റാഞ്ചി: ഛത്തീസ്ഗഡിൽ കത്തോലിക്ക സന്യാസിനികളെ വേട്ടയാടിയ സംഭവത്തിൽ പ്രതിഷേധം തുടരുന്നു. ഇന്നലെ ഞായറാഴ്ച റാഞ്ചിയിലെ ക്രൈസ്തവ സമൂഹം നിശബ്ദ റാലി സംഘടിപ്പിച്ചു. റാഞ്ചിയുടെ വിവിധ വിഭാഗങ്ങളിൽ നിന്നു എത്തിയ ആളുകൾ മാർച്ചിൽ പങ്കെടുത്തിരിന്നു. പ്രാർത്ഥനയ്ക്കു ശേഷം പ്ലക്കാർഡുകളും ബാനറുകളും പിടിച്ച് പ്രധാന റോഡിലൂടെ, ആൽബർട്ട് എക്ക ചൗക്കിലൂടെ നിശബ്ദമായി നടന്നായിരിന്നു പ്രതിഷേധ റാലി. ഓൾ ചർച്ചസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ വൈദികരും സന്യസ്തരും അൽമായരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
രാജ്ഭവന് പുറത്തു റാലി സമാപിക്കുകയും അവിടെ വെച്ച് പ്രതിഷേധ യോഗം നടത്തുകയും ചെയ്തു. രാജ്യത്തു ക്രൈസ്തവർക്ക് നേരെ ഉയരുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ക്രൈസ്തവ നേതാക്കൾ ശക്തമായി അപലപിച്ചു. വർദ്ധിച്ചുവരുന്ന അസഹിഷ്ണുതയും ന്യൂനപക്ഷ അവകാശ ലംഘനങ്ങളെയും കുറിച്ച് ആശങ്ക പ്രകടിപ്പിച്ചുകൊണ്ടായിരുന്നു യോഗം. ഇന്ത്യ വൈവിധ്യത്തിന്റെ നാടാണെന്നും എന്നാൽ ചില സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ അടിച്ചമർത്തപ്പെടുകയാണെന്നും ഈ പ്രതിഷേധം നീതിക്കും മനുഷ്യാവകാശ സംരക്ഷണത്തിനും വേണ്ടിയാണെന്നും റാഞ്ചി ആർച്ച് ബിഷപ്പ് വിൻസെന്റ് ഐൻഡ് പറഞ്ഞു.
ക്രിസ്ത്യൻ സമൂഹം വിദ്യാഭ്യാസത്തിലൂടെയും ആരോഗ്യ സംരക്ഷണത്തിലൂടെയും സമൂഹത്തെ സേവിക്കുന്നുണ്ടെങ്കിലും, മതസ്വാതന്ത്ര്യത്തിനു വിരുദ്ധമായ നടപടികൾ ആശങ്ക ജനിപ്പിക്കുന്നതായി മാർഷൽ കെർക്കെറ്റ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിച്ചാൽ മുഴുവൻ ക്രൈസ്തവ സമൂഹവും വൻ പ്രക്ഷോഭം ആരംഭിക്കുമെന്ന് സിഎൻഐ ചർച്ചിലെ ബിബി ബാസ്കി മുന്നറിയിപ്പ് നൽകി. പ്രതിഷേധ റാലിയിൽ വിവിധ ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തിരിന്നു.