എഡിറ്റോറിയൽ / ജെക്കോബി
സമൂഹമാധ്യമങ്ങള്‍, മെസേജിങ് ആപ്പ്, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം എന്നിവയിലൂടെ ‘മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുകയോ അതിനു പ്രേരിപ്പിക്കുകയോ’ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കുന്ന ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാരിന്റെ മതസ്വാതന്ത്ര്യ നിയമ ഭേദഗതി ബില്ലില്‍, ഇ-മെയില്‍ വഴിയോ ഇന്‍സ്റ്റന്റ് മെസേജിങ് വഴിയോ ‘തങ്ങളുടെ താല്പര്യങ്ങളും പ്രവൃത്തികളും പങ്കുവയ്ക്കുന്നവരുടെ ഓണ്‍ലൈന്‍ സമൂഹം രൂപപ്പെടുന്നത്’ അത് ഉപയോഗിക്കുന്നവരെ സ്വാധീനിക്കുമെന്നതിനാല്‍ കുറ്റകൃത്യമാണെന്നു വ്യാഖ്യാനിക്കുന്നു.
സോഷ്യല്‍ നെറ്റ് വര്‍ക്കിങ് വെബ്സൈറ്റില്‍ പബ്ലിക് പ്രൊഫൈല്‍ ഉണ്ടാക്കി അന്യോന്യം ബന്ധപ്പെടാനുള്ളവരുടെ പട്ടിക രൂപപ്പെടുത്തുന്നത് മതപരിവര്‍ത്തനത്തിനായുള്ള ഡിജിറ്റല്‍ ഉപാധിയായി നിര്‍വചിക്കപ്പെടുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ജീവപര്യന്തം കഠിനതടവും 10 ലക്ഷം രൂപ പിഴയും, മതപരിവര്‍ത്തനത്തിന്റെ ഭാഗമായി സമ്പാദിച്ച വസ്തുവകകളും ആസ്തികളും കണ്ടുകെട്ടുന്നതും, ഇരകളുടെ പുനരധിവാസത്തിനും മെഡിക്കല്‍ ചെലവിനുമൊക്കെയായുള്ള നഷ്ടപരിഹാരവും ഉള്‍പ്പെടെ ശിക്ഷയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതോടൊപ്പം നിയമവ്യവസ്ഥകള്‍ എങ്ങനെ വേണമെങ്കിലും ദുരുപയോഗിക്കാവുംവണ്ണം അവ്യക്തമാക്കുന്ന ഭേദഗതി ബില്ലാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി സംസ്ഥാന നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഏതെങ്കിലും മതവിഭാഗത്തിന്റെ അനുഷ്ഠാനങ്ങള്‍, ആചാരങ്ങള്‍, അവയുടെ അവിഭാജ്യ ഭാഗങ്ങള്‍ എന്നിവയെ മറ്റൊരു മതവുമായി താരതമ്യം ചെയ്ത് ഇകഴ്ത്തികാട്ടുകയോ ഇതര മതത്തെക്കാള്‍ മെച്ചപ്പെട്ടതാണ് ഒരു മതമെന്ന രീതിയില്‍ മഹത്വവത്കരിക്കുകയോ ചെയ്യുന്നത് മതപരിവര്‍ത്തനത്തിനായുള്ള പ്രലോഭനമായി അതില്‍ നിര്‍വചിക്കുന്നു. പാരിതോഷികം, കാര്യസാധ്യം, ഉദാരമായ ധനസഹായം, പണമായോ സാമഗ്രികളായോ നല്കുന്ന ഭൗതിക ആനുകൂല്യം, തൊഴില്‍, സൗജന്യ വിദ്യാഭ്യാസം, വിവാഹ വാഗ്ദാനം, ദൈവകോപമുണ്ടാകുമെന്ന ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവയും ഈ വകുപ്പില്‍ ഉള്‍പ്പെടുന്നു. മെച്ചപ്പെട്ട ജീവിതമോ, ഏതെങ്കിലും മതവിഭാഗത്തിന്റെ സ്കൂളിലോ കോളജിലോ സൗജന്യ വിദ്യാഭ്യാസമോ വാഗ്ദാനം ചെയ്തോ മതപരിവര്‍ത്തനം നടത്തിയാല്‍ 10 വര്‍ഷം തടവുശിക്ഷ ലഭിക്കും.
ഇരയുടെ നിര്‍വചനത്തില്‍, കുറ്റകൃത്യം മൂലം ഏതെങ്കിലും തരത്തില്‍ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും നേരിട്ടവരാകാം, ആ വ്യക്തിയുടെ രക്ഷിതാവോ അനന്തരാവകാശിയോ വരെ അതില്‍ ഉള്‍പ്പെടും.
ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റെ 2024-ലെ മതസ്വാതന്ത്ര്യ ഭേദഗതി നിയമത്തിന്റെ മൂശയില്‍തന്നെ വാര്‍ത്തെടുത്തതാണ് ധാമിയുടെ 2025-ലെ ഭേദഗതി ബില്ലിലെ മിക്ക വ്യവസ്ഥകളും. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് രണ്ടു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവും 25,000 രൂപ പിഴയുമാണ് 2022-ല്‍ ഭേദഗതി ചെയ്ത ഉത്തരാഖണ്ഡ് മതസ്വാതന്ത്ര്യ നിയമത്തില്‍ (2018) വ്യവസ്ഥ ചെയ്തിരുന്നത്. 2025-ലെ ഭേദഗതി പ്രകാരം, പൊതുവായ കുറ്റകൃത്യത്തിന് ജയില്‍ ശിക്ഷ മൂന്നു മുതല്‍ 10 വര്‍ഷം വരെയും ചുരുങ്ങിയ പിഴ 50,000 രൂപയുമാണ്.
പ്രായപൂര്‍ത്തിയാകാത്തവര്‍, സ്ത്രീകള്‍, പട്ടികജാതി-പട്ടിക വര്‍ഗക്കാര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ മതപരിവര്‍ത്തനത്തിനു വിധേയരാക്കുന്ന ‘സെന്‍സിറ്റീവ്’ കേസില്‍ 14 വര്‍ഷം ജയില്‍ ശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. രണ്ടോ അതില്‍ അധികമോ ആളുകളെ ‘കൂട്ടമതപരിവര്‍ത്തനത്തിന്’ വിധേയരാക്കിയാല്‍ ഏഴു വര്‍ഷം മുതല്‍ 14 വര്‍ഷം വരെ തടവും ചുരുങ്ങിയത് ഒരു ലക്ഷം രൂപ പിഴയും വിധിക്കാം. വിദേശ ഫണ്ടിങ് ലഭിച്ചതായി സംശയിക്കപ്പെടുന്ന കേസുകളില്‍ ഏഴു വര്‍ഷം മുതല്‍ 14 വര്‍ഷം വരെ തടവും ചുരുങ്ങിയത് 10 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
ഭീഷണി, ബലപ്രയോഗം, കടത്തിക്കൊണ്ടുപോകല്‍, മതംമാറ്റുന്നതിനുവേണ്ടിയുള്ള വിവാഹം തുടങ്ങിയ ‘ഗുരുതരമായ’ കേസുകളില്‍ 20 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ കഠിനതടവുശിക്ഷയും ഇരയുടെ മെഡിക്കല്‍ ചെലവും പുനരധിവാസ ചെലവും ഉള്‍പ്പെടെയുള്ള പിഴയുമാണ് ശിക്ഷ. മതപരിവര്‍ത്തനത്തിന് ഇരകളായവര്‍ക്ക് സൗജന്യ നിയമസഹായം, താമസസൗകര്യം, സംരക്ഷണം, പുനരധിവാസം, മെഡിക്കല്‍, യാത്ര, പരിപാലന ചെലവുകള്‍ എന്നിവയ്ക്കും വ്യവസ്ഥയുണ്ട്. ഇവര്‍ക്ക് ഉടന്‍ സഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതി ആവിഷ്കരിക്കുന്നുമുണ്ട്.
2022-ലെ ഭേദഗതിയില്‍, ഏറ്റവും കര്‍ക്കശമായ ഭീകരവിരുദ്ധ യുഎപിഎ വകുപ്പ് ഈ കേസില്‍ ബാധകമാക്കിയിരുന്നു.
‘നിയമവിരുദ്ധ മതപരിവര്‍ത്തനം’ ജാമ്യം ലഭിക്കാത്ത കൊഗ്നൈസബിള്‍ കുറ്റകൃത്യമാണ്; അറസ്റ്റു ചെയ്യാന്‍ വാറന്റൊന്നും ആവശ്യമില്ല, സംശയം മാത്രം മതി. ക്രിമിനല്‍ കേസുകളില്‍ കുറ്റം തെളിയിക്കേണ്ടത് പ്രോസിക്യൂട്ടറാണ്, എന്നാല്‍ മതപരിവര്‍ത്തന കേസില്‍ കുറ്റാരോപിതന് നിരപരാധിത്വം തെളിയിക്കണം. മതപരിവര്‍ത്തനത്തിനായി വിദേശഫണ്ട് ഉപയോഗിച്ചിട്ടുണ്ടെന്ന സംശയമുണ്ടായാല്‍ പ്രാദേശിക ഭരണാധികാരികള്‍ക്ക് കുറ്റാരോപിതരുടെ വസ്തുക്കള്‍ കണ്ടുകെട്ടാം, അതിനു തെളിവു വേണമെന്നില്ല. മതപരിവര്‍ത്തനവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട വസ്തുവകകളാണെന്ന് ‘വിശ്വസിക്കാന്‍ തക്ക കാരണമുണ്ടായാല്‍’ ജില്ലാ മജിസ്ട്രേറ്റിന് (കലക്ടര്‍ക്ക്) ആസ്തികള്‍ കണ്ടുകെട്ടുന്നതിന് ഉത്തരവിടാം. ഉദ്യോഗസ്ഥര്‍ക്ക് ആരെയും വേട്ടയാടുന്നതിന് ഇത്തരം നിയമങ്ങള്‍ ദുരുപയോഗം ചെയ്യാം. മതപരിവര്‍ത്തനത്തിനായുള്ള ഉദ്ദേശ്യമുണ്ടെന്ന് സംശയമുണ്ടായാല്‍ ആരെയും അറസ്റ്റു ചെയ്യാം, അയാളുടെ വസ്തുവകകള്‍ കണ്ടുകെട്ടാം.
വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചോ മതം മറച്ചുവച്ചോ മതപരിവര്‍ത്തനം ലക്ഷ്യമാക്കി വിവാഹബന്ധത്തിലേര്പ്പെടുന്നയാള്ക്ക് മൂന്നു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവും മൂന്നു ലക്ഷം രൂപ പിഴ ശിക്ഷയും ലഭിക്കും. മതപരിവര്‍ത്തനത്തിനു വിധേയരാകുന്നവര്‍ 60 ദിവസത്തിനകം ജനന സര്‍ട്ടിഫിക്കറ്റും പൂര്‍ണവിലാസവും ഉള്‍പ്പെടെ വിശദവിവരങ്ങള്‍ സഹിതം ജില്ലാ മജിസ്ട്രേട്ടിന് സത്യവാങ്മൂലം സമര്‍പ്പിക്കണം. അതു പരസ്യബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. 21 ദിവസം കഴിഞ്ഞ് ഡിഎം ആ വ്യക്തിയെ വിളിപ്പിച്ച് മൊഴിയെടുക്കും. പരാതികള്‍ക്ക് മതിയായ വിശദീകരണം നല്കാനായില്ലെങ്കില് മതപരിവര്‍ത്തനം അസാധുവാകും.
തന്റെ മൂന്നര വര്‍ഷത്തെ ഭരണനേട്ടങ്ങളായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ധാമി അവകാശപ്പെടുന്നത് യൂണിഫോം സിവില്‍ കോഡ്, കര്‍ശനമായ മതപരിവര്‍ത്തന നിരോധന നിയമം, നിയമവിരുദ്ധ മദ്രസകള്‍ക്കും ദര്‍ഗകള്‍ക്കുമെതിരെ നടപടി, ‘ലൗ ജിഹാദ്, ലാന്‍ഡ് ജിഹാദ്’ എന്നിവയ്ക്കെതിരെ കര്‍ശന നടപടി എന്നിവയാണ്. ഗോവയില്‍ നിലവിലുള്ള പോര്‍ച്ചുഗീസ് കാലത്തെ സിവില്‍ കോഡ് മാറ്റിനിര്‍ത്തിയാല്‍, രാജ്യത്ത് ആദ്യമായി 2025 ജനുവരിയില്‍ ഉത്തരാഖണ്ഡില്‍ നടപ്പാക്കിയ ഏകീകൃത സിവില്‍ കോഡിനെ ചോദ്യം ചെയ്യുന്ന റിട്ട് ഹര്‍ജികള്‍ നൈനിറ്റാള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിനിടെ, വിവാഹ രജിസ്ട്രേഷന്, വിവാഹമോചന നടപടിക്രമം, അപ്പീലുകള്‍ എന്നിവയുമായി ബന്ധപ്പെട്ട സമയപരിധി ഒരു വര്‍ഷമായി ഉയര്‍ത്തിയും, നിയമവിരുദ്ധ ദാമ്പത്യബന്ധങ്ങള്ക്കെതിരെയുള്ള നടപടികള്‍ കര്‍ശനമാക്കിയും പിഴശിക്ഷകള്‍ പുനഃക്രമീകരിച്ചുംകൊണ്ടുള്ള യുസിസി ഭേദഗതി ബില്ലും ഉത്തരാഖണ്ഡ് നിയമസഭയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
പ്രധാനമായും മുസ്ലിം ശരിഅത്തിനെയും വ്യക്തിനിയമത്തെയും ലക്ഷ്യം വച്ചുകൊണ്ട് ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ഏകീകൃത കോഡ്, വ്യക്തിസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, മനഃസാക്ഷിസ്വാതന്ത്ര്യം, സ്വകാര്യത തുടങ്ങിയ ഭരണഘടനാവ്യവസ്ഥകള്ക്കു വിരുദ്ധമാണെന്ന് മനുഷ്യാവകാശപ്രവര്‍ത്തകരായ നിയമജ്ഞര്‍ നിരീക്ഷിക്കുകയുണ്ടായി. സ്ത്രീകള്‍ക്ക് നീതിയും സമത്വവും വാഗ്ദാനം ചെയ്യുമ്പോഴും, ‘ലിവ്-ഇന്‍’ ബന്ധത്തെയും മറ്റും ക്രിമിനല്വത്കരിക്കുന്നതിലൂടെ അവരുടെ മൗലികാവകാശങ്ങളെ ചോദ്യം ചെയ്യുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.
ദേവഭൂമി എന്നു വിശേഷിപ്പിക്കപ്പെടുന്ന, യമുനോത്രി, ഗംഗോത്രി, കേദാര്‍നാഥ്, ബദ്രിനാഥ് എന്നീ പ്രധാന തീര്ഥാടനകേന്ദ്രങ്ങളുള്ള (ചാര്‍ധാം യാത്ര) ഹിമാലയഭൂവില്, നിയമവിരുദ്ധ മതപരിവര്‍ത്തനത്തിലൂടെ ജനസംഖ്യാഘടനയില്‍ മാറ്റംവരുത്താനുള്ള ശ്രമങ്ങളെ ചെറുക്കാനാണ് നിയമം കൂടുതല്‍ കര്‍ക്കശമാക്കുന്നതെന്ന് മുഖ്യമന്ത്രി ധാമി വിശദീകരിക്കുന്നുണ്ട്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവരെയും മുസ്ലിംകളെയും ആക്രമിക്കുന്നതിന് സംഘപരിവാര്‍ തീവ്രവാദി സംഘങ്ങള്‍ പതിവായി ഉയര്‍ത്തുന്ന മതപരിവര്‍ത്തന ആരോപണങ്ങള്‍ തെളിയിക്കാന്‍ പോന്ന ഒരു ഡേറ്റയും ധാമിയുടെ പക്കലുമില്ല. ഉത്തരാഖണ്ഡിലെ ജനസംഖ്യയില്‍ 82.98 ശതമാനം ഹിന്ദുക്കളാണ്. മുസ്ലിംകള് 13.95 ശതമാനം വരും. ആധുനിക കാലത്ത്, 1624-ല്‍ പോര്‍ച്ചുഗീസ് ജസ്യുറ്റ് മിഷനറി അന്റോണിയോ ഡി ആന്‍ഡ്രേഡ് ഹിമാലയ പര്‍വതനിര താണ്ടി ആദ്യമായി തിബറ്റില്‍ ജസ്യുറ്റ് മിഷന് സ്ഥാപിച്ചതു മുതല്‍ – ഗഢ് വാള് രാജ്യത്തിന്റെ ഭാഗമായിരുന്നു അന്ന് തിബറ്റ് – ക്രൈസ്തവ സാന്നിധ്യമുള്ള ഉത്തരാഖണ്ഡ് മേഖലയില്‍ 2025-ാമാണ്ടിലും ആകെയുള്ള ക്രിസ്ത്യാനികള്‍ 37,781 പേരാണ്: ജനസംഖ്യയുടെ 0.37 ശതമാനം മാത്രം!
ക്രൈസ്തവരുടെ ‘കൂട്ടമതപരിവര്‍ത്തനം’ എത്രമേല്‍ ഭീഷണമാണെന്ന് ഈ ജനസംഖ്യാ അനുപാതത്തില്‍ നിന്ന് ഹിന്ദുത്വവാദികള്ക്കുതന്നെ വായിച്ചെടുക്കാവുന്നതാണ്. വീടുകളിലെ പ്രാര്‍ഥനയും ആരാധനയും വിശുദ്ധഗ്രന്ഥവും മതചിഹ്നങ്ങളും വിശ്വാസികളുടെ കൂട്ടായ്മകളും, ക്രൈസ്തവ മിഷനുകളിലെ ആതുരശുശ്രൂഷയും കാരുണ്യസേവനവും സൗജന്യ വിദ്യാദാനവുമൊക്കെ മതപരിവര്‍ത്തനത്തിനുള്ള ഉപാധികളായി ചിത്രീകരിക്കുന്ന ധാമിമാര് വിദ്വേഷ പ്രചാരണത്തിനും വര്‍ഗീയ ധ്രുവീകരണത്തിനുമായി മതപരിവര്‍ത്തനത്തിന്റെ കെട്ടുകഥകളും കൊടുംകുറ്റങ്ങളും മെനഞ്ഞുകൊണ്ടേയിരിക്കുന്നു.
ഹിമാലയന്‍ സംസ്ഥാനത്തെ നിയമവിരുദ്ധ മദ്രസകളും ദര്‍ഗകളും ഇസ്ലാമിക മതസ്ഥാപനങ്ങളും പൊളിച്ചുമാറ്റാനുള്ള തീവ്രയജ്ഞം ആരംഭിച്ച ബിജെപി മുഖ്യമന്ത്രി, സംസ്ഥാനത്തെ മദ്രസ ബോര്‍ഡ് അടച്ചുപൂട്ടാനുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ ബില്ല്, മതപരിവര്‍ത്തന നിയമ ഭേദഗതിക്കൊപ്പം നിയമസഭയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ 452 അംഗീകൃത മദ്രസകളുണ്ട്. അവയുടെ കാര്യത്തില്‍ തീര്‍പ്പുണ്ടാക്കേണ്ടത് പുതുതായി രൂപവത്കരിക്കുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ അതോറിറ്റിയാണ്. ഇത്രയുംകാലം മുസ്ലിംകള്‍ക്കു മാത്രമാണ് ഉത്തരാഖണ്ഡില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താന്‍ അവകാശമുണ്ടായിരുന്നതത്രെ. ക്രൈസ്തവര്‍ക്കും സിഖുകാര്‍ക്കും ബൗദ്ധര്‍ക്കും ജൈനര്‍ക്കും പാര്‍സികള്‍ക്കും ഇനി ആ അവകാശം ലഭിക്കുമെന്ന് ധാമി ഉറപ്പുനല്‍കുന്നുണ്ട്.
ലൗ ജിഹാദും ഇസ് ലാമിക മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട്, ഉത്തര്‍പ്രദേശിലെ ബല്‍റാംപുരില്‍ ഛംഗുര്‍ ബാബാ (ജലാലുദ്ദീന്‍) എന്ന സൂഫി പ്രഭാഷകന്‍ നേതൃത്വം നല്‍കിയതായി പറയുന്ന രാജ്യാന്തര സംഘത്തെ കേന്ദ്രീകരിച്ച് ആഗ്ര പൊലീസ് നടത്തിയ അന്വേഷണത്തില്‍, ഉത്തരാഖണ്ഡില്‍ രണ്ടു സ്ത്രീകളെ നിര്‍ബന്ധിച്ചു മതംമാറ്റിയ കേസില്‍ ആറുപേരെ അറസ്റ്റുചെയ്ത സംഭവം മുഖ്യമന്ത്രി ധാമി സംസ്ഥാനത്തെ ലൗ ജിഹാദ് ഭീഷണിയുടെ വലിയ ദൃഷ്ടാന്തമായി എടുത്തുകാട്ടുന്നുണ്ട്. ഇതേ കേസില്‍ ഗോവയില്‍ നിന്നുള്ള ഒരു യുവതിയും ഇരയായി എന്നതിന്റെ പേരിലാണ് ഗോവയില്‍ ചില ക്രൈസ്തവ ജനപ്രതിനിധികളുമായി കൂട്ടുചേര്‍ന്നു ഭരിക്കുന്ന ബിജെപി മുഖ്യമന്ത്രി പ്രമോദ് സാവന്ത് അവിടെയും മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്.
ഉത്തരാഖണ്ഡില്‍ നിന്നു തുടങ്ങി, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നടപ്പാക്കിയ മതപരിവര്‍ത്തന നിരോധന നിയമങ്ങളുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഉത്തര്‍പ്രദേശിലെ 2024-ലെ ഭേദഗതി നിയമം തത്കാലം നടപ്പാക്കരുതെന്ന് സുപ്രീം കോടതിയില്‍ ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് വിക്രം നാഥ് എന്നിവരുടെ ബെഞ്ച് കഴിഞ്ഞ ജൂലൈയില്‍ നിര്‍ദേശിക്കുകയുണ്ടായി. രാജ്യത്തെ പരമോന്നത കോടതി മതപരിവര്‍ത്തന നിരോധന നിയമങ്ങളുടെ കാര്യത്തില്‍ അന്തിമ തീര്പ്പിലെത്തുന്നതു വരെ രാജ്യത്തെ ഹിന്ദുത്വ ദേശീയതയുടെ കാവിപ്പട, ആ നിയമങ്ങളെ ആയുധമാക്കി ക്രൈസ്തവരെയും മുസ് ലിംകളെയും ഘര്‍വാപസിക്കു വഴങ്ങാത്ത ആദിവാസികളെയും ദലിതരെയും വേട്ടയാടിക്കൊണ്ടിരിക്കും.
ഹരിദ്വാറില്‍, വ്യാജ സന്ന്യാസിമാരായി ആള്‍മാറാട്ടം നടത്തുന്നവരെ കണ്ടെത്തി ‘സനാതന ധര്‍മത്തെയും സംസ്കാരത്തെയും’ സംരക്ഷിക്കുന്നതിന് മുഖ്യമന്ത്രി ധാമി പ്രഖ്യാപിച്ച കാലനേമി ഓപ്പറേഷനില്‍, 300 ‘കള്ള സാധുക്കളെ’ പിടികൂടിയതായി വാര്‍ത്തയുണ്ടായിരുന്നു. ഇവരില്‍ ചിലര്‍ ബംഗ്ലാദേശികളാണെന്ന് മോദി സ്തുതിപാഠകരായ ദേശീയ മാധ്യമങ്ങള്‍ കിടിലംകൊള്ളിച്ചു വട്ടംകൂടിയിരുന്നു. ബിഹാറില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിച്ച എസ്ഐആര്‍ ഗഹന തീവ്ര വോട്ടര്‍പട്ടിക ഓപ്പറേഷനിലും കുറെ ബംഗ്ലാദേശികളെ കണ്ടെത്തിയിട്ടുണ്ടത്രെ.
കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ രാജ്യരക്ഷാമന്ത്രിയും ആഭ്യന്തരമന്ത്രിയും അറിയാതെയാണോ ഈ കാലനേമി ഗണം ഹിമാലയതടത്തിലാകെ പെരുകുന്നത്? ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയെ വിദ്വേഷ രാഷ്ട്രീയത്തിന്റെ രാക്ഷസീയ അവതാരങ്ങളില്‍ നിന്നു രക്ഷിക്കാനായി, ഒരു ജനകീയ ദിഗ്വിജയ യാത്രയുടെ ആരവം എങ്ങോ കേള്‍ക്കുന്നില്ലേ?