കാസർകോട്: ഏറെ നാൾ കാത്തിരുന്ന വയനാട്, കാസർകോട് ജില്ലകളിലെ ഗവൺമെൻ്റ് മെഡിക്കൽ കോളജ് പ്രവേശനം യാഥാർഥ്യമാവുന്നു. ഇരു ജില്ലകളിലെയും മെഡിക്കൽ കോളജുകളിൽ എംബിബിഎസ് പ്രവേശനത്തിന് ദേശീയ മെഡിക്കൽ കമ്മിഷൻ അനുമതി ലഭിച്ചു. ആരോഗ്യരംഗത്ത് കേരളത്തിന് ഇത് ചരിത്രപരമായ നേട്ടമാണ് ഇത് .
സംസ്ഥാനത്തെ 14 ജില്ലകളിലും സർക്കാർ മെഡിക്കൽ കോളജുകളായി. പുതിയ മെഡിക്കൽ കോളജുകൾക്ക് പ്രവേശനാനുമതി ആയതോടെ എംബിബിഎസിന് സർക്കാർ മേഖലയിൽ 100 സീറ്റുകൾ കൂടി വർധിച്ചു. വർഷങ്ങളായി ചികിത്സ സൗകര്യക്കുറവ് കാരണം കാസർകോട്, വയനാട് ജില്ലകളിലെ രോഗികൾക്ക് കോഴിക്കോട്, മംഗളൂരു, മൈസൂരു തുടങ്ങിയ നഗരങ്ങളെ ആശ്രയിക്കേണ്ടിവന്നിരുന്നു.
അടിസ്ഥാന സൗകര്യങ്ങളും അധ്യാപക നിയമനങ്ങളും പൂർത്തിയാക്കിയതു കൊണ്ട്, 2025 – 26 അധ്യയന വർഷം തന്നെ എംബിബിഎസ് ക്ലാസുകൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് . ആദ്യ ബാച്ച് വിദ്യാർഥികളുടെ പ്രവേശനം ഉടൻ ആരംഭിക്കും. വയനാടും കാസർകോടും 50 വീതം വിദ്യാർഥികൾക്കാണ് പ്രവേശനം. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.
മെഡിക്കൽ കോളജ് അംഗീകാരം ലഭിച്ചതോടെ ഡോക്ടർമാരുടെ ലഭ്യതയും, സ്പെഷ്യാലിറ്റി ചികിത്സകളും, ഗവേഷണ സൗകര്യങ്ങളും ഇരു ജില്ലകളിലും ലഭ്യമാകും. വൈദ്യുത സൗകര്യങ്ങൾ, തൊഴിൽ അവസരങ്ങൾ, അധ്യാപക നിയമനങ്ങൾ എന്നിവയിലൂടെ പ്രദേശത്തെ സാമൂഹിക-സാമ്പത്തിക വളർച്ചക്കും ഇത് വഴിതുറക്കും. ആയിരക്കണക്കിന് എൻഡോസൾഫാൻ ദുരിത ബാധിതരുള്ള കാസർകോടിന് ഇത് വലിയ ആശ്വാസം പകരും .
കാസർകോട് ഉക്കിനടുക്കയിലും വയനാട്ടിൽ മാനന്തവാടിയിലുമാണ് മെഡിക്കൽ കോളജ് സ്ഥിതി ചെയ്യുന്നത്. അക്കാദമിക് ബ്ലോക്കിൽ ക്ലാസ് ആരംഭിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ലാബുകൾ, സെമിനാർ ഹാളുകൾ, ക്ലാസ് മുറികൾ, ലൈബ്രറി തുടങ്ങിയവയെല്ലാം സജ്ജമാണ്. കാസർകോട് ജനറൽ ആശുപത്രിയെ മെഡിക്കൽ കോളജിൻ്റെ അധ്യാപന ആശുപത്രിയാക്കും .