തിരുവനന്തപുരം: പാലക്കാട് എംഎൽഎയും കോൺഗ്രസ്സ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ആരോപിച്ച് ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു.
സ്ത്രീകളെ ശല്യം ചെയ്യൽ, പിന്തുടരൽ, ഭീഷണിപ്പെടുത്തൽ, നിർബന്ധിത ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളതെന്നറിയുന്നു . ഈ കേസ് രജിസ്റ്റർ ചെയ്തത് പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ്.
ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് രാഹുലിനെതിരെ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ഹൈക്കോടതി അഭിഭാഷകനായ ഷിൻ്റോ സെബാസ്റ്റ്യൻ പൊലീസിന് പരാതി നൽകിയിരുന്നു. എന്നാൽ, ഇരയായ സ്ത്രീകൾ നേരിട്ട് പരാതി നൽകാത്തതിനാൽ കേസെടുക്കുന്നതിന് പൊലീസ് നിയമോപദേശം തേടിയിരുന്നു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഡിവൈഎസ്പി സി. ബിനുകുമാറിനാണ് അന്വേഷണ ചുമതല.