂടെയും വശീകരണത്തിലൂടെയും വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെയും ഒരു മതവിശ്വാസത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറിയിട്ടുണ്ടെന്നും, ഭരണഘടനയുടെ 25-ാം വകുപ്പ് മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുണ്ടെങ്കിലും വഞ്ചന, പ്രലോഭനം, ഭീഷണി, ഭയപ്പെടുത്തല്‍, തട്ടിപ്പ് എന്നിവ വഴിയുള്ള മതപരിവര്‍ത്തനത്തെ അത് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും സംസ്ഥാനത്തിന്റെ ഭാവിസുരക്ഷയ്ക്കും സാമൂഹിക മൈത്രിക്കും മതപരിവര്‍ത്തന നിരോധന നിയമം അത്യന്താപേക്ഷിതമാണെന്നുമാണ് അസംബ്ലിയില്‍ പുതിയ ബില്ല് അവതരിപ്പിച്ച ആഭ്യന്തര വകുപ്പ് സഹമന്ത്രി ജവാഹര്‍ സിങ് ബേഡം വിശദീകരിച്ചത്. പ്രതിപക്ഷത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു.
പൂര്‍വികരുടെ ‘മൂലധര്മ്മത്തിലേക്കു മടങ്ങുന്നതിനെ’ (ഘര്‍വാപസി) രാജസ്ഥാന് മതപരിവര്‍ത്തന നിരോധന നിയമവ്യവസ്ഥകളില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കുന്നുണ്ട്. ഗുജറാത്തിലും ഛത്തീസ്ഗഡിലും മറ്റും ആദിവാസി മേഖലകളില്‍ ക്രൈസ്തവ ഗോത്രവര്‍ഗക്കാരെയും ദലിതരെയും നിരന്തരം ആക്രമിച്ചും ഭീഷണിപ്പെടുത്തിയും സാമൂഹിക വിലക്കു പ്രഖ്യാപിച്ചും കള്ളക്കേസുകളില്‍ കുടുക്കിയും ആരാധനാലയങ്ങള്‍ തകര്‍ത്തും വീടുകളില്‍ പ്രാര്‍ഥിക്കുന്നതു തടഞ്ഞും ഗ്രാമത്തില്‍ മൃതസംസ്കാരം അനുവദിക്കാതെയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ജീവിതം ദുസ്സഹമാക്കിയും പട്ടികജാതി, പട്ടികവര്‍ഗ ആനുകൂല്യങ്ങള്‍ നിഷേധിച്ചും എല്ലാതരത്തിലും സമ്മര്‍ദത്തിലാക്കി ആര്‍എസ്എസ്, വിശ്വഹിന്ദു പരിഷത്ത്, വനവാസി കല്യാണ്‍ പരിഷത്ത്, ഹിന്ദു ജാഗരണ്‍ മഞ്ച് തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ‘ഹിന്ദുകരണ്’ എന്ന പേരില്‍ നടത്തിവരുന്ന ഘര്‍വാപസി ‘ശുദ്ധികര്‍മങ്ങള്‍’ ആണ് രാജ്യത്ത് നടക്കുന്ന ഏറ്റവും പ്രത്യക്ഷമായ നിര്‍ബന്ധിത, നിയമവിരുദ്ധ കൂട്ടമതപരിവര്‍ത്തനം.
ആദിവാസികളെ വനവാസി എന്നു വിളിച്ച് ആക്ഷേപിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയക്കാരോട്, തങ്ങളുടെ ഗോത്രങ്ങള്‍ ഒരിക്കലും സനാതനധര്മത്തിന്റെയോ ഹൈന്ദവ ജാതിവര്ണവ്യവസ്ഥയുടെയോ ഭാഗമായിരുന്നിട്ടില്ലെന്നും, ബ്രിട്ടീഷ് ഇന്ത്യയില്‍ അവസാനമായി ജാതി തിരിച്ചുള്ള സെന്‍സസ് രേഖപ്പെടുത്തിയതില്‍ തങ്ങളെ മറ്റു മതവിഭാഗങ്ങളില്‍ നിന്നു വേര്‍തിരിച്ച് സ്വതന്ത്ര മതസംഹിതയിലാണ് ഉള്‍പ്പെടുത്തിയിരുന്നതെന്നും, മറ്റു മതവിശ്വാസങ്ങള്‍ സ്വീകരിച്ചിട്ടുള്ള ആദിവാസികള്‍ തിരിച്ചുവരേണ്ടതുണ്ടെങ്കില് അത് ഗോത്രവര്‍ഗങ്ങളുടെ തനതു വിശ്വാസത്തിലേക്കാണെന്നും രാജസ്ഥാനിലെ ഭാരത് ആദിവാസി പാര്‍ട്ടി നേതാക്കള്‍ ബിജെപി ഭരണകൂടത്തെ ഓര്‍മിപ്പിക്കുന്നുണ്ട്. ആദിവാസികള്‍ ഹിന്ദുക്കളല്ല എന്ന ഭാരത് ആദിവാസി പാര്‍ട്ടിയുടെ ബംസ് വാഡ എംപിയുടെ പ്രസ്താവനയില്‍ പ്രകോപിതനായി, ഹിന്ദുക്കളല്ലാത്ത ഗോത്രവര്‍ഗക്കാരുടെ ഡിഎന്‍എ പരിശോധിക്കണമെന്നു പറഞ്ഞ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവറിന് പിന്നീട് നിയമസഭയില്‍ മാപ്പുചോദിക്കേണ്ടിവന്നതാണ്.
മതപരിവര്‍ത്തനം ലക്ഷ്യമാക്കിയുള്ള വിവാഹമോ വിവാഹത്തിനുവേണ്ടിയുള്ള മതപരിവര്‍ത്തനമോ അസാധുവായി പ്രഖ്യാപിക്കുമെന്ന് ബില്ലില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ടതൊക്കെ വാറന്റ് കൂടാതെ അറസ്റ്റു ചെയ്യാവുന്ന കൊഗ്നൈസബിള്‍ കുറ്റകൃത്യമാണ്, ജാമ്യം കിട്ടുക ദുഷ്കരവും. കുറ്റം ചെയ്തിട്ടില്ലെന്ന് കുറ്റാരോപിതന് തെളിയിക്കണം. വിവാഹത്തിന്റെ മറയില്‍ മതപരിവര്‍ത്തനം നിര്വഹിക്കുന്നയാളും അതിന് കൂട്ടുനില്‍ക്കുന്നവരും പ്രതികളാകും. ഭയപ്പെടുത്തിയും ബലംപ്രയോഗിച്ചും അതിക്രമം കാട്ടിയും വിവാഹവാഗ്ദാനം നല്‍കിയും വിവാഹം കഴിച്ചും കടത്തിക്കൊണ്ടുപോയും തട്ടിക്കൊണ്ടുപോകുന്നതിന് ഗൂഢാലോചന നടത്തിയും മതപരിവര്‍ത്തനം നടത്തുന്നതിന് 20 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും ചുരുങ്ങിയത് 30 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴത്തുക ഇരകള്‍ക്കു നല്‍കണം. കോടതിക്ക് വേണമെങ്കില്‍ 10 ലക്ഷം രൂപ കൂടി നഷ്ടപരിഹാരമായി വിധിക്കാം.
ഒരു മതത്തിലെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും അതിന്റെ ഏതെങ്കിലും അവിഭാജ്യഘടകത്തെയും മറ്റൊരു മതവുമായി താരതമ്യപ്പെടുത്തി ഹാനികരമായ രീതിയില്‍ ചിത്രീകരിക്കുകയോ, ഒരു മതത്തെ മറ്റൊന്നിനെക്കാള്‍ മഹത്വവത്കരിക്കുകയോ ചെയ്യുന്നത് ‘വശീകരണം’ എന്ന നിര്‍വചനത്തില്‍ പെടുത്തിയിരിക്കുന്നു. ഡിജിറ്റല്‍ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും മുഖേന ആരെയെങ്കിലും മതംമാറ്റത്തിനു പ്രേരിപ്പിക്കുന്നത് കുറ്റകരമാണ്. മതപരിവര്‍ത്തനം നടത്താനുള്ള ഉദ്ദേശ്യത്തോടെയോ അതിന് സൗകര്യമൊരുക്കും വണ്ണമോ അച്ചടിച്ച സാമഗ്രികള്‍, അച്ചടിമാധ്യമം, സമൂഹമാധ്യമം, മെസേജിങ് ആപ്ലിക്കേഷന്‍, മറ്റേതെങ്കിലും ഡിജിറ്റല്‍ ഉപാധി തുടങ്ങി ഏതെങ്കിലും മാധ്യമത്തിലൂടെ വ്യവസ്ഥാപിത രീതിയില്‍ വിവരങ്ങളും ആശയങ്ങളും വിശ്വാസങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കല്‍ കുറ്റകരമായ പ്രൊപ്പഗാന്തയാണ്. നിയമപരമായ സ്ഥാപനം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അനാഥശാലകള്‍, വൃദ്ധസദനങ്ങള്‍, ആശുപത്രികള്‍, മതപ്രചാരകര്‍, സര്‍ക്കാരേതര സംഘനകള്‍, പൊതുസ്വഭാവമുള്ള മറ്റു സംഘടനകള്‍ എന്നിവ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നു.
നിയമവിരുദ്ധ മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് ഏഴു മുതല്‍ 14 വര്‍ഷം വരെ ജയില്‍ശിക്ഷയും ചുരുങ്ങിയത് അഞ്ചു ലക്ഷം രൂപ പിഴയും ലഭിക്കും. പഴയ ബില്ലില്‍ ഒരു വര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ തടവും ചുരുങ്ങിയത് 15,000 രൂപ പിഴയുമായിരുന്നു ശിക്ഷ. പ്രായപൂര്‍ത്തിയാകാത്തയാളോ ഭിന്നശേഷിക്കാരോ സ്ത്രീയോ പട്ടികജാതി, പട്ടികവര്‍ഗക്കാരോ ആണ് മതപരിവര്‍ത്തനത്തിന് ഇരയാകുന്നതെങ്കില് 10 മുതല്‍ 20 വര്‍ഷം വരെ തടവും ചുരുങ്ങിയത് 10 ലക്ഷം രൂപ പിഴയും ലഭിക്കും. നേരത്തെ രണ്ടു വര്‍ഷം മുതല്‍ 10 വര്‍ഷം വരെയും തടവും ചുരുങ്ങിയത് 25,000 രൂപ പിഴയുമായിരുന്നു ശിക്ഷ. ഭിന്നശേഷിക്കാരെ അതില്‍ പരാമര്‍ശിച്ചിരുന്നില്ല. രണ്ടോ അതിലധികം പേരോ ഉള്‍പ്പെടുന്ന കൂട്ടമതപരിവര്‍ത്തനത്തിന് 20 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും 25 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. മൂന്നു മുതല്‍ 10 വര്‍ഷം വരെ തടവും ചുരുങ്ങിയത് 50,000 രൂപ പിഴയുമാണ് മുന്‍ ബില്ലില്‍ നിര്‍ദേശിച്ചിരുന്നത്. പഴയ ബില്ലില്‍ വിദേശ ഫണ്ടിങ്ങിനെക്കുറിച്ച് പരാമര്‍ശമില്ലായിരുന്നു.
വിദേശത്തു നിന്നോ നിയമവിരുദ്ധ സ്ഥാപനത്തില്‍ നിന്നോ മതപരിവര്‍ത്തനത്തിനായി പണം ഉപയോഗിച്ചാല്‍ 10 – 20 വര്‍ഷം തടവും ചുരുങ്ങിയത് 20 ലക്ഷം രൂപ പിഴയും ലഭിക്കാന്‍ പുതിയ ബില്ലില്‍ വ്യവസ്ഥയുണ്ട്. ആവര്‍ത്തിച്ച് കുറ്റകൃത്യം ചെയ്യുന്നവര്‍ക്ക് 20 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും ചുരുങ്ങിയത് 50 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. അന്വേഷണം നടത്തി, നിയവിരുദ്ധ മതപരിവര്‍ത്തനത്തിന് ഉപയോഗിച്ച കെട്ടിടം ഈ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടയാളുടെ പേരിലോ മറ്റാരുടെയെങ്കിലും പേരിലുള്ളതോ ആയാലും ഉടമയുടെ അനുമതി കൂടാതെ ഉപയോഗിക്കപ്പെട്ടതാണെങ്കിലും കണ്ടുകെട്ടുകയോ ഇടിച്ചുനിരത്തുകയോ ചെയ്യാന്‍ വകുപ്പുണ്ട്.
സ്വമേധയാ മതപരിവര്‍ത്തനം നടത്തുന്നതിനുള്ള നടപടിക്രമം ക്ലേശകരമാണ്. 90 ദിവസത്തിനു മുന്‍പ് നിശ്ചിത ഫോമിലുള്ള സത്യവാങ്മൂലം പൂരിപ്പിച്ച് ജില്ലാ മജിസ്ട്രേട്ടിനോ പ്രത്യേകം നിയോഗിക്കപ്പെട്ട എഡിഎമ്മിനോ സമര്‍പ്പിക്കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ ഏഴു മുതല്‍ 10 വര്‍ഷം വരെ തടവും മൂന്നു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
മതപരിവര്‍ത്തനത്തിനു കാര്മികനാകുന്നയാള് നിശ്ചിത ഫോമില്‍ ഡിഎമ്മിനോ എഡിഎം റാങ്കില്‍ താഴെയല്ലാത്ത ഉദ്യോഗസ്ഥനോ രണ്ടു മാസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ 10 മുതല്‍ 14 വര്‍ഷം വരെ തടവും അഞ്ചു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. മതപരിവര്‍ത്തനത്തിനായുള്ള നോട്ടീസ് ഡിഎം ഓഫിസിലെയോ തഹസില്‍ദാര്‍, ഗ്രാമപഞ്ചായത്ത്, തദ്ദേശ ഭരണ കാര്യാലയങ്ങളിലെയോ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം. ആരെങ്കിലും എതിര്‍പ്പു പ്രകടിപ്പിച്ചാല്‍, മതപരിവര്‍ത്തനത്തിന്റെ യഥാര്‍ഥ ഉദ്ദേശ്യം, ലക്ഷ്യം, കാരണം എന്നിവയെ സംബന്ധിച്ച് ലോക്കല്‍ പൊലീസും റവന്യൂ വകുപ്പും സാമൂഹ്യനീതി വകുപ്പും തദ്ദേശഭരണ വകുപ്പും മറ്റും മുഖേന സമയബന്ധിതമായി, കഴിവതും പത്തു ദിവസത്തിനകം, അന്വേഷണം നടത്തണം.
മതപരിവര്‍ത്തനത്തിനു ശേഷം 72 മണിക്കൂറിനകം സത്യവാങ്മൂലം സമര്‍പ്പിക്കണം. വ്യക്തിയുടെ ഫോട്ടോയുള്ള ഐഡി കാര്‍ഡ്, ആധാര്‍ തുടങ്ങിയ വിവരങ്ങള്‍ സഹിതമുള്ള ഫോം ആണ് സമര്‍പ്പിക്കേണ്ടത്. പത്തു ദിവസത്തിനകം വ്യക്തി ഡിഎമ്മിനു മുമ്പാകെ നേരിട്ട് ഹാജരായി തന്റെ ഐഡന്റിറ്റി സ്ഥിരീകരിക്കണം. ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ ഉന്നയിക്കണമെന്ന് നിര്‍ദേശിച്ച് ഈ വിവരങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം. ആക്ഷേപം ലഭിച്ചാല്‍ അന്വേഷണം നടത്തി മതപരിവര്‍ത്തനം റദ്ദാക്കാവുന്നതാണ്.
മതപരിവര്‍ത്തനത്തിന് ഇരകളായവര്‍ക്കും അവരുമായി രക്തബന്ധമുള്ളവര്‍ക്കും വിവാഹം, ദത്തെടുക്കല്‍ എന്നിവയിലൂടെ അവരുമായി ബന്ധപ്പെട്ടവര്‍ക്കുമാണ് പരാതി സമര്‍പ്പിക്കാന്‍ അവകാശമുണ്ടായിരുന്നത്. പുതിയ ബില്ലില്‍ ആര്‍ക്കുവേണമെങ്കിലും പരാതി സമര്‍പ്പിക്കാം.
നിങ്ങള്‍ ഏതു മതത്തില്‍ വിശ്വസിക്കണമെന്നും ഏതു മതവിഭാഗത്തില്‍ നിന്നു ജീവിതപങ്കാളിയെ സ്വീകരിക്കണമെന്നും ജില്ലാ കലക്ടറോ പൊലീസോ ആര്‍എസ്എസിന്റെ പ്രാന്ത കാര്യവാഹോ ബജ്റങ് ദള്‍ ബ്രിഗേഡോ നിശ്ചയിക്കുമെന്നു വന്നാല്‍ ഭരണഘടനയില്‍ പറയുന്ന മനഃസാക്ഷി സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം, സ്വകാര്യത, തുല്യത, മനുഷ്യാവകാശം തുടങ്ങിയ സുന്ദര സങ്കല്പനങ്ങള്ക്ക് എന്തു പ്രസക്തിയാണുള്ളത്? വാട്സ്ആപ്പില്‍ ഒരു പ്രാര്‍ഥനാ സന്ദേശം ഷെയര്‍ ചെയ്താല്‍ മതപരിവര്‍ത്തനം ആരോപിച്ച് ആരെയും ഏതു പൊലീസിനും അറസ്റ്റു ചെയ്ത് ജാമ്യം കിട്ടാത്തവണ്ണം എത്രകാലം വേണമെങ്കിലും വിചാരണതടവിലിടാം എന്ന ഭീകരാവസ്ഥയാണ് കണ്മുന്പിലുള്ളത്.
ഒരു ബലാത്സംഗകേസില്‍ പ്രതിയായി പഞ്ചാബിലെ മന്സാ ജയിലില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന പാസ്റ്റര്‍ ബജീന്ദര്‍ സിങ്ങിന്റെ വീഡിയോ വലിയ സ്ക്രീനില്‍ കാണിച്ച് ഭരത്പുറിലെ അടല്ബന്ത് സോണാര്‍ ഹവേലിയിലെ ഒരു ഹോട്ടലില്‍ 2024 ഫെബ്രുവരിയില്‍ പാവപ്പെട്ട സ്ത്രീകളും കുട്ടികളും രോഗികളും ഉള്‍പ്പെടെ 350 പേര്‍ക്ക് ഭക്ഷണപാനീയങ്ങളും ഓരോരുത്തര്‍ക്കും 500 രൂപയും നല്കി സംഘടിപ്പിച്ച സുവിശേഷ യോഗത്തിന്റെ പേരില്‍ വിദേശ ഫണ്ടിങ്ങോടെയുള്ള കൂട്ടമതപരിവര്‍ത്തന കേസ് രജിസ്റ്റര്‍ ചെയ്ത് പ്രൊഡക്ഷന്‍ വാറന്റുമായി രാജസ്ഥാന് പൊലീസ് ‘ആ പ്രവാചകന് ബാബയെ’ ഭരത്പുറില് കൊണ്ടുവന്നത് ബിജെപി സര്‍ക്കാര്‍ എടുത്തുപറയുന്നുണ്ട്. ജലന്ധറിലെ താജ്പുര്‍ ഗ്രാമത്തില്‍ ചര്‍ച്ച് ഓഫ് ഗ്ലോറി ആന്‍ഡ് വിസ്ഡം എന്ന പേരില്‍ സ്വന്തം സഭ ആരംഭിച്ച ബജീന്ദര്‍ സിങ്ങിന് യൂട്യൂബ് ചാനലില്‍ ലക്ഷക്കണക്കിന് ഫോളൊവേഴ്സാണുള്ളത്. ഇതൊരു അപവാദമാകാം, എന്നാല്‍ സമൂഹത്തിലെ ഏറ്റവും നിരാലംബരായ മനുഷ്യര്‍ക്കിടയില്‍ സ്നേഹശുശ്രൂഷ ചെയ്യുന്ന സമര്‍പ്പിതര്‍ നിത്യവും നേരിടുന്ന കൊടുംഭീഷണികള് ആരറിയാന്‍!
ഭരണവീഴ്ചകളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും ന്യൂനപക്ഷ മതസമൂഹങ്ങള്ക്കെതിരെ വിദ്വേഷപ്രചാരണം കൊഴുപ്പിച്ച് ബിജെപിയുടെ ഹിന്ദുത്വ അജണ്ടയ്ക്കു ശക്തിപകരാനുമാണ് മതപരിവര്‍ത്തന നിരോധന നിയമത്തിനു കാഠിന്യം കൂട്ടുന്നതെന്ന് സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് ടീക്കാറാം ജൂലി പറയുന്നു. ”ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ വിഭജിക്കുന്നതാണല്ലോ അവരുടെ നയം.” അല്‍വര്‍ ജില്ലയില്‍ കഴിഞ്ഞ ഏപ്രില്‍ മാസം ഒരു രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാപന ചടങ്ങില്‍ താന്‍ പങ്കെടുത്തതിന്റെ പേരില്‍ ബിജെപിയുടെ മുന്‍ എംഎല്‍എ ഗംഗാജലം തളിച്ച് ക്ഷേത്രം ശുദ്ധീകരിച്ചത് കോണ്‍ഗ്രസിന്റെ ഈ ദലിത് നേതാവിന് മറക്കാനാവില്ലല്ലോ!