മനില: ലോകത്തെ ഏറ്റവും കത്തോലിക്ക ഭൂരിപക്ഷ രാജ്യങ്ങളില്‍ ഒന്നായ ഫിലിപ്പീൻസിലെ ഫാമിലി റോസറി ക്രൂസേഡ് സംഘടനയുടെ ദേശീയ ഡയറക്ടറായി ഇന്ത്യയില്‍ നിന്നുള്ള ഫാ. ടെറൻസ് അബ്രാഞ്ചസിനെ നിയമിച്ചു.
ഗോവയില്‍ നിന്നുള്ള ഹോളിക്രോസ് സന്യാസ സമൂഹാംഗമാണ് അദ്ദേഹം. 2019 മുതൽ 2025 മെയ് 31വരെ ഈ സ്ഥാനത്ത് സേവനമനുഷ്ഠിച്ച ഫാ. വിൽസൺ തോപ്പിലിന്റെ പിൻഗാമിയായാണ് അദ്ദേഹത്തിന് നിയമനം ലഭിച്ചിരിക്കുന്നത്. ഗോവയില്‍ നിന്നു ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ഹോളിക്രോസ് സമൂഹത്തിന്റെ സെമിനാരിയിൽ ചേർന്ന ടെറൻസ്, പൂനെയിലുള്ള ജെസ്യൂട്ട് സ്ഥാപനമായ ജ്ഞാന-ദീപയിൽ തത്ത്വചിന്തയും ദൈവശാസ്ത്രവും പഠിച്ചു.
2014-ൽ വൈദികനായി അഭിഷിക്തനായി. മുംബൈയിലെ സെന്റ് ലൂയിസ് സ്കൂളിലും സെന്റ് ലൂയിസ് പള്ളിയിലും അഡ്മിനിസ്ട്രേറ്റർ, അസിസ്റ്റന്റ് ഇടവക വികാരി, ഹോളി ക്രോസ് പ്രോവിന്‍സ് സെക്രട്ടറി, ബിരുദ വിദ്യാർത്ഥികൾക്കുള്ള സെമിനാരിയുടെ രൂപീകരണ ഡയറക്ടർ, ഹോളിക്രോസ് സന്യാസ സമൂഹത്തിന്റെ വിവിധ ഉദ്യോഗതലങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1947-ൽ ന്യൂയോർക്കിലെ അൽബാനിയിൽ ഹോളി ക്രോസ് വൈദികനായ ഫാ. പാട്രിക് പെയ്റ്റൺ സ്ഥാപിച്ചതാണ് ഫാമിലി റോസറി ക്രൂസേഡ്. ഡൊമിനിക്കൻ വൈദികര്‍ 1950-കളിൽ ഇത് ഫിലിപ്പീൻസിലേക്ക് കൊണ്ടുവന്നു. മൾട്ടിമീഡിയ അധിഷ്ഠിതമായ ഈ ശുശ്രൂഷ കുടുംബങ്ങൾ ഒരുമിച്ച് ജപമാല ചൊല്ലുന്നതിനെ സജീവമായി പ്രോത്സാഹിപ്പിക്കുന്നു.
ക്രിസ്തീയ മൂല്യങ്ങളിൽ അടിത്തറ പാകുകയും പങ്കെടുക്കുന്നവരില്‍ ഊർജ്ജവും പ്രചോദനവും നൽകുകയും ചെയ്തുകൊണ്ട് കുടുംബങ്ങളെ ആത്മീയമായി ഉയര്‍ത്തുന്ന വിധത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.ഫിലിപ്പീൻസിൽ ജപമാലക്കൊണ്ട് പ്രതിരോധം തീര്‍ക്കുന്ന ഈ ആത്മീയ യുദ്ധത്തിന് നേതൃത്വം നൽകിയവരില് നിരവധി ഇന്ത്യന്‍ വൈദികരുമുണ്ട്.
ഫാ. ജിമ്മി (2016–2019 കാലയളവില്‍ നാഷണൽ ഡയറക്ടർ ), ഫാ. മാത്യു (2019 മുതൽ മിഷൻ ഡയറക്ടർ), ഫാ. വിൽസൺ തോപ്പിലാൻ (2019–2025 കാലയളവില്‍ നാഷണൽ ഡയറക്ടർ) എന്നീ ഇന്ത്യന്‍ വൈദികര്‍ ഫിലിപ്പീന്‍സിലെത്തി സംഘടനയുടെ മഹത്തായ ശുശ്രൂഷയ്ക്കു നേതൃത്വം നല്കിയവരാണ്.