പക്ഷം / ഡോ. ഗാസ്പര്‍ സന്യാസി
2025 മാഗ്സസെ അവാര്‍ഡ് പ്രഖ്യാപനം ലോകത്തോടുള്ള നീതി നിര്‍വഹണത്തെക്കുറിച്ച ഓര്‍മപ്പെടുത്തല്‍ കൂടിയാകുന്നു. ആഗസ്റ്റ് 31-ന് നടന്ന അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഇന്ത്യയ്ക്കും അഭിമാനിക്കാനുള്ള വകയുണ്ടായിരുന്നു. ഫിലിപ്പീന്‍സില്‍ നിന്നുള്ള കത്തോലിക്കാ പുരോഹിതന് ഫ്ളവിനോ അന്തോണിയോ വില്ലോനയ്ക്കൊപ്പം, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ‘എഡ്യുക്കേറ്റ് ഗേള്‍സ്’ എന്ന വിദ്യാഭ്യാസ പ്രവര്‍ത്തന ഗ്രൂപ്പും മാലദ്വീപ് പാരിസ്ഥിതിക അവബോധ പ്രവര്‍ത്തക ഷാഹിന അലിയും അവാര്‍ഡിനര്‍ഹരായി.
ദൈവവചന സഭാംഗമായ ഫാദര്‍ ഫ്ളവി, ഫിലിപ്പീന്‍സിന്റെ നീതിയുടെ മുഖമായി ആദരിക്കപ്പെടുന്ന വ്യക്തിയാണ്. ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് റോഡ്രിഗോ ദ്യുതെര്ത്ത് നടപ്പിലാക്കിയ ‘മയക്കുമരുന്ന് നിര്‍മ്മാര്‍ജ്ജന യുദ്ധം’ എന്നതില്‍ സംഭവിച്ച മനുഷ്യാവകാശ ലംഘനത്തിനെതിരെ ശക്തമായ നിലപാടെടുക്കുകയും അതിനെത്തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റത്തിന് വിധിക്കപ്പെ
ടുകയും ചെയ്തയാളാണ് ഫാദര്‍ ഫ്ളാവിനോ. മയക്കുമരുന്നിനെതിരെ എന്ന പേരില്‍ നടന്ന റോഡ്രിഗോ ഭരണകൂട ആക്രമണങ്ങളില്‍, ആയിരത്തിലധികം വരുന്ന യുവതീയുവാക്കള്‍ അപ്രത്യക്ഷരാകുകയോ വധിക്കപ്പെടുകയോ
ചെയ്തുവെന്ന് അനൗദ്യോഗികമായി സ്ഥിരീകരിക്കപ്പെടുകയുണ്ടായി.
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം തുടര്‍ന്നപ്പോഴും, ആഗോളമാധ്യമങ്ങള്‍, ഈ മനുഷ്യാവകാശ വിരുദ്ധതയെപ്പറ്റി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
‘ആങ് തൊത്യൂങ് നാര്‍ക്കോ ലിസ്റ്റ്’ എന്ന ഏറെ വിവാദമുണ്ടാക്കിയ വീഡിയോയില്‍ പ്രസിഡന്റിനും കൂട്ടാളികള്‍ക്കും മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധം പുറത്തുവന്നതില്‍ പ്രവര്‍ത്തിച്ച വിസില്‍ ബ്ലോവര്‍ ഗ്രൂപ്പില്‍ ഫാദര്‍ ഫ്ളാവിനോയുമുണ്ടെന്ന പേരിലായിരുന്നു രാജ്യദ്രോഹക്കുറ്റമാരോപിക്കപ്പെട്ടത്. 2023-ല്‍ ശിക്ഷാവിധിയില്‍ നിന്ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ഭരണകൂടം നടത്തിയ ഭീകരമായ ഇടപെടലുകളില്‍ കൊല്ലപ്പെടുകയോ അപ്രത്യക്ഷരാകുകയോ ചെയ്ത യുവതീയുവാക്കളുടെ കുടുംബങ്ങളെ ചേര്‍ത്തുപിടിക്കുന്നതില്‍ ഫാദര്‍ ഫ്ളാവിനോ നടത്തിയ പരിശ്രമങ്ങള്‍ ശ്ലാഘനീയമായി
രുന്നു. മയക്കുമരുന്ന് മാഫിയയുടെ പിടിയില്‍ നിന്ന് പുറത്തുകടന്ന യുവജനസമൂഹത്തെ പുനരധിവസിപ്പിക്കുന്നതിലും, നീതിയുക്തമായി വിചാരണ നേരിടാന്‍ അവരെ പ്രാപ്തരാക്കിയതിലും, അദ്ദേഹം വഹിച്ച പങ്കും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ഈ പ്രവര്‍ത്തനങ്ങള്‍ കൂടി കണക്കിലെടുത്താണ് 2021-ല്‍ ഫാദര്‍ ഫ്ളാവിക്ക് ‘മനുഷ്യാവകാശ തുലിപ്പ് അവാര്‍ഡ്’ നെതര്‍ലാന്‍ഡ്സ് നല്‍കിയത്.

ഫാ. ഫ്ളവിനോ അന്തോണിയോ വില്ലോന
മയക്കുമരുന്ന് മാഫിയകള്‍ ലോകത്താകമാനം വേരുകള്‍ പായിക്കുന്ന കെട്ടകാലത്ത്, അതിനിരയാകുന്നവരെ മനുഷ്യാന്തസ്സ് നിലനിര്‍ത്താന്‍ പൊതുസമൂഹം സഹായിക്കേണ്ടതുണ്ട് എന്ന സന്ദേശം ഫാ. ഫ്ളാവിനോയെ ആദരിക്കുന്നതിലൂടെ മാഗ്സസെ അവാര്‍ഡ് നിര്‍ണയ സമിതി ലോകത്തിന് നല്‍കുകയാണ്. ‘പ്രത്യാശയുടെയും പ്രകാശത്തിന്റെയും ഭവനത്തിലേക്ക്’ എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരന് കൂടിയാണ് ഫാ. ഫ്ളാവി. ജനാധിപത്യ സമൂഹങ്ങളില്‍ കൂട്ടുത്തരവാദിത്തമുണ്ടെന്ന സന്ദേശമാണ് ഇത്തവണത്തെ മാഗ്സസെ അവാര്‍ഡുകള്‍.
‘പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം’ എന്ന പ്രവര്‍ത്തന – ആശയം എല്ലാക്കാലത്തും ഇന്ത്യന്‍ ജനാധിപത്യസമൂഹം ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളതാണ്. ക്രിസ്ത്യന്‍ മിഷനറിമാര്‍ എല്ലാക്കാലത്തും ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ‘എഡ്യുക്കേറ്റ്ഗേള്സ്’ എന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പുരസ്ക്കാരത്തിലൂടെ ആദരിക്കപ്പെടുമ്പോള്‍, വിദൂര ഇന്ത്യന്‍ ഗ്രാമങ്ങളിലെ, അകലങ്ങളിലെ മനുഷ്യരെ തേടിയെത്തുന്ന മിഷനറിമാരെ ഓര്മിക്കാനുള്ള അവസരം കൂടിയാകുന്നു ഇത്.
‘മതപരിവര്‍ത്തനം’ എന്ന പൊട്ടവാദം ഉയര്‍ത്തി മിഷന് പ്രവര്‍ത്തനങ്ങളെ, നീതിയുടെ വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നവര്‍ നീതിനിഷേധത്തിന്റെ വക്താക്കളാകുകയാണ്.
നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും ഇടങ്ങള്‍ ചുരുക്കാന്‍ നടക്കുന്ന തന്ത്രപൂര്‍വ്വമായ നീക്കങ്ങളുടെ കാലത്ത്, വിദ്യാഭ്യാസ ഇടപെടലുകള്‍ ആദരിക്കപ്പെടേണ്ടതുതന്നെയാണ്. ഒരുകാലത്ത് നമ്മള് കരുതിയിരുന്നത്, അഫ്ഗാനിസ്ഥാന് പോലൊരു സ്ഥലത്തു മാത്രമായിരിക്കും മലാല യൂസഫ് പോലൊരു നക്ഷത്രം ഉദയം ചെയ്യുന്നതെന്ന്. എന്നാല്‍, മുംബൈയിലെ സെന്റ്
സേവ്യേഴ്സ് പോലൊരു സ്ഥാപനത്തിന്റെ ‘സ്റ്റാന്‍ സ്വാമി – അനുസ്മരണ’ പ്രഭാഷണം തടസ്സപ്പെടുമ്പോഴും, ബംഗാളിലെ ഉര്‍ദു-ലിറ്റററി -അക്കാഡമിയിലെ ജാവേദ് അക്തര്‍ – പ്രഭാഷണം തടസ്സപ്പെടുമ്പോഴും നമ്മുടെ കാലത്തിന്റെ വെളിച്ചം തന്നെ ഇരുളായി മാറുന്നു.

‘എഡ്യുക്കേറ്റ് ഗേള്‍സ്’ ഫൗണ്ടേഷന്റെ സ്ഥാപകയും ബോര്‍ഡ് അംഗവുമായ സഫീന ഹുസൈന് (ഇടത്) രാജസ്ഥാനിലെ ഒരു സംഘം പെണ്‍കുട്ടികളോടൊത്ത്.
തടസ്സപ്പെടുത്തുന്ന സംഘടനയുടെയും ആളുകളുടെയും പേരുകള്‍ മാത്രമേ വ്യത്യാസപ്പെടുന്നുള്ളൂ. ജനാധിപത്യ വിരുദ്ധതയുടെ നിലപാടുകള്‍ സമാസമം തന്നെ.
വിദ്യതന്നെ വെളിച്ചമാകട്ടെയെന്ന് മാഗ്സസെ അവാര്‍ഡ് കമ്മിറ്റി പറയുന്നു.(ഇതെഴുതുമ്പോള്‍ അഫ്ഗാന് ഭൂചലനത്തിന്റെ മരണസംഖ്യ പുറത്തുവരുന്നുണ്ട്. കടന്നുപോകുന്നവര്‍ക്ക് ആദരം അര്‍പ്പിക്കുന്നു). കടല്‍നിരപ്പ് ഉയരുമ്പോള്‍, മാലിദ്വീപ് ആധിയായി മാറുന്നു. അത് ഭൂമിയുടെ തന്നെ ആധിയാണ് എന്ന് ഷാഹിന അലിയെ ആദരിക്കുമ്പോള്‍ ഈ പുരസ്ക്കാര നിര്‍ണയം പറ
യുന്നു.