പുസ്തകം / ഷെവ. ഡോ. പ്രീമൂസ് പെരിഞ്ചേരി
കാര്‍ലോ അക്വിറ്റിസ് എന്ന ആധുനികകാലത്തെ സൈബര്‍ അദ്ഭുതത്തിന്റെ ജീവിതേതിഹാസം ലളിതമായും അതീവഹൃദ്യമായും 12 അധ്യായങ്ങളിലൂടെ അവതരിപ്പിക്കുകയാണ് പല ചരിത്രഗ്രന്ഥങ്ങളുടെയും രചയിതാവായ രതീഷ് ഭജനമഠം. ചരിത്രത്തില്‍ മായാമുദ്രകള്‍ പതിച്ച വിശിഷ്ട വ്യക്തികളെ, യഥാതഥം അനുവാചകമനസ്സില്‍ പ്രതിഷ്ഠിക്കാന്‍ ഒരു സവിശേഷപാടവം തന്നെ രതീഷ് കാണിക്കുന്നുണ്ട്. അത് നിഷ്ഠാപൂര്‍വകമായ പഠനമനനങ്ങളുടെയും സൂക്ഷ്മവേദിയും സൂക്ഷ്മവേധിയുമായ അന്വേഷണങ്ങളുടെയും ധന്യഭൂമികയിലാണ് നിര്‍വഹിക്കപ്പെടുന്നത്. പരാമൃഷ്ട വ്യക്തിത്വങ്ങളുടെ ജീവിതപരിസരങ്ങളിലേക്കും വ്യാപാരമേഖകളിലേക്കും ഒപ്പം നടന്ന് കൂട്ടിക്കൊണ്ടുപോയി വിശ്വാസ്യതയോടെയാണ് ഓരോ ലേഖനത്തിന്റെയും ഗ്രന്ഥരചനയുടെയും സാഫല്യം രതീഷ് കൈവരുത്തുന്നത്.

കത്തോലിക്കാസഭയിലെ വിശുദ്ധരുടെ മഹാശ്രേണിയില് ‘നിര്‍മല കൗമാരത്തിന്റെ പ്രതീകങ്ങള്‍’ എന്നു വിളിക്കപ്പെടുന്ന പുണ്യജീവിതങ്ങളില് ആദ്യം വരുന്ന നാമം വിശുദ്ധ ഡോണ്‍ ബോസ്കോയുടെ ആത്മീയപുത്രനായ വിശുദ്ധ ഡോമിനിക് സാവ്യോയുടേതാണ് (1842 1857). ഉത്തര ഇറ്റലിയില്‍ മുരിയാള്ഡോയിലാണ് ജനനം.
ഇടവകപ്പള്ളി അവന് സ്വന്തം വീടുപോലെ തന്നെയായിരുന്നു. ഇടവകയുടെ ഉത്തരവാദിത്വം ഡോണ്‍ ബോസ്കോ എന്ന വൈദികനായിരുന്നു. എന്നും പ്രഭാതത്തില്‍ അഞ്ചുമണിക്കുതന്നെ സാവ്യോ പള്ളിയിലെത്തും. മഴയായാലും മഞ്ഞായാലും അതിനു മാറ്റമില്ല. പള്ളിയില്‍ പ്രാര്ഥിച്ചുനില്ക്കുന്ന അവന് മാലാഖയുടെ മുഖകാന്തിയായിരുന്നു എന്ന് ജനങ്ങള്‍ കണ്ടു. ഡോണ്‍ ബോസ്കോയാണവനെ അക്ഷരാര്‍ഥത്തില്‍ ദൈവമകനാക്കിയത്. 15 വയസ്സാകുമ്പോള്‍ വിശുദ്ധിയില്‍ അവനൊരു അതികായനായിക്കഴിഞ്ഞിരുന്നു. ”എനിക്ക് വലിയ കാര്യങ്ങളൊന്നും ചെയ്യാനാവില്ലായിരിക്കാം. പക്ഷേ, ഏതു ചെറിയ കാര്യവും ദൈവത്തിന്റെ ഉപരിമഹത്ത്വത്തിനായി ഞാന്‍ ചെയ്യും” എന്ന് സാവ്യോ പറഞ്ഞിരുന്നു. യേശുപ്രിയതയ്ക്കുവേണ്ടി ജീവന് ബലിദാനമാക്കിയ ഡോമിനിക് സാവ്യോ, കൗമാരക്കാരുടെ നിത്യപ്രചോദനമാകുന്നു.
വിശുദ്ധ മരിയ ഗൊരേറ്റി (1890 1902) ആണ് കൗമാരത്തിലേ പുണ്യപട്ടം നേടിയ അടുത്തയാള്‍. മരിയയ്ക്ക് അന്ന് പന്ത്രണ്ടുവയസ്സായിരുന്നു പ്രായം. ഇറ്റാലിയന്‍ പ്രവിശ്യ മാര്‍ഷെയിലെ കോറിയാള്ഡോയിലെ ഒരു കര്‍ഷകന്റെ മൂന്നാമത്തെ പുത്രിയായിരുന്നു അവള്. ഒമ്പതുവയസ്സുള്ളപ്പോഴെ, തികഞ്ഞ മതബോധനം അവള്‍ക്കു ലഭിച്ചിരുന്നു. തന്മൂലം അന്നേ അവള് ക്രിസ്തീയ പുണ്യസാംഗോപാംഗങ്ങളില് ആഴപ്പെട്ടിരുന്നു. ചെറുപ്രായത്തിലേ ചാരിത്രശുദ്ധിയെപ്പറ്റി ഉദാത്തമായ സങ്കല്പനങ്ങള് സൂക്ഷിച്ചിരുന്ന അവള്, ശാരീരിക-ആത്മിക നൈമര്‍ല്യം യേശുവിനു സമര്‍പ്പിച്ചിരുന്നു. അവളെ അലക്സാണ്ടര്‍ എന്ന ചപലനായ ഒരു യുവാവ് അശുദ്ധവൃത്തിക്കു നിര്‍ബന്ധിച്ചു. എന്നാല്‍, ജീവന് പോയാലും അവനു വിധേയയാകാന്‍ വിസമ്മതിച്ച മരിയ, കത്തികൊണ്ടുള്ള പതിനാലു കുത്തേറ്റ് പ്രാണന് വെടിഞ്ഞു. വിശുദ്ധി കാത്തുസൂക്ഷിക്കാന്‍വേണ്ടി, ജീവന് പോലും അഗണ്യമായിക്കരുതിയ, മരിയ ഗൊരേറ്റി കര്‍ത്താവിനു പ്രിയങ്കരിയായി. ”എന്റെ ശരീരം ശകലങ്ങളായി മുറിക്കപ്പെട്ടാലും ഞാന്‍ പാപം ചെയ്യില്ല” എന്ന വിശുദ്ധശാഠ്യമാണ് അവളെ പുണ്യപദങ്ങളിലെത്തിച്ചത്.
ഇവരൊക്കെ സാമ്പ്രദായികമായ പുണ്യജീവിതം നയിച്ച് വിശുദ്ധപദങ്ങളിലെത്തിയവരാണെങ്കില്, ആധുനികതയുടെ നടുമ്മുറ്റത്ത് ആടിയും പാടിയും കളിച്ചും രസിച്ചും സൈബര്‍രംഗത്ത് അതുല്യപ്രാഗല്ഭ്യം പ്രദര്‍ശിപ്പിച്ച് പുണ്യവാനായ കൗമാരക്കാരനാണ് വാഴ്ത്തപ്പെട്ട കാര്‍ലോ അക്വിറ്റിസ് എന്ന പതിനഞ്ചുകാരന്. ദിവ്യകാരുണ്യ യേശുവിനോട് വാചാമഗോചരമായ ഭക്തിവിശ്വാസങ്ങളാണ് കാര്ലോയ്ക്കുണ്ടായിരുന്നത്. ആധുനിക സാങ്കേതികവിദ്യയായ കമ്പ്യൂട്ടര്‍ പരിപാടികളിലൂടെ ദിവ്യകാരുണ്യഭക്തി ഉദ്ദീപ്തമാക്കാനും പ്രചരിപ്പിക്കാനുമാണ് കാര്‍ലോ ശ്രമിച്ചത്. അവന് ജീന്‍സും കോട്ടുമൊക്കെ ധരിക്കും. അപാരസുന്ദരമായിരുന്നു അവന്റെ ഹെയര്‍സ്റ്റൈല്‍.
യുവാക്കളുടെ നടുവില്‍ അവന് അവരിലൊരാളായി. അവന് അവിടെ ഒറ്റപ്പെട്ട ഒരു പുണ്യത്തുരുത്താകാന് ഇഷ്ടപ്പെട്ടില്ല. യുവതയുടെ മുഴുവന്‍ സൗഭഗങ്ങളും നന്നായാസ്വദിക്കാന് അവന് മടിച്ചുനിന്നില്ല. അതുകൊണ്ട് യുവാക്കള്‍ക്ക് അവന് സദാ പ്രാപ്യനും സംലഭ്യനുമായി. പുണ്യവാനാകണമെങ്കില്, വായമൂടിക്കെട്ടി പതുങ്ങിക്കൂടി ജീവിക്കണമെന്ന പഴകി ചിതലരിച്ച ചിന്ത, തിരസ്കരിക്കപ്പെടാന്‍ അവന്റെ സുകൃതജീവിതം ഉത്തമദൃഷ്ടാന്തമായി.
കാര്‍ലോ അക്വിറ്റിസ് എന്ന ആധുനികകാലത്തെ സൈബര്‍ അദ്ഭുതത്തിന്റെ ജീവിതേതിഹാസം ലളിതമായും അതീവഹൃദ്യമായും 12 അധ്യായങ്ങളിലൂടെ അവതരിപ്പിക്കുകയാണ് പല ചരിത്രഗ്രന്ഥങ്ങളുടെയും രചയിതാവായ എന്റെ പ്രിയ സുഹൃത്ത് രതീഷ് ഭജനമഠം. ചരിത്രത്തില്‍ മായാമുദ്രകള്‍ പതിച്ച വിശിഷ്ട വ്യക്തികളെ, യഥാതഥം അനുവാചകമനസ്സില്‍ പ്രതിഷ്ഠിക്കാന്‍ ഒരു സവിശേഷപാടവം തന്നെ രതീഷ് കാണിക്കുന്നുണ്ട്.
അത് നിഷ്ഠാപൂര്‍വകമായ പഠനമനനങ്ങളുടെയും സൂക്ഷ്മവേദിയും സൂക്ഷ്മവേധിയുമായ അന്വേഷണങ്ങളുടെയും ധന്യഭൂമികയിലാണ് നിര്‍വഹിക്കപ്പെടുന്നത്. പരാമൃഷ്ട വ്യക്തിത്വങ്ങളുടെ ജീവിതപരിസരങ്ങളിലേക്കും വ്യാപാരമേഖകളിലേക്കും ഒപ്പം നടന്ന് കൂട്ടിക്കൊണ്ടുപോയി വിശ്വാസ്യതയോടെയാണ് ഓരോ ലേഖനത്തിന്റെയും ഗ്രന്ഥരചനയുടെയും സാഫല്യം രതീഷ് കൈവരുത്തുന്നത്. ചരിത്രപശ്ചാത്തലങ്ങളിലേക്ക് അതിസാഹസികവും സൂക്ഷ്മതരവുമായ കടന്നുചെല്ലലും ഉള്പ്രവേശനവും സത്യസന്ധമായാണ് രതീഷ് നടത്തുന്നത്. കര്‍മലീത്താ പ്രേഷിതവര്യന്മാരുടെ ജീവിതവും സംഭാവനകളും അവതരിപ്പിക്കുന്ന ഇടങ്ങളില്‍ ഈ അസാമാന്യ മെയ് വഴക്കം നിതരാം വ്യക്തമാകുന്നുണ്ട്. വായിച്ചും പഠിച്ചും ഗവേഷണബുദ്ധിയോടെ അന്വേഷിച്ചറിഞ്ഞുമാണ് അദ്ദേഹത്തിന്റെ എഴുത്തുശുശ്രൂഷ.
ഈ ചെറിയ പുസ്തകത്തിലൂടെ കാര്‍ലോ അക്വിറ്റിസ് എന്ന ദിവ്യകാരുണ്യഭക്തനും പ്രേഷിതനും പ്രചാരകനുമായ ഒരു സൈബര്‍ വിദഗ്ധന്റെ ധന്യമായ ആഭിമുഖ്യങ്ങളും ഔത്സുക്യങ്ങളും അനാവൃതമാക്കാനാണ് ശ്രമം. കാര്‍ലോയുടെ കേവലം 15 വര്‍ഷം നീണ്ട ജീവിതകാണ്ഡത്തിന്റെ സമഗ്രവും സമ്യക്കുമായ വിശദചിത്രീകരണം വായനക്കാരെ ഹഠാദാകര്ഷിക്കുക തന്നെ ചെയ്യും. സൈബര്‍ സാങ്കേതികത ഗുണപ്രദമായി പ്രയോജനപ്പെടുത്തിക്കൊണ്ട് കാര്‍ലോ പ്രചരിപ്പിച്ച 141 ദിവ്യകാരുണ്യാദ്ഭുതങ്ങളുടെ സുവിശദ വിവരണം അത്യാകര്‍ഷകമായും വിശ്വാസോദ്ദീപനക്ഷമമായും എല്ലാവരിലുമെത്തിക്കാന്‍ ഈ യുവ സൈബര്മാന്ത്രികനു കഴിഞ്ഞിട്ടുണ്ട് എന്നത് ഇവിടെ വിശേഷവിധിയായി ദര്‍ശിക്കാനാകും.
ദിവ്യരക്ഷകന് മാനവരാശിയോടുള്ള അനന്താതിശായിയായ സ്നേഹാതിരേകം ലോകസീമാന്തങ്ങളോളം പ്രചരിപ്പിക്കുക എന്ന മഹിതലക്ഷ്യത്തോടെയാണ് കാര്‍ലോ കാലാകാലങ്ങളില്‍ അന്തര്‍ദേശീയതലങ്ങളില്‍ നടന്ന ദിവ്യകാരുണ്യാദ്ഭുതങ്ങളുടെ വെബ്സൈറ്റ് സമാഹരണം സാധിച്ചത്. നവസമ്പര്‍ക്ക മാധ്യമങ്ങള്‍ അരാജകത്വത്തിന്റെയും അശ്ലീലതയുടെയും പ്രതിബിംബനങ്ങളല്ലെന്നും അവയുടെ ക്രിയാത്മകമായ പ്രസാരണം വഴി ക്രിസ്തുദര്‍ശന പ്രചാരണവും സുവിശേഷ പ്രഘോഷണവും ഏകകാലത്ത് സാധിച്ചെടുക്കാനാവും എന്നും കാര്‍ലോ എന്ന സൈബര്മാന്ത്രികന് വാചാലമായി ഉദാഹരിക്കുന്നു.
ദിവ്യകാരുണ്യ ഈശോയ്ക്ക് സമര്‍പ്പിതമായിരുന്നു കാര്‍ലോയുടെ ഹ്രസ്വമായ വിശുദ്ധജീവിതം. 2006 ഒക്ടോബര്‍ മാസാരംഭത്തില്‍ ചെറിയൊരു പനിയും തൊണ്ടവേദനയുമായാണ് അവന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. എന്നാല്‍ അതിമാത്രം മാരകമായ രക്താര്‍ബുദമാണ് ജീവാപഹാരിയായ രോഗമെന്ന് വൈകാതെ വ്യക്തമായി. ഏതു നിമിഷവും മരണം സംഭവിക്കാമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുമ്പോഴും കാര്‍ലോ പരിഭ്രമമൊന്നും കാണിച്ചില്ല. മരണത്തിന്റെ കടന്നുവരവിനായി അവന് പ്രാര്‍ഥനയോടെ കാത്തിരുന്നു. ക്രൂശിതരൂപം നെഞ്ചോടുചേര്ത്തുവച്ചുകൊണ്ട് അവന് നന്മരണത്തിനായി പ്രാര്ഥിക്കുകയായിരുന്നു. 2006 ഒക്ടോബര്‍ 12-ന് അവന്റെ പ്രാണന് ഒരു മാടപ്രാവായി ആകാശമോക്ഷം നോക്കി കര്‍ത്താവിന്റെ മടിത്തട്ടിലേക്ക് പറന്നുയര്‍ന്നു.
കാര്‍ലോ അക്വിറ്റിസ് എന്ന കൗമാരക്കാരന് സൈബര്‍ പ്രതിഭയുടെ പുണ്യജീവിതവും ദിവ്യകാരുണ്യശുശ്രൂഷാതീക്ഷ്ണതയും അനുവാചകരില്‍ ഒരു വിശുദ്ധസ്മൃതിയായി അവശേഷമാക്കാന് രതീഷ് ഭജനമഠത്തിന് നിരായാസം കഴിഞ്ഞിരിക്കുന്നു.
(തിരുവനന്തപുരം കാര്‍മല്‍ ഇന്റര്‍നാഷണല്‍ പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിക്കുന്ന രതീഷ് ഭജനമഠത്തിന്റെ ‘വിശുദ്ധ കാര്‍ലോ അക്യുറ്റിസ്: നവമാധ്യമലോകത്തിന്റെ പ്രേഷിതന്’ എന്ന ഗ്രന്ഥത്തിന് എഴുതിയ അവതാരിക.)