ന്യൂഡല്‍ഹി: കേരളത്തിലും വോട്ടര്‍ പട്ടിക പരിഷ്കരണം നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. തെരഞ്ഞെടുപ്പിന് മുന്‍പ് കേരളം, തമിഴ്നാട്, അസം, ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ വോട്ടര്‍ പട്ടിക പരിഷ്കരണം നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യായയാണ് ഹര്‍ജി നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പരിശുദ്ധിക്ക് വോട്ടര്‍ പട്ടിക പരിഷ്കരണം അനിവാര്യമാണ് എന്നാണ് അശ്വനി കുമാര്‍ ഉപാധ്യായ ചൂണ്ടിക്കാട്ടുന്നത്.
യഥാര്‍ത്ഥ ഇന്ത്യന്‍ പൗരന്മാരെ മാത്രമേ വോട്ടര്‍ പട്ടികയില്‍ ചേര്ക്കുന്നുളളുവെന്ന് ഉറപ്പാക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയും പരിശുദ്ധിയും സംരക്ഷിക്കാനും വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്കരണം പ്രധാനമാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്കരണം ഇല്ലെങ്കില്‍ അനധികൃത കുടിയേറ്റക്കാര്‍ വോട്ടര്‍ പട്ടികയില്‍ തുടരുമെന്നും അശ്വനി കുമാര്‍ ഉപാധ്യായ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ബിഹാറിലെ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ നടപടി പൂര്‍ത്തിയാക്കിയ ശേഷം യോഗ്യരായ എല്ലാ വോട്ടര്‍മാര്‍ക്കും പുതിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാനാണ് പദ്ധതി. വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട ഫോമുകള്‍ പൂരിപ്പിക്കുമ്പോള്‍ വോട്ടര്‍മാരോട് ഏറ്റവും പുതിയ ഫോട്ടോകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഫോട്ടോകള്‍ പുതിയ വോട്ടര്‍ ഐഡി കാര്‍ഡുകളില്‍ ഉള്‍പ്പെടുത്തും.