ന്യൂഡൽഹി: ഗവർണർ ആറുമാസം ബില്ലുകളിൽ തീരുമാനമെടുക്കാത്തതിനെ ന്യായീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഗവർണറുടെയോ രാഷ്ട്രപതിയുടെയോ നടപടി ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ റിട്ട് ഹർജി നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ വാദിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ നിരീക്ഷണം.
ഗവർണർക്കും രാഷ്ട്രപതിക്കും ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയക്രമം നിശ്ചയിച്ചുകൊണ്ട് തമിഴ്നാട് കേസിൽ രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിയെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണറോ രാഷ്ട്രപതിയോ കൈകാര്യംചെയ്തതിൽ മൗലികാവകാശലംഘനം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് റിട്ട് ഹർജി നൽകാനാവില്ലെന്നാണ് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചത്.
വിഷയത്തിൽ സുപ്രീംകോടതിയുടെ അഭിപ്രായമറിയാൻ രാഷ്ട്രപതി ആഗ്രഹിക്കുന്നുണ്ട്. രാഷ്ട്രപതിയോ ഗവർണറോ കോടതിയിൽ മറുപടി പറയാൻ ബാധ്യസ്ഥരല്ലെന്ന ഭരണഘടനയുടെ 361-ാം അനുച്ഛേദത്തിന്റെ വ്യാപ്തിയെക്കുറിച്ചും നിലപാടറിയിക്കണം. ഭാവിയിലും ഉയർന്നുവരാവുന്ന പ്രശ്നമാണിതെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു. കർത്തവ്യം നിർവഹിച്ചില്ലെന്ന കാരണത്താൽ ഒരു ഭരണഘടനാസ്ഥാപനത്തിന് നിർദേശം നൽകാൻ മറ്റൊരു ഭരണഘടനാ സ്ഥാപനമായ കോടതിക്ക് അവകാശമില്ലെന്ന് തുഷാർ മേത്ത പറഞ്ഞു.