തിരുവനന്തപുരം: ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിൽ മൊഴി നൽകി നടി റോമ. കേസിൽ 179-ാം സാക്ഷിയായാണ് റോമ മൊഴി നൽകിയത്. ടോട്ടൽ ഫോർ യു ആൽബം ലോഞ്ചിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തിരുന്നു എന്നാണ് റോമ മൊഴി നൽകിയിരിക്കുന്നത്. ടോട്ടൽ ഫോർ യു കേസുമായി ബന്ധപ്പെട്ട് ആദ്യം രജിസ്റ്റർ ചെയ്ത കേസാണ് കോടതി ഇപ്പോൾ പരിഗണിക്കുന്നത്.
തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് വിസ്താരം നടക്കുന്നത്. കേസിലെ ഒന്നാംപ്രതിയും ടോട്ടൽ ഫോർ യു മാനേജിങ് ഡയറക്ടർ ശബരീനാഥുമായോ കമ്പനിയിലെ മറ്റ് അംഗങ്ങളുമായോ ഒരു ബന്ധവും ഇല്ലെന്നും ഉദ്ഘാടനം കഴിഞ്ഞ ഉടൻ മടങ്ങുകയാണ് ഉണ്ടായതെന്നും റോമ പറഞ്ഞു. കേസിലെ ഒന്നാം പ്രതി ശബരിനാഥ് നേരെത്തെ കുറ്റം സമ്മതിച്ചിരുന്നു.
നെസ്റ്റ് സൊല്യൂഷൻസ് ജനറൽ മാനേജർ ബിന്ദു മഹേഷ്, സിഡ്കോ മുൻ സീനിയർ മാനേജർ ചന്ദ്രമതി, ശബരിനാഥന്റെ പ്രൈവറ്റ് സെക്രട്ടറി പ്രമോദ് ഐസക്, രാജൻ, ബിന്ദു സുരേഷ്. ക്യാൻവാസിങ് ഏജന്റുമാരായ ഹേമലത. ലക്ഷ്മി മോഹൻ തുടങ്ങിയവരാണ് കേസിലെ മറ്റ് പ്രധാന പ്രതികൾ. 2007 ഏപ്രിൽ 30 മുതൽ 2008 ഓഗസ്റ്റ് 20 വരെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
നിക്ഷേപ തുകയുടെയും കാലാവധിയുടെയും അടിസ്ഥാനത്തിൽ 20 മുതൽ 80 ശതമാനം വരെയുള്ള നിക്ഷേപ പദ്ധതികൾ ഉണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ആർബിഐ ലൈസൻസ് ഉണ്ട് എന്നുവരെ നിക്ഷേപകരോട് പ്രതി പറഞ്ഞിരുന്നു. കാലാവധി കൂടുംതോറും വളർച്ചാനിരക്ക് കൂടുമെന്നും നിക്ഷേപകരെ വിശ്വസിപ്പിച്ചു. ടോട്ട് ടോട്ടൽ, ഐ നെസ്റ്റ്, ടോട്ടൽ ഫോർ യു എന്നീ പേരുകളിലായിരുന്നു തട്ടിപ്പ്.