ഉറിയും ചിരിക്കും / കെ ജെ സാബു
അയ്യപ്പസംഗമത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സിപിഎം. അയ്യപ്പസംഗമവുമായി മുന്നോട്ടുതന്നെ പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ തൃശൂരിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.അയ്യപ്പ സംഗമം ദേവസവം ബോർഡിന്റെ പരിപാടി ആണെന്നായിയുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത് .
ഇതാണ് മുന്നൊരിക്കൽ പിണറായി പറഞ്ഞതും .ഈ പാർട്ടിയെക്കുറിച്ച് നിങ്ങൾക്കൊരു ചുക്കുമറിയില്ല .
ഏതെങ്കിലും വിമർശനങ്ങൾ കേട്ട് പിന്നോട്ടുപോകില്ല. വിശ്വാസത്തിന് എതിരായ നിലപാട് ഒരിക്കലും സിപിഎം എടുക്കില്ല. വർഗീയ വാദികളുടെ കൂടെ സിപിഎമ്മില്ല. വിശ്വാസികൾക്കൊപ്പമാണ് സിപിഎം. അതിനപ്പുറം നടക്കുന്ന പ്രചരണങ്ങൾ വർഗീയവാദികൾ നടത്തുന്നതാണെന്നും ഗോവിന്ദൻമാസ്റ്റർ കൂട്ടിച്ചേർത്തു.
സിപിഎം വിശ്വാസികൾക്കൊപ്പമാണെങ്കിൽ യുവതിപ്രവേശനം എന്ന നിലപാട് തിരുത്തുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് യുവതി പ്രവേശനം അടഞ്ഞ അധ്യായമാണെന്നും പഴയ കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മറുപടി.സത്യത്തിൽ ശബരിമല സ്ത്രീ പ്രവേശനം സിപിഎം അജണ്ട ആയിരുന്നേയില്ല .സ്ത്രീ പ്രവേശനത്തിന് വേണ്ടി കോടതിയെ സമീപിച്ചത് സിപിഎമ്മോ സർക്കാരോ ആയിരുന്നില്ല. 2013
ഒക്ടോബറിൽ പിണറായി വിജയൻറെ ഒരു പ്രസ്താവനയുണ്ട് .
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകില്ലെന്നായിരുന്നു അത് .സുപ്രീംകോടതി ഒരു വിധി പുറപ്പെടുവിച്ചാൽ അതാണു രാജ്യത്തെ നിയമം. അതു നടപ്പിലാക്കാൻ മാത്രമേ സർക്കാറിന് കഴിയൂ എന്നതായിരുന്നു ആ പ്രസ്താവന .
സുപ്രീം കോടതി വിധിക്ക് പിന്നാലെ ,”സുപ്രീംകോടതി വിധി മാനിക്കുന്നു. ജാതി, ലിംഗ ഭേദമെന്യേ എല്ലാ ഭക്തജനങ്ങൾക്കും ക്ഷേത്രങ്ങളിൽ തുല്യ അവകാശമാണുള്ളത്.” ആർഎസ്എസ് പ്രാന്തകാര്യവാഹ് പി ഗോപലൻകുട്ടി മാസ്റ്ററുടെ പ്രതികരണം ഇതായിരുന്നു. 2016ൽ നടന്ന ആർഎസ്എസ് അഖിലഭാരതീയ പ്രതിനിധി സഭയിൽ ശബരിമല സ്ത്രീ പ്രവേശനം ഉന്നയിക്കപ്പെട്ടിരുന്നു. രാജ്യത്ത് ഒരു ക്ഷേത്രത്തിലും സ്ത്രീകളെ വിലക്കാൻ പാടില്ലെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. സർകാര്യവാഹ് ഭയ്യാജി ജോഷി ഇക്കാര്യം പൊതുസമൂഹത്തോട് വിശദീകരിച്ചു. ആർഎസ്എസ് വാരികയായ കേസരിയിൽ ശബരിമല സ്ത്രീ പ്രവേശനത്തിനായി വാദിക്കുന്ന ലേഖനവും വന്നു. എന്നാൽ ,ഇതിനൊപ്പം നിൽക്കാൻ ബിജെപിയുടെയും ആർഎസ്എസിൻറെയും കേരളത്തിലെ അണികൾക്കും നേതാക്കൾക്കും എത്രമാത്രം സാധിച്ചില്ല. സുപ്രീംകോടതി വിധി കേരളത്തിലെ നേതൃത്വത്തെ ശരിക്കും പ്രതിരോധത്തിലാക്കി.
ആരാധനാലയത്തിനും ആരാധനാമൂർത്തിക്കും ഭരണഘടനയുടെ പരിരക്ഷയുണ്ടെന്ന് ജസ്റ്റിസ് ഇന്ദു മൽഹോത്ര ന്യൂനപക്ഷ വിധിയിൽ വ്യക്തമാക്കി. ആർഎസ്എസ് ഇക്കാര്യത്തിൽ ഭൂരിപക്ഷ വിധിക്കൊപ്പമാണെങ്കിൽ വിശ്വാസികളോട് എന്ത് മറുപടി നൽകാനുണ്ട്? അയ്യപ്പൻറെ നൈഷ്ഠിക ബ്രഹ്മചര്യത്തിൻറെ കാര്യത്തിൽ ആർഎസ്എസ് ഭൂരിപക്ഷ വിധി പറഞ്ഞ നാല് ജഡ്ജിമാർക്കൊപ്പമാണോ? അയ്യപ്പ ഭക്തർക്ക് വിശ്വാസപരമായ വൈവിധ്യങ്ങളുണ്ടെന്നും അവരെ പ്രത്യേക വിഭാഗമായി കാണാമെന്നുമാണ് ജസ്റ്റിസ് ഇന്ദു മൽഹോത്ര പറഞ്ഞത്.
ഭൂരിപക്ഷവിധി അത് അംഗീകരിക്കുന്നില്ല. അയ്യപ്പ ഭക്തരുടെ വിശ്വാസ വൈവിധ്യം ആർഎസ്എസ് അംഗീകരിക്കുന്നുണ്ടോ? ഉത്തരമില്ലാത്ത ചോദ്യങ്ങൾ ഏറെയാണ് .
സാംസ്ക്കാരിക ദേശീയത ഉയർത്തിപ്പിടിക്കുന്ന സംഘടനയാണ് ആർഎസ്എസ് . ”ആർഎസ്എസിൽ സ്ത്രീകളെവിടെ?” കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പലപ്പോഴും ഉന്നയിക്കുന്ന ചോദ്യമാണിത്. സർസംഘചാലക് മുതൽ പ്രചാരകൻവരെ ഒരാൾക്കും ഇന്നുവരെ മറുപടി നൽകാൻ കഴിയാത്ത ചോദ്യം. ശാഖകൾ മുതൽ നയപരമായ തീരുമാനങ്ങളെടുക്കുന്ന പരമോന്നത വേദിയായ പ്രതിനിധി സഭയിൽവരെ ഒരു പെൺതരിയില്ല. സ്ത്രീകൾക്കായി രാഷ്ട്ര സേവിക സമിതി എന്ന പരിവാർ സംഘടനയാണുള്ളത്. ആർഎസ്എസ് സ്ഥാപകൻ കെ ബി ഹെഡ്ഗേവാറുമായി ദീർഘനാളത്തെ ചർച്ചകൾക്ക് ശേഷം ലക്ഷ്മിഭായ് ഖേൽക്കറാണ് 1936ൽ ഈ പരിവാർ സംഘടന തുടങ്ങിയത്.
പ്രചാരക തലത്തിൽ ഒരു സ്ത്രീപോലും ഇല്ലാത്ത സംഘടനയിൽ എന്തുകൊണ്ട് ഒരു വനിത സർസംഘചാക് ഇല്ല എന്ന ചോദ്യത്തിന് ഒട്ടും പ്രസക്തിയില്ല.
നൂറാം വയസ്സിലെത്തിയ 2025ൽ. സ്ത്രീകളുടെ തുല്യതയ്ക്കായി വാദിക്കുന്ന സംഘടനയ്ക്ക് ഇത്രയും വർഷം ലിംഗ നീതി എന്തുകൊണ്ട് സ്വന്തം സംഘടനയ്ക്കകത്ത് നടപ്പാക്കാൻ കഴിഞ്ഞില്ല. ആണും പെണ്ണും ഒരുമിച്ചുള്ള ശാഖകൾ എന്തുകൊണ്ടില്ല? ചോദ്യങ്ങൾ ഒരുപാടുണ്ട് .
എടപ്പാൾ ഓട്ടമോടിയ ബിജെപിക്കാർക്ക് ഇതൊന്നും ഉൾക്കൊള്ളാനാകില്ല .അന്നേരമാണ് സിപിഎമ്മിന്റെ പൂഴിക്കടകൻ ! അയ്യപ്പ സംഗമം .കോൺഗ്രസ്സിനും തള്ളാൻ പറ്റില്ല ,ബിജെപിക്കും തള്ളാൻ പറ്റില്ല .
നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒന്നും അറിയില്ല !