കാഠ്മണ്ഡു: നേപ്പാളില്‍ ജെന്‍ സി പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയെ താല്കാലിക നേതാവായി പ്രക്ഷോഭകാരികൾ നിർദേശിച്ചു. നേപ്പാളിലെ യുവജന പ്രതിഷേധത്തില്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നേതാവിനെ നിർദേശിച്ചുകൊണ്ട് ജെൻ സി പ്രതിനിധികൾ രംഗത്തെത്തിയത്. ഇതിനിടെ ഇടക്കാല നേതാവാകണമെന്ന പ്രക്ഷോഭകാരികളുടെ നിർദ്ദേശം അംഗീകരിക്കുന്നതായി സുശീല കര്‍ക്കി വ്യക്തമാക്കിയിട്ടുണ്ട്. 2016 ജൂണ്‍ മുതല്‍ 2017 ജൂലൈ വരെ സുശീല കര്‍ക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിച്ചിരുന്നു. രാജ്യത്തൊട്ടാകെ നടന്ന വെര്‍ച്വല്‍ മീറ്റിങില്‍ 50,000ത്തിലധികം ആളുകളുടെ പിന്തുണയാണ് സുശീല കർക്കിക്ക് ലഭിച്ചത്
പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി മാത്രം നടത്തിയ ചര്‍ച്ചയില്‍ നിരവധി പേരുകള്‍ ഉയര്‍ന്നു വന്നെങ്കിലും സുശീല കർക്കി എന്ന പേരിൽ അവസാനം എത്തിച്ചേരുകയായിരുന്നു. കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷായുടെ പേര് ചര്‍ച്ചയുടെ തുടക്കത്തില്‍ ഉയര്‍ന്നു വന്നെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിയാത്തതിനാല്‍ ആ ശ്രമം ഒഴിവാക്കുകയായിരുന്നു എന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കുന്നത്. അദ്ദേഹം കോളുകള്‍ എടുക്കാതിരുന്നതിനാല്‍ തങ്ങള്‍ മറ്റൊരു ഓപ്ഷന് നോക്കി എന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു ജെന്‍ സി പ്രതിനിധി നേപ്പാളി മാധ്യമങ്ങളോട് പറഞ്ഞത്.
നേപ്പാളിലെ യുവജന പ്രതിഷേധത്തില്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ നേപ്പാൾ സൈന്യം നിയന്ത്രണമേറ്റെടുത്തിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ലേഖക്, ആരോഗ്യമന്ത്രി പ്രദീപ് പൗഡേല്‍, കൃഷി മന്ത്രി രാം നാഥ് അധികാരി എന്നിവരും രാജിവെച്ചിരുന്നു. തിങ്കളാഴ്ച ആരംഭിച്ച പ്രക്ഷോഭത്തിന് ഇതുവരെയും അയവ് വന്നിട്ടില്ല. നേപ്പാള്‍ പാര്‍ലമെന്റും സുപ്രീം കോടതിയും പ്രസിഡന്‍ഷ്യല്‍ പാലസും പ്രക്ഷോഭകര്‍ തകര്‍ത്തിരുന്നു.
നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ത്സലനാഥ് ഖനാലിന്റെ വീടിനും പ്രക്ഷോഭകാരികള്‍ തീയിട്ടിരുന്നു. പിന്നാലെ വീട്ടിനുള്ളിലുണ്ടായിരുന്ന ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രാക്കര്‍ വെന്തു മരിച്ചു. പ്രതിഷേധങ്ങളില്‍ ഇതുവരെ 30 പേര് മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സമൂഹമാധ്യമങ്ങള്‍ നിരോധിച്ചത് മാത്രമല്ല, അഴിമതിയും തൊഴിലില്ലായ്മയും അടക്കം നിരവധി കാരണങ്ങള്‍ പ്രക്ഷേഭത്തിന് പിന്നിലുണ്ട്. ‘You Stole Our Dreams , Youth Against Corruption’ എന്നിങ്ങനെയാണ് നേപ്പാളിൽ നിന്നുയരുന്ന മുദ്രവാക്യങ്ങൾ.