കോഴിക്കോട്: കൊയിലാണ്ടി, ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായിക്കടവ് പാലത്തിൻ്റെ നിർമാണത്തിനിടെ മധ്യഭാഗത്തെ ബീം തകർന്നുവീണത് വിവാദമാകുന്നു. കോൺക്രീറ്റ് ജോലികൾ നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നിർമാണ തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു .
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി. 23.82 കോടി രൂപ ചെലവിൽ കിഫ്ബി ധനസഹായത്തോടെ നിർമിക്കുന്ന ഈ പാലത്തിൻ്റെ ചുമതല മലപ്പുറം ആസ്ഥാനമായുള്ള പിഎംആർ കൺസ്ട്രക്ഷൻ കമ്പനിക്കാണ്. 2023 ഓഗസ്റ്റ് മൂന്നിനാണ് മന്ത്രി റിയാസ് പാലത്തിൻ്റെ പണി ഉദ്ഘാടനം ചെയ്തത്.