കോഴിക്കോട്: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച രണ്ടു പേര് മരിച്ചു . മൂന്ന് മാസം പ്രായമായ കുഞ്ഞും വീട്ടമ്മയുമാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന
ഓമശ്ശേരി സ്വദേശി അബൂബക്കർ സിദ്ദിഖിന്റെ കുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്. മലപ്പുറം കണ്ണമംഗലം കാപ്പിൽ റംല (52) ആണ് മരിച്ച വീട്ടമ്മ.
ഒരു മാസത്തിനിടെ മൂന്ന് പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മലബാറിൽ മരിച്ചത്. ജൂലൈ എട്ടിനാണ് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് റംല ചികിത്സ ആരംഭിച്ചത്. ആദ്യം സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. തുടർന്ന് രോഗം ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
മൂന്ന് മാസം പ്രായമായ കുഞ്ഞ് കഴിഞ്ഞ കഴിഞ്ഞ 28 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഗുരുതരാവസ്ഥയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് കുഞ്ഞ് മരിച്ചത്. നിലവിൽ കോഴിക്കോട്, മലപ്പുറം, വയനാട് സ്വദേശികൾ ചികിത്സയിൽ തുടരുന്നുണ്ട്. സംസ്ഥാനത്ത് എട്ട് പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.