ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി
കത്തോലിക്കാ സഭയുടെ സാമൂഹിക പ്രതിബദ്ധതയുടെയും സുവിശേഷവത്കരണത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട രണ്ട് മേഖലകളാണ് വിദ്യാഭ്യാസവും ആതുരശുശ്രൂഷയും. ഭാരതത്തില്‍ വിദ്യാഭ്യാസത്തിനും ആരോഗ്യപരിപാലനത്തിനും ക്രൈസ്തവസഭ നല്കുന്ന സംഭാവനകള്‍ വിലമതിക്കാനാവാത്തതും സമാനതകളില്ലാത്തതുമാണ്.
വര്‍ഗീയവാദികളുടെയും തീവ്രരാഷ്ട്രീയപ്രവര്ത്തകരുടെയും ഭീഷണികള്‍ക്കും അക്രമങ്ങള്‍ക്കും നടുവില്‍ സുവിശേഷമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സഹായിക്കുന്ന ഈ ശുശ്രൂഷകള്‍ അഭംഗുരം നിര്‍വഹിക്കാന്‍ കത്തോലിക്കാ തിരുസഭ എന്നും പ്രതിജ്ഞാബദ്ധമാണ്.
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മയുടെ അഭ്യര്‍ഥനപ്രകാരം സ്വിറ്റ്സര്‍ലന്‍ഡില്‍നിന്ന് സന്ന്യാസിനി നഴ്സുമാരെ എത്തിച്ച് കേരളത്തില്‍ ആതുരസേവനത്തിന് അടിത്തറയിട്ടത് ദൈവദാസന് അലോഷ്യസ് മരിയ ബെന്‍സിഗര്‍ പിതാവാണ്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായിരുന്ന ബിഷപ് ജെറോം ഫെര്‍ണാണ്ടസ് തിരുമേനി, 1948 ഓഗസ്റ്റ് 17-ാം തീയതി, ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗര്‍ പിതാവിന്റെ നാമധേയത്തില്‍ ഈ ആശുപത്രി സ്ഥാപിച്ചു.

ചികിത്സാസൗകര്യങ്ങള്‍ പരിമിതമായിരുന്ന അക്കാലത്ത്, കൊല്ലം ജില്ലയിലെ ആദ്യത്തെ സ്വകാര്യ ആശുപത്രിയായ ഈ സ്ഥാപനം കൊല്ലം നിവാസികള്‍ക്ക് ഒരു കൈത്താങ്ങായി മാറി. എല്ലാ രോഗികള്‍ക്കും മെച്ചപ്പെട്ട ചികിത്സയും പരിചരണവും ലഭിക്കണമെന്ന ദീര്‍ഘവീക്ഷണമാണ് ഇത്തരം ഒരു സ്ഥാപനം ആരംഭിക്കാന്‍ അഭിവന്ദ്യ പിതാവിനെ പ്രേരിപ്പിച്ചത്. ഇന്നും നാം അഭിമാനിക്കുന്ന കേരളാമോഡല്‍ ആരോഗ്യപരിപാലനത്തിന് ആരംഭം കുറിച്ചത്.
ഓലമേഞ്ഞ 13 കുടിലുകളില്‍ നിന്ന് ആരംഭിച്ച് 600-ഓളം കിടക്കകളുള്ള ഒരു മള്‍ട്ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയായി ഇത് വളര്‍ന്നു. പശ്ചാത്തല വികസനത്തിന്റെ ഭാഗമായി കിടക്കകളുടെ എണ്ണം കുറച്ച് ഇപ്പോള്‍ 400 കിടക്കകളുള്ള മള്‍ട്ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയായി പ്രവര്‍ത്തിച്ചുവരുന്നു. ഈ സ്ഥാപനം ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുകയും, നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യചികിത്സയും, സാധാരണക്കാരായ മറ്റ് അനേകം രോഗികള്‍ക്കു ചികിത്സാ ഇളവുകളും നല്കിവരുന്നു. ക്രിസ്തുനാഥന്റെ സൗഖ്യദായക ശുശ്രൂഷയില്‍ അധിഷ്ഠിതമായി, ‘സ്നേഹിക്കുക എന്നാല്‍ സേവനം ചെയ്യുക’ എന്നതാണ് ഈ സ്ഥാപനത്തിന്റെ ആപ്തവാക്യം.
1963 ഫെബ്രുവരി ആറിന് അഭിവന്ദ്യ ജെറോം പിതാവിന്റെ ആശീര്‍വാദത്തോടെ ആശുപത്രിയുടെ പ്രധാനകെട്ടിടം പ്രവര്‍ത്തനമാരംഭിച്ചു. 1971 ജനുവരി 14-ന് ബെന്‍സിഗര്‍ സ്കൂള്‍ ഓഫ് നഴ്സിങ്, 1979 ഡിസംബര്‍ 30-ന് ഓസാനം എന്ന പേരില്‍ കണ്ണാശുപത്രിയും, പ്രവര്‍ത്തനമാരംഭിച്ചു. രോഗികള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി, 2002 ഏപ്രില്‍ നാലാം തീയതി 10 നിലകളുള്ള മില്ലേനിയം ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. നഴ്സിങ് സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി 2004-ല്‍ ബിഷപ് ബെന്‍സിഗര്‍ കോളജ് ഓഫ് നഴ്സിങ് ആരംഭിച്ചു. 2010-ല്‍ ആരംഭിച്ച കമ്യൂണിറ്റി റേഡിയോ ബെന്സിഗര്വഴി പൊതുജനങ്ങള്‍ക്ക് ആരോഗ്യകരമായ ജീവിതരീതിയെക്കുറിച്ച് കൃത്യമായ ബോധവല്‍ക്കരണം നല്കിവരുന്നു.
2011-ല്‍ ഹൃദ്രോഗികള്‍ക്ക് അതിവേഗ ചികിത്സ ലഭ്യമാക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാത്ത്ലാബ് ആരംഭിച്ചു. 2014-ല്‍ 20 കിടക്കകളുള്ള ഒരു ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

2022-ല്‍ ബെന്‍സിഗര്‍ ആശുപത്രിയുടെ 75-ാംവാര്‍ഷികത്തോടനുബന്ധിച്ച്, സമൂഹത്തിന് പ്രയോജനകരമായ വിവിധ കര്‍മ്മപരിപാടികള്‍ നടപ്പിലാക്കി.
ആധുനിക ചികിത്സാരീതികള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനൊപ്പം നമ്മുടെ നാടിന്റെ പരമ്പരാഗത ചികിത്സാരീതിയായ ആയുര്‍വേദത്തിനും പ്രാധാന്യം നല്കി 2023 ജൂലൈ 16-ാം തീയതി നീണ്ടകരയില്‍ ബിഷപ് ബെന്‍സിഗര്‍ പഞ്ചകര്‍മ്മ ആയുര്‍വേദ സെന്റര്‍ ആരംഭിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും സംരക്ഷണം ഉറപ്പാക്കാന്‍, അത്യാധുനിക സൗകര്യങ്ങളുള്ള മദര്‍ ആന്‍ഡ് ചൈല്‍ഡ് സെന്റര്‍ ആരംഭിച്ചു. ആശുപത്രിയിലെ സേവനങ്ങള്‍ മിതമായ നിരക്കില്‍ വീടുകളില്‍ എത്തിക്കുന്നതിനായി ഹോം കെയര്‍ (ഗൃഹപരിചരണം) സേവനങ്ങള്‍ കൂടാതെ, പ്രായമായ രോഗികളുടെ തുടര്‍ചികിത്സ ഉറപ്പുവരുത്തുന്നതിനായി ബെന്‍സിഗര്‍ ആശുപത്രിയിലെ ജീവനക്കാരുടെ സേവനത്തോടുകൂടിയ ആംബുലന്‍സ് സൗകര്യങ്ങളോടെയുള്ള ജെറിയാട്രിക് കെയര്‍ (വയോജന പരിചരണം) സേവനങ്ങളും ആരംഭിച്ചു.
ആരോഗ്യരംഗത്ത് 75 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ബിഷപ് ബെന്‍സിഗര്‍ ആശുപത്രി, സേവനങ്ങളുടെ തുടര്‍ച്ചയായി ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിക്കുകയാണ്. കുട്ടികളിലെ മാനസിക പിരിമുറുക്കം, മാനസിക വളര്‍ച്ചാക്കുറവ്, ഓട്ടിസം, എഡിഎച്ച്ഡി, സെറിബ്രല്‍ പാള്‍സി, സംസാരവൈകല്യങ്ങള്‍ തുടങ്ങിയവ നേരിടുന്ന കുട്ടികള്‍ക്ക്, നേരത്തെയുള്ള രോഗനിര്‍ണയം, സമഗ്രമായ ചികിത്സ, ചിട്ടയായ പിന്തുണ എന്നിവ ലഭ്യമാക്കുന്നതിനായി, തങ്കശ്ശേരിയില്‍ സ്പെരാന്‍സ എന്ന പേരില്‍ ന്യൂറോ റിഹാബിലിറ്റേഷന്‍ സെന്റര്‍ ആരംഭിക്കുന്നു. SPERANZA എന്ന വാക്കിന്റെ അര്‍ത്ഥം ‘പ്രത്യാശ’ എന്നാണ്. ഈ ജൂബിലി വര്‍ഷത്തില്‍, പ്രത്യാശയുടെ സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, കുട്ടികള്‍ക്കായി കൂടുതല്‍ നന്മ ചെയ്യുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഇവിടെ കുട്ടികളെ അവരുടെ രോഗനിര്‍ണയത്തിന്റെ പേരില്‍ അടയാളപ്പെടുത്തുന്നില്ല, മറിച്ച് കുട്ടികളെ അവരുടെ സാധ്യതകളുടെ കണ്ണിലൂടെയാണ് നോക്കിക്കാണുന്നത്.
നമ്മുടെ സമൂഹത്തില്‍ ഇത്തരം അവസ്ഥയിലുള്ള ചില കുട്ടികളെ വ്യക്തിപരമായി അറിയാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്.
അവരെ വളര്‍ത്തുന്നതിനും പരിചരിക്കുന്നതിനുമായി മാതാപിതാക്കള്‍ വളരെ പ്രയാസപ്പെടുന്നു. ഇവരില്‍ പലരും, ഇത്തരം രോഗാവസ്ഥകള്‍ മനസ്സിലാക്കിയെങ്കിലും അവര്‍ക്ക് കൃത്യമായ ചികിത്സ നല്കാന് ഒരിടം കണ്ടെത്താനാകാത്തതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചവരാണ്. വളരെ പരിമിതമായ, ഇത്തരം ചികിത്സാകേന്ദ്രങ്ങള്‍, വിദൂരവും അപ്രാപ്യമായതിനാലും, താങ്ങാനാവാത്ത ചികിത്സാ ചെലവുകളുള്ളതിനാലും ഇത്തരം കുട്ടികളുടെ മാതാപിതാക്കള്‍ കൂടുതല്‍ പ്രതിസന്ധി നേരിടുന്നു. അതുകൊണ്ടുതന്നെ കൈയ്യെത്തും ദൂരത്ത് നമുക്കിടയില്‍ തന്നെ ആരംഭിക്കുന്ന ബെന്‍സിഗര്‍ ഹോസ്പിറ്റലിന്റെ ഈ സംരംഭം, ഈ ആശുപത്രിയുടെ ജൈത്രയാത്രയില്‍ ഒരു തിലകകുറി തന്നെയാണ്. ഇന്ത്യയിലുടനീളം, പ്രത്യേകിച്ചും കേരളത്തില്‍, ന്യൂറോ ഡെവലപ്മെന്റല്‍ അവസ്ഥകളെക്കുറിച്ച് അവബോധം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും, വിദഗ്ധവും താങ്ങാനാവുന്നതുമായ ചികിത്സ ഇപ്പോഴും പലര്‍ക്കും അപ്രാപ്യമാണ്.
നീണ്ട കാത്തിരിപ്പ്, അവബോധമില്ലായ്മ, സാമൂഹിക ഒറ്റപ്പെടുത്തല്‍ എന്നിവ കുടുംബങ്ങളെ നിശബ്ദരാക്കുന്നു.
ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരുത്താനാണ് സ്പെരാന്‍സ ശ്രമിക്കുന്നത്. ശിശുരോഗ ന്യൂറോളജിസ്റ്റുകള്‍, സ്പീച്ച് തെറാപ്പിസ്റ്റുകള്‍, ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റുകള്‍, മനഃശാസ്ത്രജ്ഞര്‍, പ്രത്യേക അധ്യാപകര്‍ എന്നിങ്ങനെയുള്ള വിദഗ്ധരുടെ വിപുലമായ സംഘം ഇവിടെയുണ്ട്. കുട്ടികള്‍ക്കുവേണ്ടി പ്രത്യേകമായി ഒരുക്കിയ സൗഹൃദാന്തരീക്ഷത്തില്‍, കളികളിലൂടെയും, സംഭാഷണങ്ങളിലൂടെയും മറ്റ് ചികിത്സാ രീതികളിലൂടെയും അവര്‍ക്ക് വ്യക്തിഗതമായ പരിഗണന നല്കുന്നു. സ്പെരാന്സയുടെ പ്രവര്‍ത്തനം ഈ നാല് ചുവരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങുന്നില്ല.
സമൂഹത്തില്‍ അവബോധം വളര്‍ത്തുന്നതിനും, നേരത്തെയുള്ള രോഗനിര്‍ണയത്തിനും, രക്ഷിതാക്കള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ട് സ്പെരാന്‍സ സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ മാറ്റാന്‍ ശ്രമിക്കുന്നതാണ്. ഈ പുതിയ സംരംഭത്തിന്റെ ആശിര്‍വാദകര്‍മ്മവും ഉദ്ഘാടനവും ആഗസ്റ്റ് 24-ന് വൈകുന്നേരം 3 മണിക്ക് തങ്കശ്ശേരി മൗണ്ട് കാര്‍മല്‍ സ്കൂളിന് സമീപം നടക്കും. ഈ ശുഭകര്‍മ്മത്തില്‍ എല്ലാ വൈദികരുടെയും, സന്ന്യസ്തരുടെയും, ബഹുമാനപ്പെട്ടവരുടെയും സാന്നിധ്യവും സഹകരണവും ഞങ്ങള്‍ ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു.
സമൂഹനന്മ ലക്ഷ്യമാക്കിയുള്ള കത്തോലിക്കാ സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നമുക്കും പങ്കുചേരാം.