വത്തിക്കാന്: ഉക്രൈൻ തലസ്ഥാനമായ കിയെവിന് നേരെ റഷ്യ കഴിഞ്ഞ ദിവസം നടത്തിയ അക്രമങ്ങളിൽ കുട്ടികളുൾപ്പെടെ ഇരുപത്തിമൂന്ന് പേരെങ്കിലും മരണമടഞ്ഞുവെന്നും, അടുത്തിടെയുണ്ടായ ആക്രമണങ്ങളിൽ ഏറ്റവും രൂക്ഷമായതാണ് വ്യാഴാഴ്ച രാത്രിയുണ്ടായതെന്നും വെള്ളിയാഴ്ച ഉക്രൈൻ അറിയിച്ചു.
കിയെവിലെ ബ്രിട്ടീഷ് കൗൺസിൽ, യൂറോപ്യൻ യൂണിയൻ എന്നിവയുടെ ഓഫീസുകൾക്കും ആക്രമണത്തിൽ കേടുപാടുകൾ ഉണ്ടായെന്നും ഉക്രൈൻ വ്യക്തമാക്കി. സംഭവത്തെത്തുടർന്ന് ബ്രിട്ടനും യൂറോപ്യൻ യൂണിയനും റഷ്യയിലേക്കുള്ള തങ്ങളുടെ പ്രതിനിധികളെ വിളിച്ചുവരുത്തി.
ജനവാസപ്രദേശങ്ങളിൽ ഉണ്ടായ അതിഭീകരമായ ഈ ആക്രമണം മുന്നറിയിപ്പില്ലാതെയാണ് നടന്നതെന്നും, ആക്രമണത്തിന്റെ ഇരകളായവർ തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ അകപ്പെട്ടിരിക്കുകയാണെന്നും സംഭവത്തെക്കുറിച്ച് പ്രദേശത്തുനിന്നുള്ള ആളുകൾ അറിയിച്ചു.
സംഭവത്തെക്കുറിച്ച് പരാമർശിച്ച ഉക്രൈൻ പ്രസിഡന്റ് വോളോദിമീർ സെലെൻസ്കി, മിസൈലുകൾക്കും ഡ്രോണുകൾക്കും വേണ്ടി റഷ്യ നയതന്ത്രത്തെ തള്ളിപ്പറയുകയാണെന്നും, വടക്കൻ കൊറിയ പോലെയുള്ള രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയെന്നും കുറ്റപ്പെടുത്തി.
കൊലപാതകത്തിന് ഉത്തരവാദികളായവർ സ്വതന്ത്രരായി രക്ഷപെടാതിരിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്നും കൂടുതൽ ശക്തമായ ഉപരോധം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോപ്പൻഹേഗനിൽ നടന്ന സമ്മേളനത്തിൽ യൂറോപ്പിനെ പ്രതിനിധീകരിച്ച് യൂറോപ്പിന്റെ വിദേശകാര്യനയമേധാവി കാജാ കല്ലാസ്, ഉക്രൈൻ പ്രസിഡന്റിന്റെ പ്രതികരണം ഏറ്റെടുത്ത് “സമാധാനത്തിനായുള്ള ശ്രമങ്ങളെ പുട്ടിൻ പരിഹസിക്കുകയാണെന്നാണ് ഈ ആക്രമണങ്ങൾ വ്യക്തമാക്കുന്നതെന്ന്” കുറ്റപ്പെടുത്തുകയും റഷ്യയുടെ മേലുള്ള സമ്മർദ്ധം വർദ്ധിപ്പിക്കുകയാണ് വേണ്ടതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.