കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഔവർ ലേഡി ഓഫ് അറേബ്യ (അറേബ്യയുടെ നാഥയായ മറിയം) പള്ളിക്ക് മൈനർ ബസിലിക്ക പദവി ലഭിച്ചു. ദേവാലയത്തെ മൈനർ ബസിലിക്കയായി ഉയർത്തിയതിൽ ആഹ്ളാദം പ്രകടിപ്പിച്ച് നോർത്തേൺ അറേബ്യ അപ്പോസ്തോലിക് വികാരിയേറ്റ് മോൺ. ആൾഡോ ബെരാർഡി.
അറേബിയൻ മണ്ണിൽ ഈ പദവി ലഭ്യമായ ആദ്യ കത്തോലിക്ക ദേവാലയമാണിതെന്നും വലിയ ഭക്തിയുടെ ഒരു ആരാധനാലയമായ ദേവാലയത്തിന് ലഭിച്ച മൈനർ ബസിലിക്ക പദവിയിൽ സന്തോഷമുണ്ടെന്നും ബിഷപ്പ് ആൾഡോ ബെരാർഡി പറഞ്ഞു. വടക്കൻ അറേബ്യൻ അപ്പസ്തോലിക് വികാരിയത്തിന്റെ മാതൃദേവാലയവും കുവൈറ്റിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ദേവാലയവുമായ ഔർ ലേഡി ഓഫ് അറേബ്യ ദേവാലയത്തിന്റെ ഒരു വർഷം നീണ്ട ഡയമണ്ട് ജൂബിലി ആഘോഷം രണ്ടു വർഷം മുൻപ് നടത്തിയിരിന്നു.
കുവൈറ്റി മണ്ണിൽ നിർമ്മിക്കപ്പെട്ട ആദ്യ കത്തോലിക്കാ ദേവാലയമാണ് പരിശുദ്ധ കന്യകാമാതാവിന്റെ നാമധേയത്തിൽ സമർപ്പിക്കപ്പെട്ടിരിക്കുന്ന ഔർ ലേഡി ഓഫ് അറേബ്യ ദേവാലയം. 1945 ഡിസംബർ 25-നാണ് മഗ്വായിൽ താൽക്കാലികമായി ഉണ്ടാക്കിയ കൂടാരത്തിൽവെച്ച് കുവൈറ്റിലെ ആദ്യ വിശുദ്ധ കുർബാന അർപ്പിക്കുന്നത്. 1946 മുതൽ 1948 വരെ കർമ്മലീത്ത മിഷ്ണറിയായ ഫാ. കാർമൽ സ്പിറ്റേരി ഇടക്കിടെ ഇവിടെ കുർബാന അർപ്പിച്ചിരുന്നു.
1948-ൽ അഹമദിയിലെ ഒരു ഊർജ്ജ നിലയം ചാപ്പലാക്കി മാറ്റുകയും ദൈവമാതാവിന്റെ സമർപ്പണ തിരുനാൾ ദിനത്തിൽ അവിടെ ആദ്യ കുർബാന അർപ്പിക്കുകയും ചെയ്തു. അതേവർഷം തന്നെ കുവൈറ്റിലെ ആദ്യ റെസിഡന്റ് വൈദികനായി ഫാ. തിയോഫാനോ സ്റ്റെല്ലായെ നിയമിച്ചു. ഇദ്ദേഹം പിന്നീട് കുവൈറ്റിലെ ആദ്യത്തെ അപ്പസ്തോലിക വികാരിയായി ഉയർത്തപ്പെട്ടു. 1952-ൽ കുവൈറ്റ് ഓയിൽ കമ്പനി (കെ.ഒ.സി) അഹമദിയിൽ ഒരു പുതിയ ദേവാലയത്തിന്റെ നിർമ്മാണത്തിന് ഉത്തരവാദിത്വമേറ്റെടുത്തു.
അന്ന് തിരുസഭയുടെ പരമാദ്ധ്യക്ഷനായിരിന്ന പിയൂസ് പന്ത്രണ്ടാമൻ പാപ്പ ആശീർവദിച്ച് അയച്ച കല്ലായിരുന്നു ദേവാലയത്തിന്റെ മൂലക്കല്ല്. 1955 ഡിസംബർ എട്ടിനാണ് പുതിയ ദേവാലയത്തിന്റെ ആദ്യ കല്ലിടൽ ചടങ്ങ് നടന്നത്. 1956-ൽ ദേവാലയം ‘ഔർ ലേഡി ഓഫ് അറേബ്യ’യുടെ നാമധേയത്തിൽ സമർപ്പിക്കപ്പെട്ടു. ജി.സി.സി രാഷ്ട്രങ്ങളിൽ വത്തിക്കാനുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന ആദ്യ രാഷ്ട്രമാണ് കുവൈറ്റ്. 2000 വരെ കുവൈറ്റിൽ അപ്പസ്തോലിക കാര്യാലയം സ്ഥാപിക്കപ്പെട്ടിരുന്നില്ല. കുവൈറ്റ്, ബഹ്റൈൻ ഖത്തർ, സൗദി അറേബ്യ എന്നീ രാഷ്ട്രങ്ങൾ ഉൾപ്പെടുന്നതാണ് വടക്കൻ അറേബ്യൻ അപ്പസ്തോലിക് വികാരിയത്ത്.