ന്യൂഡൽഹി: ക്രിമിനൽ കേസിൽ അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാനുള്ള സുപ്രധാന ഭരണഘടനാ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ. അഞ്ചു വർഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളിലാണ് അറസ്റ്റിലായി മുപ്പതു ദിവസം കസ്റ്റഡിയിൽ കിടന്നാൽ മന്ത്രിസ്ഥാനം പോകുന്ന വ്യവസ്ഥ .
പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും ഇത് ബാധകമായിരിക്കും. തുടർച്ചയായി മുപ്പത് ദിവസം ഒരു മന്ത്രി പോലീസ്, ജുഡീഷ്യൽ കസ്റ്റഡിയിൽ കിടന്നാൽ മുപ്പത്തിയൊന്നാം ദിവസം മന്ത്രിസഭയിൽ നിന്ന് നീക്കണം. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇതിനുള്ള ശിപാർശ ഗവർണർക്ക് നൽകിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമാകും .
ജയിൽ മോചിതരായാൽ ഈ സ്ഥാനത്ത് തിരികെ വരുന്നതിന് തടസമില്ലെന്നും ബിൽ പറയുന്നു.
മന്ത്രിമാർക്കെതിരെ ഉണ്ടാകുന്ന അഴിമതി ആരോപണങ്ങൾ കുറയ്ക്കുകയെന്നതാണ് ഈ ബിൽ ലക്ഷ്യമിടുന്നത് കേന്ദ്ര സർക്കാർ വിശദീകരണം. ഇത്തരക്കാർ ജയിലിൽ കിടന്നുകൊണ്ട് ഭരണം നടത്തുന്നത് ഉചിതമല്ലെന്നാണ് സർക്കാരിൻറെ വാദം.