ന്യൂഡല്‍ഹി :രാജ്യത്തിന്റെ അഭിമാനത്തിൻ്റെ ഉത്സവമാണിതെന്നും കോടിക്കണക്കിന് സേനാനികളുടെ സ്വപ്ന സാക്ഷാത്കാരമാണ് സ്വാതന്ത്ര്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനയാണ് വഴികാട്ടി. സാങ്കേതിക രംഗത്തടക്കം കൈവരിച്ച നിർണ്ണായക നേട്ടങ്ങൾക്ക് ഈ ചെങ്കോട്ടയും സാക്ഷിയാണ് – പ്രധാനമന്ത്രി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിൽ വീര സൈനികർക്ക് മോദി ആദരമര്‍പ്പിച്ചു. നമ്മുടെ സൈനികർ തീവ്രവാദികൾക്ക് നല്ല മറുപടി നൽകി. അവരെ പിന്തുണക്കുന്നവർക്കും തക്ക ശിക്ഷ കൊടുത്തു. മതം ചോദിച്ച് തീവ്രവാദികൾ നിഷ്ക്കളങ്കരായ സഞ്ചാരികളെ വകവരുത്തുകയായിരുന്നു. സൈന്യത്തിന് സർക്കാർ പൂർണ്ണ സ്വാതന്ത്ര്യം നൽകി. പാക് തീവ്രവാദ കേന്ദ്രങ്ങൾ നമ്മുടെ സൈന്യം തകർത്തു.
അണുവായുധ ഭീഷണി മുഴക്കി ഇന്ത്യയെ വിരട്ടേണ്ട. ആ ബ്ലാക്ക് മെയിലിംഗ് നടപ്പാവില്ല. സിന്ധു നദീ ജല കരാറിൽ പുനരാലോചനയില്ല. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല. ഇന്ത്യയിലെ ജലത്തിന്റെ അധികാരം ഇവിടുത്തെ കർഷകർക്കാണ്-പ്രധാനമന്ത്രി പറഞ്ഞു . ശത്രുക്കളെ സംഹരിക്കാനും ഇന്ത്യാക്കാരെ സംരക്ഷിക്കാനുമുള്ള മിഷന് സുദര്‍ശന ചക്രയെക്കുറിച്ചും പ്രസംഗത്തില്‍ മോദി പറഞ്ഞു.
മെഗാ തൊഴിലവസര പദ്ധതികളുടെ പ്രഖ്യാപനവും മോദി ചെങ്കോട്ടയില്‍ നടത്തി. യുവാക്കൾക്കായുള്ള ഒരുലക്ഷം കോടിയുടെ പദ്ധതിക്ക് ഇന്ന് തുടക്കമാകും. മൂന്നര കോടി യുവാക്കൾക്ക് പ്രയോജനപ്പെടുമെന്ന് പ്രസംഗത്തില്‍ മോദി വ്യക്തമാക്കി.
തീരുവ വിഷയത്തില്‍ പരോക്ഷ പരാമർശവും മോദിയില്‍ നിന്നുണ്ടായി. സ്വന്തം കഴിവിലും വിഭവങ്ങളിലും വിശ്വസിക്കാം. ഡോളറിനെയും പൗണ്ടിനെയും മാത്രം ആശ്രയിക്കേണ്ടതില്ല. ഫൈറ്റർ ജെറ്റുകളുടെ എഞ്ചിനുകൾ ഇവിടെ നിർമ്മിക്കും. സൈബർ സുരക്ഷയിലും സ്വയം പര്യാപ്തത നേടും.ലോക വിപണി ഇന്ത്യ നിയന്ത്രിക്കുന്ന കാലം വിദൂരമല്ല. ആളുകളെ ജയിലിലിടുന്ന അനാവശ്യ നിയമങ്ങൾ ഒഴിവാക്കി. നിയമ രംഗത്തും പരിഷ്ക്കരണങ്ങൾ കൊണ്ടുവന്നു. അടുത്ത ഘട്ടം ജിഎസ്ടി പരിഷ്ക്കരണം ദീപാവലിയോടെ ഉണ്ടാകും. ദീപാവലി സമ്മാനമായിരിക്കും ജിഎസ്ടി പരിഷ്കരണം. ജിഎസ്ടി നിരക്കുകൾ കുറയ്ക്കും. സാധനങ്ങൾക്ക് വില കുറയും. മധ്യവർഗ ജീവിതം കൂടുതൽ ആയാസ രഹിതമാക്കും എന്നും പ്രധാനമന്ത്രി പറഞ്ഞു.
ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണം നടപ്പാക്കും. ജിഎസ്ടി നിരക്കുകൾ കുറയ്ക്കും. പുതിയ നികുതി വ്യവസ്ഥ, അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും. സാധാരണക്കാർക്ക് പ്രയോജനകരമാകുന്ന രീതിയിലാകും നികുതി പരിഷ്കരണമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. എം.എസ്.എം.ഇ മേഖലയെ ഉത്തേജിപ്പിക്കാനും നികുതി പരിഷ്കരണം സഹായിക്കും.
നിലവിലെ ജി.എസ്.ടി സംവിധാനത്തിൽ 0% മുതൽ 28% വരെ അഞ്ച് പ്രധാന നികുതി സ്ലാബുകളുണ്ട്. മിക്ക ഉൽപ്പന്നങ്ങൾക്കും 12%, 18% എന്നിവയാണ് സാധാരണ നിരക്കുകൾ. പുതിയ സംവിധാനം നടപ്പിലാക്കുന്നതിനായി കേന്ദ്രം സംസ്ഥാനങ്ങളുമായി കൂടിയാലോചനകൾ നടത്തിയതായും ഉടൻ പ്രാബല്യത്തിൽ വരുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ആർഎസ്എസിന്റെ നൂറ് വർഷത്തെ രാഷ്ട്ര സേവനം സമാനതകളില്ലാത്തതെന്നും സമർപ്പണത്തിന്റെ ഇതിഹാസമെന്നും മോദി പറഞ്ഞു. ഇനിയും മുൻപോട്ട് നീങ്ങാനുള്ള ഊർജ്ജമാണ് ആർഎസ് എസ് നൽകുന്നത്. മോദി പറഞ്ഞു.