മാർട്ടിൻ എൻ ആൻ്റണി
രണ്ടു യുവാക്കൾ. മരിക്കുമ്പോൾ ഒരാൾക്ക് പതിനഞ്ചു വയസ്സും മറ്റൊരാൾക്ക് ഇരുപത്തിനാലും. പറഞ്ഞുവരുന്നത് വിശുദ്ധജന്മങ്ങളായ കാർലോ അക്യൂത്തിസിനെ കുറിച്ചും പിയർ ജോർജോ ഫ്രസാത്തിയെ കുറിച്ചുമാണ്.ഇന്ന് (സെപ്റ്റംബർ 7 2025 ൽ) അവരെ തിരുസഭ വിശുദ്ധരായി പ്രഖ്യാപിക്കുന്നു. ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ആ പതിനഞ്ചു വയസ്സുകാരന് മുപ്പത്തിനാലു വയസ്സാകുമായിരുന്നു.
നിശബ്ദതയെ സ്നേഹിച്ചവരാണ് ഈ രണ്ടുപേരും. നിശബ്ദതയ്ക്ക് എപ്പോഴും ഒരു ശൂന്യത വേണം. എങ്കിലേ അവർണ്ണനീയമായ ഒരു നിറവിലേക്ക് അതു നമ്മെ നയിക്കു. മലകയറ്റം ഒരു ഹോബിയാക്കി മാറ്റിയ ജോർജോ ഫ്രസാത്തി കൊതിച്ചതും തേടിയതും കാൽവരി മലയിലെ ക്രൂശിക്കപ്പെട്ടവന്റെ മൗനമാണ്. മറിച്ച് അക്യൂത്തിസ് തൻ്റെ നിശബ്ദതയെ വാചാലമാക്കുന്നത് ദിവ്യകാരുണ്യനാഥന്റെ മുമ്പിലിരുന്നുകൊണ്ടാണ്.
വിശുദ്ധരുടെ ജീവിതകഥകളിൽ കാണുന്ന അതിശയോക്തികൾ ഒന്നുമില്ലാത്ത രണ്ടു യുവാക്കൾ. ജീവിതത്തെ മാരകമായ ഒരു സംഭവമായി രൂപാന്തരപ്പെടുത്താതെ, ഒരു ആശയക്കുഴപ്പവും സൃഷ്ടിക്കാതെ കടന്നുപോയ രണ്ടുപേർ. സ്വന്തം പ്രകാശത്തിൽ കാണപ്പെടാൻ ആഗ്രഹിക്കാത്ത രണ്ടുപേർ. എപ്പോഴാണ് ഒരാൾ വിശുദ്ധനാകുന്നത്? മാനുഷിക പ്രശംസയ്ക്കും ദൈവീക അജ്ഞേയതയ്ക്കും ഇടയിലുള്ള അകലത്തെ തിരിച്ചറിഞ്ഞ് നമ്മിലെ മൗനത്തെ പ്രവർത്തികളാക്കി മാറ്റുമ്പോഴാണ്. അങ്ങനെയുള്ളവർ വെള്ളിവെളിച്ചത്തിൽ തിളങ്ങില്ല. നിഴലിൽ വസിക്കും. ഏതു നിഴലിൽ? കുരിശിന്റെ നിഴലിൽ. അങ്ങനെയാണ് അവർ നമ്മുടെ മുറിവുകളിലേക്കിറങ്ങി വന്നതും, സഹനങ്ങളിലൂടെ സഞ്ചരിച്ചതും, അവഗണിക്കപ്പെട്ടവരെ ചേർത്തുനിർത്തിയതും.
വിശുദ്ധ പദവി ശാരീരിക അസാന്നിധ്യത്തിൻ്റെ പ്രഖ്യാപനം കൂടിയാണ്. അവർ ഇനി നമ്മോടൊപ്പം ഇല്ല. അവരുടെ പുണ്യങ്ങളെ നമുക്ക് ഹൈലൈറ്റ് ചെയ്യാം. അവരുടെ ചിത്രങ്ങളെ പകർത്തിയെടുക്കാം. അവരുടെ സവിശേഷതകളെ ഒപ്പിയെടുക്കാം. അപ്പോഴും അവരുടെ അഭാവമാണ് നമ്മൾ ആഘോഷിക്കുന്നത്. അതും ഒരു അനുഗ്രഹമാണ്. അവരുടെ അസാന്നിധ്യം അവർ എന്തിനെയാണോ തേടിയത് അതിനെ തിരയാൻ നമ്മെ പ്രേരിപ്പിക്കും. നമ്മുടെ ജീവിതത്തിൻ്റെ വെളിച്ചത്തിലല്ല, നിഴലുകളിൽ. നമ്മുടെ സ്വന്തം നിഴലുകളിൽ തിരയാൻ അവരുടെ അഭാവം പ്രേരിപ്പിക്കും. അങ്ങനെ, നമ്മെ ഭയപ്പെടുത്തുന്ന ആ ഇരുളിലേക്ക് നമ്മൾ ആഴ്ന്നിറങ്ങുമ്പോൾ വിശുദ്ധരുടെ യഥാർത്ഥ വെളിച്ചമായ യേശുവിനെ നമ്മളും കണ്ടെത്തും.
ഇഹലോകവാസം വെടിയുമ്പോൾ ഒരാൾ പോളിയോ ബാധിതൻ രണ്ടാമന് രക്താർബുദം. ദേവാലയത്തിൽ വച്ച് ബാലനായ യേശുവിനെ നഷ്ടപ്പെട്ടതുപോലെ സ്വർഗ്ഗീയ ദേവാലയത്തിൽ നഷ്ടപ്പെട്ടു പോയവരാണവർ. അതെ, അവർ സ്വർഗ്ഗീയ ദേവാലത്തിലുണ്ട്. അകലെയാണവർ. ജോസഫിനെയും മറിയത്തെയും പോലെ ആ ദേവാലയത്തിലേക്ക് മടങ്ങാൻ നമുക്ക് സാധിക്കണം. ജോസഫും മറിയവും വിചാരിച്ചിരുന്നത് കൂടെ യേശു ഉണ്ട് എന്നാണ്. പിന്നീടാണ് ഒരു തിരിച്ചറിവ് ഉണ്ടാകുന്നത്. ഇല്ല, അവൻ ഇപ്പോഴും ദേവാലയത്തിലാണ്. കാർലോ അക്യൂത്തിസും പിയർ ജോർജോ ഫ്രസാത്തിയും – അവരിപ്പോൾ നമ്മുടെ കൂടെയില്ല. നമ്മുടെ യാത്രസംഘത്തിൻ്റെ കൂടെയുമില്ല. ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിലും, പഴകിയ വാക്കുകളിലും ആശ്വാസകരമായ ആചാരങ്ങളിലും അവരെ കണ്ടെത്താൻ സാധിക്കില്ല. ക്രിസ്തുവിനെ അന്വേഷിച്ച് അവൻ്റെ മാതാപിതാക്കൾ തിരികെ പോയതുപോലെ നിരന്തരമായ പരിവർത്തനമാണ് അവരെ കണ്ടെത്താൻ നമുക്കും വേണ്ടത്.
ഈസ്റ്റർ ദിനത്തിലെ ശൂന്യമായ കല്ലറകൾ പോലെയാണ് വിശുദ്ധരും. ശാരീരികമായി ഒന്നും അവശേഷിപ്പിക്കാതെ കടന്നു പോയവർ. അങ്ങനെ നടന്നുനീങ്ങിയവരുടെ ശേഷിപ്പുകളെ പർവ്വതീകരിക്കുന്നതും ശരീരത്തെ തുറന്നുകാണിക്കുന്നതും രൂപങ്ങളെ സ്ഫടികമാക്കുന്നതും അപകടമാണെന്ന് അവർക്കറിയാം. ഉത്ഥിതനെ പോലെ എന്നെ തടയരുതെന്ന് മഗ്ദലേനയോട് ആവർത്തിക്കുകയാണ് അവരും. ഈസ്റ്റർ ദിനത്തിലെ കല്ലറ എന്നപോലെ ശൂന്യതയുടെ സാക്ഷ്യമാണവർ. നമ്മിൽ ഓരോരുത്തരിലും കുടികൊള്ളുന്ന ദൈവത്തെ ഉയിർപ്പിക്കാനുള്ള അടയാളം.
വിശുദ്ധിയുടെ ചരിത്രം ഒരു ഒറ്റപ്പെട്ട ചരിത്രമാണെന്നു വിചാരിക്കരുത്. വിശുദ്ധരുടെ ജീവിതത്തിന് ഇന്നും ധാരാളം ഇടമുണ്ട്. യുവജനങ്ങളിൽ വിശുദ്ധിയോടുള്ള തീഷ്ണതയ്ക്ക് കുറവ് സംഭവിച്ചുവെന്ന വ്യാഖ്യാനത്തിന്റെ വേലിയേറ്റത്തിൽ നമ്മൾ മുങ്ങിപ്പോകുമ്പോഴും അത്ഭുതമായി മാറുന്ന കുട്ടികളും യുവജനങ്ങളും ഇന്നും നമ്മുടെ ഇടയിലുണ്ട്. ദൈവവചനത്തിനോടും ദിവ്യകാരുണ്യത്തിനോടും സഭയോടുമുള്ള അവരുടെ വിശ്വസ്തതയും സ്നേഹവും വരികളിൽ ഒതുങ്ങുന്ന ചിന്തകളല്ല. അവർ മൂർച്ചയുള്ള ബ്ലേഡുകളാണ്. നമ്മുടെ ശീലങ്ങളുടെ മാംസത്തെ മുറിക്കും അവർ, വീണ്ടും ജനിക്കാൻ നമ്മെ പ്രകോപിപ്പിക്കും. അങ്ങനെ എന്നെ മുറിവേൽപ്പിച്ച ഒരു യൗവനമാണ് വരാപ്പുഴ രൂപതയിലെ അജ്ന എന്ന പെൺകുട്ടിയും. ഒരു ദിവസം അവളെയും നമുക്ക് ഇന്നത്തെ ഈ വിശുദ്ധ യൗവനങ്ങളുടെ കൂടെ ചേർത്തു നിർത്തുവാൻ സാധിക്കുമായിരിക്കും.
വിശുദ്ധ ജീവിതം അസാധാരണ ജീവിതം തന്നെയാണ്. തെളിമയുള്ള പദങ്ങൾ കൊണ്ടുമാത്രമേ ആ ജീവിതത്തിൻ്റെ രൂപരേഖ വരയ്ക്കാൻ സാധിക്കു. അതുകൊണ്ടാണ് വിശുദ്ധരുടെ ജീവിതം സുഗന്ധതൈലം പോലെയാണെന്നു പറയുന്നത്. കുപ്പിയുടെ അടപ്പു തുറന്നു കഴിഞ്ഞാൽ ആ സുഗന്ധത്തെ ആർക്കും തടയാൻ കഴിയില്ല. ആ പരിമളം പതിയെ പടർന്നു പിടിക്കും. നിത്യതയുടെ ചെറുകണങ്ങൾ എന്ന പോലെ അത് ഓരോരുത്തരിലേക്കും പടരും. വിശുദ്ധർ മറഞ്ഞിരിക്കുന്ന ക്രിസ്തുവിനെപ്പോലെയാണ്.
പിതാവിൻ്റെ കൂടെ ആയിരിക്കുന്നതിനായി പ്രശംസകളിൽ നിന്നും തെന്നിമാറിയവനാണവൻ. ക്രിസ്തുവാണ് അവരുടെ ഗുരു. അതുകൊണ്ടുതന്നെ ആ ഗുരുവിനെപ്പോലെ ചോദ്യങ്ങൾ വിതയ്ക്കുന്നത് ഒരിക്കലും നിർത്തില്ല അവർ. ആരും കാണാതെ അവർ നമ്മുടെ തെരുവീഥികളിൽ വരും. എന്നിട്ട് ഏകയായ ഒരുവളോട് ചോദിക്കും “നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്?” അപ്പോൾ അവളുടെ മിഴികളിൽ നനവുകളായിരിക്കും. അതെ, വിശുദ്ധർ ചോദ്യചിഹ്നങ്ങളാണ്, അതിശയോക്തികളല്ല. അടയാളങ്ങളാണ്, അത്ഭുതങ്ങളല്ല. അവർ ഇന്നലെയുടെ ശേഷിപ്പുകളല്ല, ഇന്നിന്റെ സാധ്യതയും നിനവുമാണ്.