എഡിറ്റോറിയൽ / ജെക്കോബി
വോട്ടുകൊള്ള എന്ന രാഹുല്‍ ഗാന്ധിയുടെ ഒരൊറ്റ പവര്‍പോയിന്റ് പ്രസന്റേഷന് രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെയും പ്രധാനമന്ത്രി മോദിയുടെയും ചങ്കിടിപ്പ് കൂട്ടുകയോ ഉറക്കംകെടുത്തുകയോ ചെയ്യുന്നില്ലെങ്കില്ത്തന്നെ ജനാധിപത്യബോധമുള്ള ഓരോ പൗരനെയും പിടിച്ചുലയ്ക്കേണ്ടതാണ്. കര്‍ണാടകയിലെ ഒരു നിയമസഭാമണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ മാത്രം ഒരുലക്ഷത്തില്പരം വോട്ടുകള്‍ കൃത്രിമമായി കൂട്ടിച്ചേര്‍ത്ത് ഒരു ലോക്സഭാ സീറ്റ് ജനവിധി അട്ടിമറിച്ചുകൊണ്ട് ബിജെപി പിടിച്ചെടുത്തത് എങ്ങനെയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ രേഖകള്‍ വച്ചുകൊണ്ടുതന്നെ സൂക്ഷ്മതയോടെ വിശദമായി വെളിപ്പെടുത്തുകയാണ് ലോക്സഭാ പ്രതിപക്ഷ നേതാവ്.
ചോറു വെന്തോ എന്നറിയാന്‍ കലത്തിലെ ഒന്നോ രണ്ടോ വറ്റെടുത്തുനോക്കിയാല് മതി എന്ന സ്ഥാലീപുലാകന്യായം, രാജ്യത്ത് പലയിടങ്ങളിലും ആസൂത്രിതമായി ‘വോട്ട്ചോരി’ നടന്നുവെന്ന ആരോപണം സ്ഥിരീകരിക്കുന്ന തെളിവുകളില്‍ തിളച്ചുമറിയുന്നുണ്ട്. വാരാണസിയില്‍ മോദിയും തൃശൂരില്‍ സുരേഷ് ഗോപിയും ജയിച്ചതെങ്ങനെ എന്ന അന്വേഷണങ്ങള്‍ക്ക് ഉദ്വേഗമേറുന്നത്, ‘അഭി പിക്ചര്‍ ബാക്കി ഹേ’ (കഥ കാണാനിരിക്കുന്നതേയുള്ളൂ) എന്ന രാഹുലിന്റെ രാഷ് ട്രീയ ടീസര്‍ അത്രമേല്‍ നടുക്കം സൃഷ്ടിക്കുന്നതും ഹരം കൊള്ളിക്കുന്നതും കൊണ്ടാണ്.
കര്‍ണാടകയില്‍ ബാംഗളൂര്‍ സെന്‍ട്രല്‍ ലോക്സഭാമണ്ഡലത്തില്‍ 2024-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അതില്പെടുന്ന ഏഴു നിയമസഭാമണ്ഡലങ്ങളില്‍ മികച്ച മുന്നേറ്റം നടത്തിയപ്പോള്‍, മഹാദേവപുര മണ്ഡലത്തില്‍ മാത്രം 1,14,046 വോട്ടിനു പിന്നിലാകുന്ന അവിശ്വസനീയ പ്രതിഭാസത്തെക്കുറിച്ചാണ് രാഹുല്‍ ഗാന്ധി നിയോഗിച്ച 40 അംഗ ടീം അന്വേഷിച്ചത്. ആറര ലക്ഷം വോട്ടര്‍മാരുള്ള ആ മണ്ഡലത്തിലെ വോട്ടര്‍പട്ടിക വിശകലനം ചെയ്തതില്‍, 1,00,250 വോട്ടുകളില്‍ തിരിമറി നടന്നതായി കണ്ടെത്തി. ഇരട്ടവോട്ടര്‍മാര്‍ (11,965), വ്യാജമോ അസാധുവോ ആയ വിലാസത്തിലുള്ള വോട്ടര്‍മാര്‍ (40,009), ഒരു വിലാസത്തില്‍ നിരവധി വോട്ടര്‍മാര്‍ (10,452), ഫോട്ടോ ഇല്ലാത്തവരും അവ്യക്തമായ ഫോട്ടോ പതിച്ചവരും (4,132), കന്നിവോട്ടര്മാര്ക്കായുള്ള ഫോം 6 ദുരുപയോഗം ചെയ്തവര്‍ (33,692) എന്നിങ്ങനെ അഞ്ചുതരത്തിലാണ് വോട്ടര്‍മാരെ പെരുപ്പിച്ചത്.
ഡൂപ്ലിക്കേറ്റ് വോട്ടര്‍മാരില്‍ കര്‍ണാടകയിലെ രണ്ടു പോളിങ് ബൂത്തിലും മഹാരാഷ് ട്രയിലും ഉത്തര്‍പ്രദേശില്‍ ലഖ്നൗവിലും വാരാണസിയിലും വോട്ടുള്ള ഒരാളുണ്ട്. കന്നിവോട്ടര്‍മാരുടെ കൂട്ടത്തില്‍ 70 വയസുള്ള ഒരു സ്ത്രീക്ക് മൂന്നു ബൂത്തില്‍ വോട്ടുണ്ട്, അവരുടെ ഭര്‍ത്താവിന് രണ്ടിടത്തും. 98, 95 വയസുള്ളവരൊക്കെ ഫോം 6 വഴി പട്ടികയില്‍ ചേര്‍ക്കപ്പെട്ടു. ഒരു ഒറ്റമുറി വീട്ടില്‍ പല ജാതിക്കാരായ 80 വോട്ടര്‍മാരുടെ പേരു ചേര്‍ത്തിരുന്നു. ബെംഗളൂരുവിലെ 153 ബിയര്‍ ക്ലബ് ബ്രൂവറിയുടെ വിലാസത്തില്‍ 68 വ്യാജ വോട്ടര്‍മാരാണുള്ളത്. ചിലരുടെ വിലാസത്തിലെ വീട്ടുനമ്പര്‍ കുറെ പൂജ്യങ്ങള്‍ മാത്രമാണ്, അച്ഛന്റെ പേരിന്റെ കോളത്തില്‍ പലയിടത്തും കാണുന്നത് അക്കങ്ങളും എക്സ് വൈ സെഡ്, എല്‍ എം എന്‍ ഒ പി തുടങ്ങിയ ഇംഗ്ലീഷ് ലിപികളുമാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന രാജീവ് കുമാറിന്റെ ഉര്‍ദു ശായരിയെക്കാള് വലിയ അസംബന്ധമല്ലേ അദ്ദേഹത്തിന്റെ കാലത്തെ ഈ വ്യാജനിര്‍മിതികള്‍!
കര്‍ണാടകയില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത തോല്‍വിയുണ്ടായ ഏഴു ലോക്സഭാ മണ്ഡലങ്ങളിലൊന്നാണ് ബാംഗളൂര്‍ സെന്‍ട്രല്‍ എന്ന് രാഹുല്‍ ഗാന്ധി പറയുന്നു. മധ്യപ്രദേശിലും ഹരിയാനയിലും മഹാരാഷ്ട്രയിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് ഉറപ്പായിരുന്ന സാഹചര്യത്തിലും എല്ലാ പോളിങ് സര്‍വേ കണക്കുകൂട്ടലും തെറ്റിച്ച് ബിജെപി അധികാരത്തിലേറുകയായിരുന്നു. അവിടെയെല്ലാം തങ്ങള്‍ക്ക് സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കോടതിയില്‍ പോലും വ്യക്തമായ ഡേറ്റ നല്കാന് വിസമ്മതിക്കുന്നതിനാല്‍ ആധികാരികമായ തെളിവുകള്‍ ഹാജരാക്കാന്‍ ബുദ്ധിമുട്ടുകയായിരുന്നു.
മഹാരാഷ് ട്രയില്‍ 2024 മേയിലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന മഹായുതി സഖ്യം പിന്നിലായതിനു ശേഷം നാലു മാസത്തിനിടെ അസംബ്ലി തിരഞ്ഞെടുപ്പിന് ഒരു കോടി വോട്ടര്‍മാര്‍ പെരുകിയതും, പോളിങ് സമയം കഴിഞ്ഞുള്ള വോട്ടെടുപ്പില്‍ 76 ലക്ഷം വോട്ടുകളുടെ കുതിപ്പുണ്ടായതും പരിശോധിക്കുന്നതിന് വോട്ടര്‍പട്ടികയുടെ മെഷിന് റീഡബിള്‍ ഡിജിറ്റല്‍ പകര്‍പ്പ് ഒരു കാരണവശാലും നല്‍കാനാവില്ലെന്ന നിലപാടിലാണ് രാജ്യത്തെ ഇലക് ഷന് കമ്മിഷന് (ഇസിഐ). പോളിങ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങളും വെബ്കാസ്റ്റ് ഫുടേജും 45 ദിവസം കഴിഞ്ഞാല്‍ നശിപ്പിച്ചുകളയാനാണ് കല്പന.
ഓപ്റ്റിക്കല്‍ കാരക്റ്റര്‍ റെകഗ്നിഷന്‍ (ഒസിആര്‍) കൊണ്ട് നിമിഷങ്ങള്‍ക്കകം പരിശോധിച്ച് വിശകലനം ചെയ്തു ബോധ്യപ്പെടാവുന്ന വോട്ടര്‍പട്ടികയുടെ ഡിജിറ്റല്‍ പകര്‍പ്പിനു പകരം, കംപ്യൂട്ടറില്‍ വായിക്കാന്‍ പറ്റാത്ത ബള്‍ക്ക് ഇമേജ് പിഡിഎഫ് പ്രിന്റ് നല്‍കിയാണ് ചോദ്യങ്ങള്‍ ഉന്നയിക്കുന്ന പാര്‍ട്ടികളെ ഇസിഐ വട്ടംകറക്കുന്നത്. മഹാദേവപുര മണ്ഡലത്തിലെ വോട്ടര്‍പട്ടികയുടെ പകര്‍പ്പ് ഏഴ് അടി ഉയരത്തിലുള്ള മൂന്നു കെട്ടുകളുണ്ടായിരുന്നു. അതു മുഴുവന്‍ പരതി വേണമായിരുന്നു ഒരു ലക്ഷത്തില്‍പരം വ്യാജവോട്ടര്‍മാരെ ഓരോരുത്തരെ തിരിച്ചറിഞ്ഞ് അടയാളപ്പെടുത്താന്‍. കോണ്‍ഗ്രസ് അന്വേഷകസംഘം ആറു മാസം കൊണ്ടാണ് പട്ടികയിലെ കൃത്രിമങ്ങള്‍ അക്കമിട്ട് നിരത്തി, വ്യാജവിലാസങ്ങളില്‍ നേരിട്ട് ചെന്ന് പരിശോധിച്ച്, ആര്‍ക്കും പിടികിട്ടുകയില്ലെന്ന് ഇസിഐയും കേന്ദ്രത്തിലെ ഭരണകക്ഷിയും കരുതിയിരുന്ന ‘അതിനിഗൂഢമായ കള്ളക്കളികളുടെ’ ഒരു തുമ്പെങ്കിലും പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
ആസൂത്രിതവും സംഘടിതവുമായ വോട്ടുകൊള്ള രാജ്യവ്യാപകമായി നടക്കുന്നുവെന്നാണ് രാഹുല്‍ ഗാന്ധിയും രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ ‘ഇന്ത്യ’ സഖ്യവും ഏതാനും ദിവസമായി പാര്‍ലമെന്റിലും പുറത്തും വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത്. മോദി മൂന്നാംവട്ടം പ്രധാനമന്ത്രിയായത് ’25 സീറ്റു കൊണ്ടാണെന്നും’ അവര്‍ എടുത്തുകാട്ടുന്നുണ്ട്. വോട്ടുകൊള്ള നടന്നതായി ഉറപ്പിച്ചുപറയാവുന്ന 48 ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ ഘട്ടംഘട്ടമായി പുറത്തുകൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ, പ്രധാനമന്ത്രി മോദിയുടെ മണ്ഡലമായ വാരാണസിയില്‍ വോട്ട്ചോരി വിവാദം കനക്കുകയാണ്.
കര്‍ണാടകയിലെ വോട്ടര്‍പട്ടികയില്‍ നിന്നുള്ളയാള്‍ വോട്ടറായി അവതരിച്ച വാരാണസിയിലെ കന്റോണ്‍മെന്റ് അസംബ്ലി മണ്ഡലത്തിലെ തുള്സിപുരിലെ ആര്‍എസ്എസ് വക കോളജ് കേന്ദ്രീകരിച്ചും മറ്റും പലയിടങ്ങളില്‍ നിന്നുള്ള ആയിരകണക്കിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കള്ളവോട്ടു ചെയ്തിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റ് അജയ് റായ് ആരോപിക്കുന്നു. വോട്ടര്‍പട്ടികയിലെ കൃത്രിമവും സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുരുപയോഗവും കൊണ്ടാണ് വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളില്‍ പിന്നിലായിരുന്ന മോദിയെ ‘ജയിപ്പിച്ചെടുത്തതെന്നും’ എതിര്‍സ്ഥാനാര്‍ഥിയായിരുന്ന റായ് പറയുന്നു.
മിണ്ടാപ്രേതങ്ങളെ പോലെ കള്ളവോട്ടര്‍മാരുടെ സഹസ്രഗണത്തെ ആവാഹിച്ചുവരുത്തി വോട്ടര്‍പട്ടികയില്‍ സന്നിവേശിപ്പിക്കുന്ന സംഘടിത കുറ്റകൃത്യത്തിലാണ് കോണ്‍ഗ്രസിന്റെ ‘വോട്ട്ചോരി ഡോട്ട് ഇന്‍’ വെബ്പേജും ക്യാംപെയ്ന് പ്ലാറ്റ്ഫോമും ഫോക്കസ് ചെയ്യുന്നതെങ്കില്‍, നവംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കേണ്ട ബിഹാറില്‍ ഇലക് ഷന് കമ്മിഷന് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന സ്പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) എന്ന സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണം ഒറ്റയടിക്ക് ഒരു കോടിയോളം സമ്മതിദായകരെ വെട്ടിമാറ്റുന്ന അഭൂതപൂര്‍വമായ സാഹസമാണ്.
ഇന്ത്യയിലെ തിരഞ്ഞെടുപ്പു ചരിത്രത്തില്‍ ഇന്നേവരെ ഇത്രയെറെ വോട്ടര്‍മാരെ ഒരു സംസ്ഥാനത്തെയും വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ലോകത്തില്‍ ഒരു ജനാധിപത്യരാജ്യത്തും ഇത്രത്തോളം പൗരരുടെ വോട്ടവകാശം ഇത്രയും സംശയകരമായ രീതിയില്‍ റദ്ദാക്കപ്പെട്ടിട്ടുണ്ടാവില്ല. ഏറ്റവും ദുര്‍ബലരായവരെ, ദരിദ്രരെ, നിരക്ഷരരെ, സ്ത്രീകളെ, ന്യൂനപക്ഷങ്ങളെ, കീഴാളരെ ജനാധിപത്യം പരാജയപ്പെടുത്തുകയാണ്, വന്‍തോതിലുള്ള സമ്മതിദാനാവകാശ നിഷേധത്തിലൂടെ.
മണ്‍സൂണ്‍ പ്രളയദുരിതങ്ങള്ക്കിടയില് മഹാഭൂരിപക്ഷം ദരിദ്രവിഭാഗങ്ങളെക്കൊണ്ട് എന്യൂമറേഷന് ഫോം പൂരിപ്പിക്കാനും പൗരത്വം തെളിയിക്കുന്നതിന് കമ്മിഷന് നിര്‍ദേശിക്കുന്ന തിരിച്ചറിയല്‍ രേഖയും ഫോട്ടോയും മാതാപിതാക്കളുടെ ജനന സര്‍ട്ടിഫിക്കറ്റും സഹിതം ഓണ്‍ലൈനായി അപ് ലോഡ് ചെയ്യിക്കാനും ബൂത്തുതല ഓഫിസര്‍മാര്‍ വീടുകള്‍ കയറിയിറങ്ങുമെന്നായിരുന്നു അറിയിപ്പ്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം ജനുവരിയില്‍ തീവ്ര പരിഷ്കരണം നടത്തിയ വോട്ടര്‍പട്ടികയില്‍ 7.89 കോടി വോട്ടര്‍മാരുണ്ടായിരുന്നു. എസ്ഐആര്‍ എന്യൂമറേഷന് പൂര്‍ത്തിയാക്കി കമ്മിഷന് ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച പുതിയ കരട് വോട്ടര്‍പട്ടികയില്‍ 7.24 കോടി വോട്ടര്‍മാരാണുള്ളത് – 65 ലക്ഷം പേരെ (മൊത്തം വോട്ടര്‍മാരുടെ 8.5 ശതമാനം) ഒറ്റയടിക്ക് ഉന്മൂലനം ചെയ്തു. നിലവിലുണ്ടായിരുന്ന പട്ടികയിലെ 22 ലക്ഷം പേര് മരിച്ചതായി സ്ഥിരീകരിച്ചു, ഏഴു ലക്ഷം പേര് ഒന്നിലേറെ തവണ പേരുചേര്ക്കപ്പെട്ടവരായിരുന്നു, 36 ലക്ഷം പേര് സംസ്ഥാനത്തിനു പുറത്തേക്ക് കുടിയേറിയവരാണെന്നും കമ്മിഷന് വിശദീകരിക്കുന്നു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ ജനസംഖ്യാ സര്‍വേ പ്രകാരം, എസ്ഐആര്‍ പ്രഖ്യാപനത്തിനു മുന്‍പ് ബിഹാറിലെ പ്രായപൂര്‍ത്തിയായവരുടെ സംഖ്യ 8.16 കോടിയും വോട്ടര്‍മാര്‍ 7.9 കോടിയുമായിരുന്നു. പ്രായപൂര്‍ത്തിയായവരും വോട്ടര്‍മാരും തമ്മിലുള്ള അനുപാതം 97 ശതമാനം. 2025 ജൂലൈയില്‍ പ്രായപൂര്‍ത്തിയായവരുടെ സംഖ്യ 8.18 കോടിയും, എന്‍ റോള്‍ ചെയ്ത വോട്ടര്‍മാരുടെ സംഖ്യ 7.24 കോടിയുമായി.
പുതിയ കരട് വോട്ടര്‍പട്ടികയില്‍ 94 ലക്ഷം വോട്ടര്‍മാര്‍ ‘അപ്രത്യക്ഷരായി.’ വോട്ടര്‍-പ്രായപൂര്‍ത്തിയായവരുടെ ജനസംഖ്യ അനുപാതം 97ല്‍ നിന്ന് 88 ശതമാനമായി കുറഞ്ഞു. 25 ലക്ഷം വോട്ടര്‍മാര്‍ അധികം കാണേണ്ടിടത്ത്, 69 ലക്ഷം വോട്ടര്‍മാരുടെ കുറവുണ്ടായിരിക്കുന്നു. എന്യുമറേറ്റര്മാര് 7.9 വോട്ടര്‍മാരുടെ വീടുകള്‍ കയറിയിറങ്ങിയിട്ടും പുതുതായി ഒരു വോട്ടറെയും ചേര്‍ക്കാന്‍ കഴിഞ്ഞില്ല എന്നത് അദ്ഭുതകരമാണ്.
വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ചട്ടങ്ങള്‍ അനുശാസിക്കുന്നില്ലെന്നാണ് ഇസിഐ സുപ്രീം കോടതിയെ അറിയിച്ചത്. ‘ബൂത്തുതല ഓഫിസര്‍മാര്‍ ശുപാര്‍ശ ചെയ്തില്ല’ എന്ന കാരണത്താല്‍ ഒട്ടേറെപ്പേരെ ഒഴിവാക്കിയതായി പറയുന്നു. എന്തുകൊണ്ടാണ് ശുപാര്‍ശ ചെയ്യാതിരുന്നതെന്നതിന് വിശദീകരണമൊന്നുമില്ല. സംസ്ഥാനത്തെ നാല് അതിര്‍ത്തി ജില്ലകളിലെ മുസ് ലിം ഭൂരിപക്ഷ മേഖലകളില്‍ നിന്ന് ആയിരകണക്കിന് വോട്ടര്‍മാരെ വെട്ടിനീക്കിയതായി പ്രതിപക്ഷം ആരോപിക്കുന്നു.
നീക്കം ചെയ്യപ്പെട്ടവരുടെ പേരുകളുടെ പട്ടിക കമ്മിഷന് പുറത്തുവിടാത്തതിനാല്‍ അവരുടെ മതവും ജാതിയും തിരിച്ചുള്ള കണക്കുകള്‍ സ്ഥിരീകരിക്കാനാവുകയില്ല. സംസ്ഥാനത്തെ ഏക മുസ് ലിം ഭൂരിപക്ഷ ജില്ലയായ കിഷന്‍ഗഞ്ചില്‍ വോട്ടര്‍മാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പട്നയില്‍ 3.95 ലക്ഷം വോട്ടര്‍മാരെ ഒഴിവാക്കി; കിഴക്കേ ചംപാരണ്‍, മധുബനി, ഗോപാല്‍ഗഞ്ച് ജില്ലകളില്‍ 3 ലക്ഷം വോട്ടര്‍മാര്‍ വീതം കുറഞ്ഞിട്ടുണ്ട്. പത്തു ജില്ലകളില്‍ രണ്ടു ലക്ഷം വോട്ടര്‍മാര്‍ വീതം കുറഞ്ഞു, 13 ജില്ലകളില്‍ ഒരു ലക്ഷം വീതവും. 29.62 ലക്ഷം വോട്ടര്‍മാര്‍ ഫോം പൂരിപ്പിച്ചുനല്കിയില്ലെന്നും 43.93 ലക്ഷം വോട്ടര്‍മാര്‍ അവരുടെ വിലാസത്തില്‍ കാണപ്പെട്ടില്ലെന്നും, വിവിധ സംസ്ഥാനങ്ങളിലായി 246 പത്രങ്ങളില്‍ പരസ്യം നല്‍കിയിട്ടും 35 ലക്ഷം പ്രവാസി തൊഴിലാളികളെക്കുറിച്ച് വിവരമൊന്നുമില്ലെന്നും ഇസിഐ പറയുന്നു.
എസ്ഐആര്‍ കരട് പട്ടികയില്‍ മരിച്ചതായി രേഖപ്പെടുത്തിയ ഒരു സ്ത്രീയും പുരുഷനും സുപ്രീം കോടതിയില്‍ നേരിട്ടു ഹാജരായി. പട്ടികയില്‍ 124 വയസുള്ള മിന്താ ദേവി എന്ന വോട്ടറുള്ളത് ഡല്‍ഹിയിയില്‍ പ്രതിപക്ഷ എംപിമാര്‍ വെള്ള ടിഷര്ട്ടില് പ്രിന്റ് ചെയ്ത് ‘വോട്ട്ചോരി’ പ്രതിഷേധത്തിന്റെ ഹൈലൈറ്റാക്കി. ദരൗന്താ അസംബ്ലി മണ്ഡലത്തിലെ അര്ജാനിപുര് ഗ്രാമത്തിലെ മുപ്പത്തിനാലുകാരിക്കാണ് 124 വയസ് ഇസിഐ ചാര്‍ത്തികൊടുത്തത്. തങ്ങളുടെ ഗ്രാമത്തില്‍ ഒരു ബിഎല്‍ഒയും വന്നില്ലെന്നും ചുറ്റുവട്ടത്തുമുള്ള നിരവധി ആളുകളുടെ പടവും പേരും ലിംഗവുമൊക്കെ കരടു പട്ടികയില്‍ മാറിപ്പോയിട്ടുണ്ടെന്നും മിന്താ ദേവിയുടെ കുടുംബം പറയുന്നു. പട്ടികയിലെ എണ്ണമറ്റ പൊരുത്തക്കേടുകള്‍ ബിബിസി പോലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എസ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ സുപ്രീം കോടതി വാദം കേള്‍ക്കുന്നുണ്ട്. ബിഹാറില്‍ സെപ്റ്റംബര്‍ ഒന്നിന് ഇന്ത്യ സഖ്യത്തിന്റെ 16 ദിവസത്തെ ‘വോട്ട് അധികാര്‍ യാത്ര’ രാജീവ് ഗാന്ധി നയിക്കും. എസ്ഐആര്‍-വോട്ട്ചോരി വിവാദങ്ങള്‍ ബിഹാര്‍ തിരഞ്ഞെടുപ്പ് രംഗം കൊഴുപ്പിക്കുമെന്ന് തീര്‍ച്ച.
ഛത്തീസ്ഗഡില്‍ രണ്ടു കന്യാസ്ത്രീകള്‍ അന്യായമായി ജയിലില്‍ അടയ്ക്കപ്പെട്ടപ്പോള്‍ എവിടെയോ മുങ്ങിനടന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വീണ്ടും തൃശൂരില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മൗനവ്രതം തുടരുകയാണത്രെ. തൃശൂരിലെ ചരിത്രം തിരുത്തിയ ബിജെപിയുടെ തിരഞ്ഞെടുപ്പു വിജയത്തിനു പിന്നിലെ വിസ്മയകരമായ 1,19,508 വോട്ടുവര്‍ധനയുടെ രോമാഞ്ചകഥകള് എവര്‍ ബ്രെയ്ക്കിങ് സ്റ്റോറിയായി ടിവി ചാനലുകള്‍ പെരുപ്പിക്കുമ്പോള്‍, പഴയ ഡയലോഗുകള്‍ ഇടനെഞ്ചില്‍ കിടന്നുവിങ്ങുകയാവും. വോട്ട്ചോരിയുടെ തിരക്കഥയെഴുതിവര് ഇതു വല്ലതും അറിയുന്നുണ്ടോ!