ബെയ്ജിങ്: ഏറ്റവും വലിയ സൈനിക പരേഡുമായി ചൈന. രണ്ടാം ലോകമഹായുദ്ധ വിജയത്തിൻറെ 80-ാം വാർഷികത്തോടനുബന്ധിച്ചാണ് പതിനായിരം സൈനികർ പങ്കെടുക്കുന്ന പരേഡ്. പരേഡിൽ ചൈനയുടെ ഏറ്റവും നൂതനമായ ആയുധങ്ങൾ പ്രദർശിപ്പിച്ചു. സ്റ്റെൽത്ത് ഫൈറ്ററുകൾ, ടാങ്കുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയാണ് പ്രദർശിപ്പിച്ചത്.
കിം ജോങ് ഉനും റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിനും അടക്കം 26 രാഷ്ട്ര തലവൻമാർ പങ്കെടുക്കുന്നുണ്ട്. ടിയാൻമെൻ സ്ക്വയറിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസിഡൻറ് ഷി ജിൻപിങ് സംസാരിച്ചു. ചൈന ഭീഷണികൾക്ക് വഴങ്ങില്ലെന്ന് ഷി ജിൻപിങ് വ്യക്തമാക്കി. ചൈനീസ് തലസ്ഥാനത്തെ ഒരു പ്രധാന പാതയായ ബീജിംഗിലെ ചാങ്ങാൻ അവന്യൂവിലൂടെയായിരുന്നു പരേഡ്.
അമേരിക്ക പ്രധാന വെല്ലുവിളിയായി കണക്കാക്കുന്ന ഷി ജിൻ പിങ്ങും വ്ളാഡമിർ പുടിനും കിം ജോങ് ഉന്നും ആദ്യമായി ഒരേ വേദിയിൽ ഒരുമിച്ചെത്തുന്നത് ലോകം ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. റഷ്യയുമായി അടുത്ത സൈനിക ബന്ധം പുലർത്തുന്ന കിം ജോങ് ഉൻ പുടിനുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനകളുണ്ടായിരുന്നു. യുക്രെയ്ൻ യുദ്ധത്തിൽ സൈനികരെയും ആയുധങ്ങളെയും നൽകി ഉത്തരകൊറിയ റഷ്യയെ സഹായിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ചൈനയുമായും അടുത്ത ബന്ധമാണ് ഉത്തരകൊറിയ പുലർത്തുന്നത്.
കഴിഞ്ഞ ദിവസമാണ് സൈനിക പരേഡിൽ പങ്കെടുക്കുന്നതിനായി കിം ജോങ് ഉൻ തൻ്റെ പ്രത്യേക ട്രെയിനിൽ ചൈനയിലെത്തിയത്. വിദേശകാര്യ മന്ത്രി ചോ സൺ ഹുയി അടക്കമുള്ള ഉന്നതതല സംഘം കിം ജോങ് ഉന്നിനൊപ്പം ചൈനയിലെത്തി. 2019ന് ശേഷം ആദ്യമായാണ് കിം ജോങ് ഉൻ ചൈനയിലെത്തുന്നത്. 2011ൽ അധികാരത്തിലെത്തിയതിന് ശേഷം അഞ്ച് തവണ ഉത്തരകൊറിയൻ നേതാവ് ചൈന സന്ദർശിച്ചിട്ടുണ്ട്. ഷാങ്ങ്ഹായി കോഓപ്പറേഷൻ സംഘടനയുടെ ഉച്ചകോടിയിലും ബെയ്ജിങ്ങിൽ നടക്കുന്ന പരേഡിൽ പങ്കെടുക്കുന്നതിനുമായി കഴിഞ്ഞ ഞായറാഴ്ചയാണ് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ ചൈനയിലെത്തിയത്.