കൊച്ചി : ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ മിഷനറിമാർക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും വർദ്ധിച്ചു വരുന്ന ആക്രമണങ്ങൾ വലിയ ആശങ്കയും ഭീതിയും വളർത്തുകയാണ്. ഈ ആക്രമണങ്ങൾക്ക് ഭരണകൂടങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ നൽകുന്നത് ഖേദകരമാണ്.
മതപരിവർത്തനം എന്ന ആരോപണമാണ് അക്രമങ്ങൾക്ക് മറയായി ഉയർത്തിക്കാട്ടുന്നത്. ഇന്ത്യയുടെ ഭരണഘടന ഉറപ്പുനല്കുന്ന മത സ്വാതന്ത്ര്യവും മൗലീക അവകാശങ്ങളും നിരന്തരം നിരാകരിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഭരണഘടനാ അവകാശ ദിനമായി ആചരിക്കുന്നത്.
എല്ലാ ഇടവകകളിലും രാവിലെ ദേശീയ പതാക ഉയർത്തുകയും ഭരണഘടനയുടെ ആമുഖം വായിച്ച് ഏറ്റുചൊല്ലുകയും ചെയ്തു . കെ എൽ സിഎയും മറ്റ് സാമൂഹിക സമുദായ സംഘടനകളും അൽമായ ശുശ്രൂഷ സമിതിയും ബിസിസി കേന്ദ്ര സമിതിയും ഇതിന് നേതൃത്വം നൽകി .