ന്യൂഡൽഹി: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ ക്ലാസ്സിൽ നിന്ന് പുറത്താക്കിയ സംഭവം ഓർത്തെടുത്ത് അധ്യാപകനും മുൻ എംപിയുമായ കെ വി തോമസ്. മമ്മൂട്ടി ഒരു ആഴ്ചപ്പതിപ്പിൽ എഴുതിയപ്പോഴാണ് സംഭവം ഓർമയിൽ വന്നതെന്നും തലക്കനം ഇല്ലാത്ത മഹാ നടനാണ് മമ്മൂട്ടിയെന്നും കെ വി തോമസ് പറഞ്ഞു.
‘പഠിപ്പിക്കുമ്പോൾ ഞാൻ അൽപം സ്ട്രിക്ട് ആയിരുന്നു. മമ്മൂട്ടി ഒരു മാന്യനാണ്. പരിപാടിക്കൊക്കെ പോകുമ്പോൾ എനിക്കുവേണ്ടി വെയ്റ്റ് ചെയ്യും. എല്ലാ നടന്മാർക്കും ബഹുമാനമുണ്ട്. ഇതൊക്കെ ഇടയ്ക്ക് കാണുമ്പോൾ ഞങ്ങൾ സംസാരിക്കാറുണ്ട്. തലക്കനമില്ലാത്ത സിനിമാ നടനാണദ്ദേഹം’, കെ വി തോമസ് പറഞ്ഞു.
1968-ൽ തേവര സേക്രഡ് ഹാർട്ട് കലാലയത്തിൽ അധ്യാപകനായിരുന്നപ്പോഴാണ് കെ വി തോമസ് മമ്മൂട്ടിയെ പഠിപ്പിച്ചത്.പ്രീഡിഗ്രി ക്ലാസിൽ കെമിസ്ട്രിയായിരുന്നു അദ്ദേഹത്തിന്റെ അധ്യാപന വിഷയം. മമ്മൂട്ടി തന്റെ ആദ്യ വിദ്യാർത്ഥികളിൽ ഒരാളാണെന്ന് കെ വി തോമസ് മുമ്പ് പറഞ്ഞിട്ടുണ്ട്. ക്ലാസിൽ കുസൃതി കാട്ടിയതിന് തോമസ് മാഷ് തന്നെ ക്ലാസിൽ നിന്നു പുറത്താക്കിയതായി ആഴ്ചപ്പതിപ്പിന്റെ ഒരു പംക്തിയിൽ മമ്മൂട്ടി തന്നെ കുറിച്ചിരുന്നു.
സമ്പൂർണ രോഗമുക്തനായി തിരിച്ചെത്തിയ മമ്മൂക്കയുടെ പിറന്നാൾ ആയതിനാൽ ഇത്തവണ മമ്മൂട്ടിക്കും ആരാധകർക്കും ഇത് വിലപ്പെട്ടതാണ്. കുറച്ചു കാലമായി സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്ത് മാറി നിൽക്കുകയായിരുന്നു മമ്മൂട്ടി. രോഗം മാറി മമ്മൂക്ക തിരിച്ചെത്തുന്നുവെന്ന വാർത്ത ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്.