ജെറുസലേം: ഗാസയെ ക്ഷാമം പിടികൂടിയെന്ന ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനത്തെ വിമർശിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു . ജൂതർക്കെതിരായ അപവാദപ്രചാരണമാണ് ഐക്യരാഷ്ട്രസഭ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘ആധുനികകാലത്തെ രക്തബലി അപവാദം ‘ ആണ് ഐക്യരാഷ്ട്രസഭയുടേതെന്നും നെതന്യാഹു ആരോപിച്ചു.
അതെസമയം ഗാസയിൽ പലായനം രൂക്ഷമാവുകയും ഭക്ഷ്യക്ഷാമം അതിരൂക്ഷമായി തുടരുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തിലാണ് ഗാസയിൽ ക്ഷാമം പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ രംഗത്തെത്തിയത്. എന്നാൽ ഗാസയിൽ ക്ഷാമമുണ്ടെന്ന ഐക്യരാഷ്ട്രസഭയുടെ നിലപാടിനെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിഷേധിച്ചു.
ഗാസയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി യുഎൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ ( ഐപിസി ) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഗാസയിൽ 5 ലക്ഷത്തോളം ആളുകൾ പട്ടിണിയിലാണ്. അഥവാ ഗാസയിലെ ജനസംഖ്യയുടെ അഞ്ചിലൊന്ന് പട്ടിണിയിലാണ്. വ്യാപകമായിക്കൊണ്ടിരിക്കുന്ന ക്ഷാമം സെപ്റ്റംബർ അവസാനത്തോടെ ഗാസയിലെ മൂന്നിൽ രണ്ട് ഭാഗത്തേക്കും വ്യാപിക്കുമെന്നും ഐപിസി മുന്നറിയിപ്പ് നൽകുന്നു.
യുഎൻ ഇസ്രായേലിനെതിരെ ഇരട്ടത്താപ്പ് കാണിക്കുന്നുവെന്നും വ്യാജ പ്രചരണം നടത്തുന്നുവെന്നും ആരോപിച്ച് നെതന്യാഹുവിൻ്റെ ഓഫീസ് എക്സിൽ പോസ്റ്റുകൾ പ്രസിദ്ധീകരിച്ചു. ഇസ്രായേൽ ഗാസയിൽ ഒരിക്കലും ‘പട്ടിണി നയം’ നടപ്പാക്കിയിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഗാസയിലേക്ക് 2 ദശലക്ഷം ടണ്ണിലധികം സഹായം എത്തിക്കാൻ ഇസ്രായേൽ സഹായിച്ചുവെന്നും നെതന്യാഹുവിൻ്റെ ഓഫീസ് അവകാശപ്പെട്ടു.
“ഐപിസി റിപ്പോർട്ട് നുണയാണ്. ഇസ്രായേലിന് പട്ടിണിക്കിടുന്ന നയമില്ല. പട്ടിണി തടയുന്ന നയമാണ് ഇസ്രായേലിനുള്ളത്. യുദ്ധം തുടങ്ങിയതിനുശേഷം ഇസ്രായേൽ 2 ദശലക്ഷം ടൺ സഹായം ഗാസയിലേക്ക് എത്തിച്ചു. ഒരാൾക്ക് ഒരു ടണ്ണിലധികം സഹായം നൽകി,” പോസ്റ്റിൽ പറയുന്നു. ഹമാസ് ആസൂത്രണം ചെയ്തതാണ് ഇപ്പോൾ നടക്കുന്ന ‘പട്ടിണി ക്യാമ്പയിൻ’ എന്നും, ബന്ദികളെ മോചിപ്പിച്ച് ഹമാസിനെ ഇല്ലാതാക്കുന്നതിൽ നിന്ന് ഇസ്രായേലിനെ തടയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂലൈയിൽ ഗാസയിലേക്ക് അയച്ച 1,012 ട്രക്കുകളിൽ 10 എണ്ണം മാത്രമാണ് ഗോഡൗണുകളിൽ എത്തിയതെന്നും ബാക്കിയുള്ളവ വിതരണത്തിന് മുമ്പ് കൊള്ളയടിക്കപ്പെട്ടുവെന്നും നെതന്യാഹുവിൻ്റെ ഓഫീസ് പ്രസ്താവിച്ചു. ഈ ട്രക്കുകൾ കൊള്ളയടിച്ചത് ഹമാസ് ആണെന്ന സൂചനയാണ് നെതന്യാഹു നൽകുന്നത്.
ജൂതന്മാർ കുട്ടികളെ കൊന്ന് അവരുടെ രക്തം ആഭിചാര ചടങ്ങുകൾക്ക് ഉപയോഗിക്കുന്നു എന്ന പഴയ ആരോപണമാണ് ബ്ലഡ് ലൈബൽ അഥവാ രക്തബലി അപവാദം. ഇതര മതക്കാരായ കുട്ടികളെ ബലി കൊടുക്കുന്നതിലൂടെ ക്ഷേമവും സമ്പത്തും ഉണ്ടാക്കാൻ വിശ്വാസപരമായി ശ്രമിക്കുന്നു എന്നതാണ് ആരോപണത്തിന്റെ കാതൽ. ഇത് ഒരു തെറ്റായ ആരോപണമാണെന്നും, സമാനമായ ആരോപണം ആധുനിക രൂപത്തിൽ ഐക്യരാഷ്ട്രസഭ ഉന്നയിക്കുകയാണെന്നും നെതന്യാഹു പറയുന്നു.