ജോയ് സി. മാത്യു ന്യൂഡല്‍ഹി
വിലക്കയറ്റത്തിന്റെ തീപ്പൊരി
അരി, പച്ചക്കറി, എണ്ണ എല്ലാത്തിനും വില കുത്തനെ ഉയര്‍ന്നിരിക്കുന്നു. ഓണം സന്തോഷമാണെങ്കില്‍ ഓണച്ചന്ത വിഷമത്തിന്റെ പ്രതീകവുമാണ്. ചന്തയിലെ തിരക്ക് കുറയുന്നില്ലെങ്കിലും, സാധനങ്ങള്‍ വാങ്ങുന്നവരുടെ മുഖത്തുള്ള ആശങ്ക ഓണം കഴിഞ്ഞാല്‍ കടംവീട്ടാന്‍ നടക്കുന്നതിനെ കുറിച്ചോര്‍ത്താകും.
കേരളത്തിന്റെ താങ്ങ് തകരുമ്പോള്‍
കേരളത്തിലേക്കെത്തുന്ന വിദേശപണത്തിന് കുടിയേറ്റത്തിന്റെ വലിയ സ്വാധീനം എക്കാലത്തുമുണ്ടായിരുന്നു. ആദ്യകാലത്ത് ഗള്‍ഫ് കുടിയേറ്റമാണ് നിര്‍ണായക സ്വാധീനം ചെലുത്തിയത്. മലയാളികള്‍ ഗള്‍ഫ് കുടിയേറ്റം തുടങ്ങുന്നത് അറുപതുകളിലും എഴുപതുകളിലുമാണെന്ന് കാണാം. അക്കാലത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ എണ്ണ കണ്ടെത്തിയതും രാജ്യാന്തര വിപണിയില്‍ എണ്ണവിലയിലുണ്ടായ വന്‍ കുതിപ്പും മൂലം ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തികമായി വളര്‍ന്നു. ഇത് ഗള്‍ഫ് രാജ്യങ്ങളെ വ്യാപാരത്തിന്റെയും തൊഴിലവസരങ്ങളുടെയും കേന്ദ്രമാക്കി. ഇവിടങ്ങളിലെ സാമ്പത്തിക വളര്‍ച്ച മലയാളികളെ ഗള്‍ഫിലേക്ക് പോകാന്‍ പ്രേരിപ്പിച്ചു.
പിന്നീട് ഓയില്‍ ബൂം സാധ്യമാക്കിയ ഗള്‍ഫ് കുടിയേറ്റ ട്രെന്‍ഡ് 1980-കളോടെ ശക്തിപ്പെടുന്നതും കാണാം. ഗള്‍ഫ് കുടിയേറ്റത്തിന്റെ കേരളത്തെ സംബന്ധിച്ച ഏറ്റവും വലിയ സവിശേഷത, അത് സാധാരണക്കാരുടെയും നിരക്ഷരരുടെയും കൂടി പ്രവാസമായിരുന്നു എന്നതാണ്. പ്രവാസികള്‍ നാട്ടിലേക്ക് അയച്ച പണത്തിന്റെ ബലത്തില്‍ ഇവിടെയും മാറ്റങ്ങളുണ്ടായി. കേരളത്തിന്റെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളെ ഇന്ന് കാണുന്ന തലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ ഗള്‍ഫ് പണത്തിന് വലിയ പങ്കുണ്ട്.
എന്നാല്‍ ഗള്‍ഫിന്റെ സുവര്‍ണ കാലം കഴിഞ്ഞിരിക്കുന്നു.
പണമയക്കലിനെക്കുറിച്ചുള്ള ആര് ബി ഐയുടെ അഞ്ചാം റൗണ്ട് സര്‍വേ പ്രകാരം ജി സി സി മേഖലയില്‍ നിന്ന് കേരളത്തിലേക്കുള്ള പണലഭ്യത ഈ പതിറ്റാണ്ടില്‍ ഏകദേശം 30 ശതമാനമായി കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തിലേക്കുള്ള ഗള്‍ഫ് പണമൊഴുക്കിന്റെ കുറവിന് പിന്നില്‍ കാരണങ്ങള്‍ വേറെയുമുണ്ട്. വേതനത്തിലെ കുറവ്, ജി സി സി മേഖലയിലേക്കുള്ള വൈറ്റ് കോളര്‍ കുടിയേറ്റ തൊഴിലാളികളുടെ വര്‍ദ്ധന, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും കുറഞ്ഞ വേതനമുള്ള അര്‍ദ്ധവിദഗ്ധ തൊഴിലാളികളുടെ വരവ്, ഈ സംസ്ഥാനങ്ങളിലെ തൊഴില്‍ രീതികളിലെ മാറ്റങ്ങള്‍ എന്നിവയാണ് പണമയക്കല്‍ ട്രെന്ഡിലുണ്ടായ മാറ്റങ്ങള്‍ക്കു കാരണം.
ഒരിക്കല്‍ കൂറ്റന്‍ വീടുകള്‍ പണിതിരുന്ന ഗള്‍ഫ് പണം, ഇന്ന് ഓണസദ്യ ഒരുക്കാന്‍ പോലും പോരാത്ത അവസ്ഥയിലേക്കാണ് എത്തിയിരിക്കുന്നത്.
കേരളത്തില്‍ നിന്നു മറ്റ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഇപ്പോഴും തുടരുന്നുണ്ട്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി ആഗോള തലത്തില്‍ തന്നെ അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കണക്കുകള്‍. ഇന്ത്യയിലെ മൊത്തം കുടിയേറ്റത്തിന്റെ ട്രെന്‍ഡില്‍ നിന്ന് കേരളത്തിലെ കുടിയേറ്റം വേറിട്ടുനില്ക്കുന്നു. ഇത് കേരളത്തിന്റെയും ഇന്ത്യയുടെ തന്നെയും സമ്പദ് വ്യവസ്ഥയില്‍ അനുകൂലമായും പ്രതികൂലമായും ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നവയാണ്. പണ്ട് മലയാളികളുടെ തൊഴില്‍ – വിദ്യാഭ്യാസ സ്വപ്നങ്ങളില്‍ നിറഞ്ഞുനിന്നിരുന്നത് ഗള്‍ഫ് രാജ്യങ്ങളായിരുന്നെങ്കില്‍ ഇന്നത് യൂറോപ്യന്‍ രാജ്യങ്ങളാണ്. മലയാളികള്‍ ജോലിക്കും പഠനത്തിനുമായി തിരഞ്ഞെടുക്കുന്നത് ഇത്തരം രാജ്യങ്ങളെയാണ്.
വിദ്യാര്‍ഥികള്‍ വിദേശങ്ങളിലേക്ക് പോവുന്നത് അവര്‍ കൂടുതല്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നതിനാലും യൂറോപ്യന്‍ രാജ്യങ്ങളിലെ കാലാവസ്ഥയും സുഖസൗകര്യങ്ങളും ആകര്ഷിക്കുന്നതിനാലുമാണ്. ഈ കുടിയേറ്റ പ്രതിഭാസം ഉയര്‍ത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ആശങ്ക ‘ബ്രെയിന്‍ വേസ്റ്റാണ്’. ഇവിടെ നിന്നു പോകുന്ന വിദ്യാര്‍ഥികളില്‍ അധികം പേരും വലിയ തോതില്‍ നൈപുണികള്‍ ആവശ്യമില്ലാത്ത തൊഴില്‍ ചെയ്യേണ്ടിവരുന്നതാണ് ഇപ്പോഴത്തെ പതിവ്.
റിവേഴ്സടിക്കുന്ന പണമയക്കല്‍
കേരളത്തില്‍ നിന്ന് വര്‍ഷം തോറും കുറഞ്ഞത് 50,000-ലധികം പേര് വിദ്യാഭ്യാസത്തിന് പുറത്തുപോകുന്നുണ്ടെന്നാണ് വിദേശ മന്ത്രാലയത്തിന്റെ ഏകദേശ കണക്ക്. വിദ്യാഭ്യാസത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന മലയാളി കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിവരുന്ന പണം ചെലവഴിക്കപ്പെടുന്നത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ നിന്നാണ്. 15 മുതല്‍ 25 ലക്ഷം വരെ രൂപയാണ് വിദേശത്തെ താമസത്തിനും വിദ്യാഭ്യാസത്തിനുമായി ഓരോ മലയാളി വിദ്യാര്‍ഥിക്കും ചെലവഴിക്കേണ്ടിവരുന്നത്. അതായത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ നിന്ന് ഒരു വര്‍ഷം പുറത്തേക്കൊഴുകുന്നത് ഏതാണ്ട് 5,000 മുതല്‍ 10,000 വരെ കോടി രൂപയാണ്.
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വിനിയോഗിക്കേണ്ടിയിരുന്ന പണമാണ് ഇത്. കടമെടുത്തുതന്നെയാണ് മിക്കവാറും പേരും മക്കളെ വിദ്യാഭ്യാസത്തിന് വിദേശത്തേക്കയക്കുന്നത്. പഠനത്തോടൊപ്പം ജോലിയെന്ന മോഹനവാഗ്ദാനത്തിലാണ് അവര്‍ കുടുങ്ങുന്നത്. പാര്‍ട്ടൈം ജോലി മിക്കവര്‍ക്കും കിട്ടുന്നുണ്ടെങ്കിലും സ്ഥിരം ജോലി ലഭിക്കാതെ അശരണരായി കറങ്ങിനടക്കുന്നവരാണ് ഭൂരിപക്ഷവും. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറുന്ന മലയാളികളില്‍ പെര്‍മനന്റ് റസിഡന്റ് വിസ അനുവദിച്ചു കിട്ടുന്നവരുടെ സംഖ്യ ഗണ്യമായി കുറഞ്ഞു. പെര്‍മനന്റ് റസിഡന്റ് വിസ ലഭിക്കുന്നവരാകട്ടെ കുടിയേറി പാര്‍ക്കുന്ന രാജ്യങ്ങളില്‍ തന്നെ സ്ഥിരതാമസമാക്കുകയും പൗരത്വം നേടുകയും ചെയ്യുന്നു.
ഇങ്ങനെ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറി സ്ഥിരതാമസമാക്കുന്നവര്‍ കേരളത്തിലേക്ക് അയക്കുന്ന പണം വളരെ കുറവാണ്. മുമ്പ് ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുത്തിരുന്നവര്‍ അയക്കുന്ന പണത്തെക്കാള്‍ വളരെ കുറവാണിത്. ഈ രാജ്യങ്ങളിലെ വന്‍ നികുതിയും ജീവിതച്ചെലവുമാണ് പ്രധാന കാരണം.
വിദേശത്തേക്ക് കുടിയേറുന്ന വിദ്യാര്‍ഥികളെ സംബന്ധിച്ചുള്ള ആശങ്ക റിവേഴ്സ് റെമിറ്റന്‍സ് ആണ്. തൊഴില്‍ തേടിയുള്ള കുടിയേറ്റം ആഭ്യന്തര വിപണിയിലേക്ക് സമ്പത്ത് എത്തിച്ചിരുന്നെങ്കില്‍ വിദ്യാഭ്യാസത്തിനായുള്ള കുടിയേറ്റം രാജ്യത്തെ സമ്പത്ത് കയറ്റുമതി ചെയ്യുന്ന പ്രക്രിയകൂടിയാവുകയാണ്.
വയസ്സന്മാരുടെ സ്വന്തം നാട്
ഇത്രയധികം യുവാക്കള്‍ ഓരോ വര്‍ഷവും കുടിയേറുമ്പോള്‍ കേരളത്തില്‍ ബാക്കിയാകുന്നത് പ്രായം ചെന്ന കുറേ മനുഷ്യര്‍ മാത്രമാണ്. യുവാക്കള്‍ എന്നന്നേക്കുമായി കുടിയേറി പാര്‍ക്കുകയും ഇവിടെ ആശ്രിത വിഭാഗത്തില്‍ പെടുന്ന, സമ്പദ് വ്യവസ്ഥയിലേക്ക് കാര്യമായ സംഭാവനകള്‍ ഒന്നും നല്കാന് കഴിയാത്ത മുതിര്‍ന്ന പൗരന്മാര് മാത്രം ബാക്കിയാകുകയും ചെയ്യുന്നു. ഇതും സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ്. കുടിയേറ്റക്കാരെ തിരികെ കൊണ്ടുവരാനോ കുടിയേറ്റം കുറയ്ക്കാനോ ഇവിടത്തെ തൊഴില്‍ സാഹചര്യങ്ങളില്‍ വലിയ തോതില്‍ മാറ്റം വരേണ്ടതുണ്ട്.
കെടുകാര്യസ്ഥത
പെന്‍ഷന്റെയും ശമ്പളത്തിന്റെയും ചെലവ് നോക്കിയാല്‍ കേരളത്തിന്റെ കണക്ക് മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും അധികമാണെന്ന് വ്യക്തം. കേരളത്തിന്റെ റവന്യൂ വരുമാനത്തിന്റെ 70 ശതമാനത്തിലധികം ശമ്പളം, പെന്ഷന്, പലിശ എന്നിവയ്ക്കാണ് ചെലവഴിക്കുന്നതെന്ന് കാണാം. റവന്യൂ വരുമാനത്തിന്റെ 30 ശതമാനം – ശമ്പളം, 21 ശതമാനം – പെന്ഷന്, 19 ശതമാനം – പലിശ എന്നിങ്ങനെ പോവുകയാണ്. മൊത്തം വരുമാനത്തിന്റെ 61.57% ജനസംഖ്യയുടെ 5% പേര്‍ക്ക് മാത്രമായി ഒഴുകുന്നു. കേരളം ക്ഷേമകാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്ന സംസ്ഥാനമായതിനാല്‍ ഇത് തുടരാനാണ് തീരുമാനമെന്ന് സര്‍ക്കാരിന് നിലപാടെടുക്കാം. എന്നാല്‍ ഇതിനോടൊപ്പം തന്നെ സി എ ജി റിപ്പോര്‍ട്ടിലെ ചില നിര്‍ണായക കണ്ടെത്തലുകള്‍ കൂടി ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
ഓഡിറ്റ് പ്രകാരം ക്ഷേമ പെന്ഷന് കൈപ്പറ്റുന്നവരില്‍ 19 ശതമാനം പേര് ക്ഷേമപെന്ഷന് അര്‍ഹരല്ലാത്തവരാണെന്നും മൂവായിരത്തിലധികം പേര് ഒന്നിലധികം പെന്ഷന് വാങ്ങുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഉദ്യാഗസ്ഥതലത്തിലെ കെടുകാര്യസ്ഥത കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ സാരമായി ബാധിക്കുന്നുണ്ട്.
കര്‍ണാടകയെക്കാള്‍ കടംവാങ്ങുന്ന കേരളം പക്ഷേ തമിഴ്നാടും കര്‍ണാടകയും മൂലധന നിക്ഷേപത്തിനായി ചെലവഴിക്കുന്നതിനെക്കാള്‍ കുറവ് തുകയേ ചെലവഴിക്കുന്നുള്ളൂ. അതിനര്‍ഥം കടംവാങ്ങുന്ന തുകയില്‍ വലിയ ശതമാനം റവന്യൂ ചെലവുകളിലേക്കാണ് പോകുന്നതെന്നാണ്. സംസ്ഥാനത്തിന്റെ കടം ആശങ്കയാകുന്നത് ഈ ഘട്ടത്തിലാണ്.
അതിലുപരി സംസ്ഥാനത്തിന്റെ മറ്റൊന്നിനും ചെലവഴിക്കാന്‍ പണമില്ലാത്ത തരത്തില്‍ ശമ്പളവും പെന്‍ഷനും ഖജനാവിനെ മുറുക്കിവലിക്കുമ്പോള്‍ ഒരു വശത്ത് സംസ്ഥാനത്ത് മറ്റു നിക്ഷേപങ്ങള്‍ക്കും അതുവഴി കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ക്കുമുള്ള അവസരമാണ് ഇല്ലാതാവുന്നത്.
കേരളത്തിന്റെ പൊതു കടം 4.5 ലക്ഷം കോടി രൂപ കവിഞ്ഞിരിക്കുകയാണ്. വരുമാനത്തെക്കാള്‍ വായ്പയില്‍ ആശ്രയം ദിനംപ്രതി ഉയരുന്നുവെന്നത് വളരെ ആശങ്കാജനകമാണ്. കടം വാങ്ങലിനെ അമിതമായി ആശ്രയിക്കുന്നത് ഉയര്‍ന്ന പലിശ തിരിച്ചടവുകള്‍ക്കും കടം തീര്‍ക്കാനും കാരണമായി. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും മൊത്തം വരുമാനത്തിന്റെ ശരാശരി ശമ്പളം 28.49% മാത്രമാണെങ്കില്‍, കേരളത്തിലത് 38.70% ആണ്. പെന്‍ഷന്റെ കാര്യത്തില്‍ ഇത് യഥാക്രമം 12.22% ഉം 22.87% ഉം ആണ്. ജനസംഖ്യയില്‍ 60 വയസ്സിനു മുകളിലുള്ളവരുടെ അനുപാതം ഇതിനകം തന്നെ ഉയര്‍ന്നതാണ്.
2030 ആകുമ്പോഴേക്കും കേരളത്തിലെ ജനസംഖ്യയുടെ 20-23% പേര് 60 വയസ്സിനു മുകളിലുള്ളവരായിരിക്കാന് സാധ്യതയുണ്ട്. അതായത് കേരളത്തിന് ജനസംഖ്യാപരമായ ലാഭവിഹിതം നഷ്ടപ്പെടുമെന്നര്‍ത്ഥം.
കേന്ദ്ര സര്‍ക്കാരിന്റെ അവഗണന
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയും നിര്‍ണായകമായി. ജിഎസ്ടി ഏര്‍പ്പെടുത്തിയപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം 5 വര്‍ഷം ഉറപ്പു നല്‍കിയിരുന്നെങ്കിലും, 2022ന് ശേഷം കേരളത്തിന് വലിയ തുക ലഭിച്ചിട്ടില്ല. നഷ്ടപരിഹാരം ലഭിക്കേണ്ടത് 12,000 കോടി. ലഭിച്ചത് അതിന്റെ ചെറിയൊരു ഭാഗം മാത്രം.
കടബാധ്യത കൂടുതലാണെന്നു ചൂണ്ടിക്കാട്ടി, കേരളത്തിന് പുതിയ വായ്പ അനുവദിക്കുന്നതില്‍ കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തി. കോടതിയില്‍ ഇതിനായി കയറിയിറങ്ങേണ്ട ഗതികേടിലായി സംസ്ഥാനം.
കേന്ദ്രപദ്ധതികളിലെ വിഹിതം വന്‍തോതില്‍ കുറഞ്ഞു. ദേശീയപാത, റെയില്‍വേ പോലുള്ള പ്രധാന പദ്ധതികളില്‍ കേരളത്തിന് വിഹിതം കുറവാണ്. വിനോദസഞ്ചാര സാധ്യതകള്‍ ധാരാളമുള്ള സംസ്ഥാനമായിട്ടും, കേന്ദ്ര ടൂറിസം-പദ്ധതികളില്‍ വേണ്ടത്ര പ്രാധാന്യം കേരളത്തിന് നല്‍കുന്നില്ല. പ്രകൃതിക്ഷോഭ സഹായങ്ങളിലും വലിയ കുറവുണ്ടായി. ഇത് സംസ്ഥാനത്തിന്റെ ബാധ്യത വര്‍ദ്ധിപ്പിച്ചു. 2018ലെ പ്രളയവും മുണ്ടക്കൈ മേഖലയിലെ ഉരുള്‍പൊട്ടലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രം നിരസിച്ചു. രണ്ടു സംഭവത്തിലും നഷ്ടത്തിന്റെ ചെറിയൊരു വിഹിതം മാത്രമാണ് കേന്ദ്രസഹായമായി ലഭിച്ചത്.
റോഡുകളുടെ നിലവാരം ഉയര്‍ന്നെങ്കിലും
മനുഷ്യന്റെ നിലവാരം ഉയരുന്നില്ല.
ഗ്രാമങ്ങളില്‍വരെ മികച്ച റോഡും പാലങ്ങളും വന്നു എന്നത് ശുഭസൂചകമാണ്. ദേശീയപാത വികസനം, ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി എന്നിവ സംസ്ഥാനത്തിന്റെ വികസനത്തില്‍ നാഴികക്കല്ലുകളായി ഭാവിയില്‍ മാറും. കായലിന് കുറുകെയുള്ള കേരളത്തിലെ ഏറ്റവും വലിയ പാലം ആലപ്പുഴയിലെ പെരുമ്പളത്ത് യാഥാര്‍ഥ്യമാവുന്നത് വലിയ ഉദാഹരണമാണ്.
ഈ വര്‍ഷം അവസാനത്തോടെ പാലം തുറന്നുകൊടുക്കും. ഇതോടെ പെരുമ്പളം നിവാസികളുടെ വര്‍ഷങ്ങളായുള്ള യാത്രാദുരിതം അവസാനിക്കുമെന്നു മാത്രമല്ല, ടൂറിസം വികസനത്തില്‍ പ്രധാനപങ്കുവഹിക്കുകയും ചെയ്യും. 100 കോടിയാണ് വേമ്പനാട്ട് കായലിനു മുകളിലൂടെയുള്ള ഈ കൂറ്റന്‍ പാലത്തിന്റെ ചെലവ്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപമായി തന്നെ കണക്കാക്കാം. പക്ഷേ അടിസ്ഥാന സൗകര്യവികസനം നടപ്പാക്കിയിട്ടും വ്യാവസായിക പദ്ധതികള്‍ സംസ്ഥാനത്തേക്ക് വരുന്നില്ലെങ്കില്‍ വലിയൊരു നഷ്ടത്തിലേക്കായിരിക്കും ഈ ചെലവഴിക്കലും മാറുക.
അടിസ്ഥാന പ്രശ്നങ്ങള്‍ പഠിക്കണം
കേന്ദ്ര നിലപാടുകളെ വിമര്‍ശിക്കുന്നതിനൊപ്പം തന്നെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലെ അടിസ്ഥാന പ്രശ്നങ്ങള്‍ പഠിക്കുക കൂടി ചെയ്യേണ്ടതുണ്ടെന്ന് തന്നെയാണ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്. സംസ്ഥാനത്തെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ അതേ തോതില്‍ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ സാധിക്കാതിരിക്കുകയും സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ബലഹീനമാക്കുകയും ചെയ്യുകയാണെങ്കില്‍ കേരള മോഡല്‍ എന്നത് ഉയര്‍ത്തിക്കാണിക്കാന്‍ പറ്റാത്ത ഒന്നാകും. ആഭ്യന്തര നിക്ഷേപം കൂട്ടാതെ കേരളത്തിന് മുന്നോട്ടുള്ള യാത്ര കഠിനമാകുമെന്നുതന്നെയാണ് ഈ മേഖലയിലെ വിദഗ്ധരും പറയുന്നത്.
ഒരു സംസ്ഥാനത്തിന്റെ വളര്‍ച്ച മൂലധനനിക്ഷേപത്തെ ആശ്രയിച്ചിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സര്‍ക്കാരിന് മൂലധനനിക്ഷേപം നടത്താന്‍ കഴിയില്ലെന്നിരിക്കെ, ഇനി ചെയ്യാനുള്ളത് സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കുകയെന്നതാണ്. ഉത്പാദനമേഖലയില്‍ വലിയ നിക്ഷേപങ്ങളുണ്ടാകണം. ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഈ നിക്ഷേപങ്ങള്‍ യാഥാര്‍ഥ്യമാക്കാം.
വിരോധാഭാസത്തിന്റെ ചിത്രം
ഓണച്ചന്തയിലെ തിരക്ക്, ഷോപ്പിങ് മാളുകളിലെ ഓഫറുകള്‍, പൂക്കളത്താല്‍ അലങ്കരിച്ച വീടുകള്‍ എല്ലാം നമ്മുടെ
സമ്പദ് വ്യവസ്ഥ സമൃദ്ധമെന്നു തോന്നിപ്പിക്കുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ്? സദ്യ കഴിഞ്ഞു വൃത്തിയാക്കിയ ഇല പോലെ, ആഘോഷത്തിന് ശേഷമുള്ള കടബാധ്യതയാണ് വീടുകളെ കാത്തിരിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍, ഐടി മേഖല, ചെറുകിട വ്യവസായങ്ങള്‍ ഒന്നും പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കുന്നില്ല.
തനത് കൃഷികളും മത്സ്യകൃഷിയും അതിവേഗം നഷ്ടത്തിലേക്ക് നീങ്ങുന്നു. ടൂറിസം വിപുലീകരണത്തെകുറിച്ച് കാര്യമായ ചര്‍ച്ചകളും ആഗോളമീറ്റുകളും നടക്കുന്നുണ്ടെങ്കിലും അതിന്റെ പ്രതിഫലനം സാമ്പത്തിക സ്ഥിതിയില്‍ കാണുന്നില്ല.
ഓണം കേരളത്തിന്റെ ഐക്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമാണ്. എന്നാല്‍ സ്ഥിരതയുള്ള സാമ്പത്തിക അടിത്തറ ഇല്ലാതെ ആ സന്തോഷം നിലനില്‍ക്കില്ല. സന്തോഷം നമ്മള് സൃഷ്ടിക്കുന്ന ഒന്നാണ്; എന്നാല്‍ അതിനെ നിലനിര്‍ത്താന്‍ സാമ്പത്തിക ബുദ്ധിയും കൂട്ടായ പരിശ്രമവും അനിവാര്യമാണ്. ഓണത്തിന്റെ ചിരിക്ക് പിന്നിലെ കണ്ണീര് ഒരുദിവസമെങ്കിലും ഉണങ്ങട്ടെ – അതാണ് കേരളത്തിന്റെ സ്വപ്നം.